ഗവേഷണ സ്ഥാപനങ്ങള്‍

വി.എസ്.എസ്.സി
ഐ.എസ്.ആര്‍ .ഒ
അന്തരീക്ഷ നിരീക്ഷണ കേന്ദ്രം
റീജിയണല്‍ റിസര്‍ച്ച് ലബോറട്ടറി
സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ്
സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്
ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്‍ഡന്‍ & റിസര്‍ച്ച് സെന്റര്‍
വെളളായണി കാര്‍ഷിക ഗവേഷണ കേന്ദ്രം
മരിച്ചീനി ഗവേഷണ കേന്ദ്രം
രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി
ആര്‍ക്കിയോളജി വകുപ്പ്
കേരള ചരിത്ര ഗവേഷണകേന്ദ്രം
ഇരയിമ്മന്‍ തമ്പി ഗവേഷണകേന്ദ്രം
ഹിന്ദുസ്ഥാന്‍ ലാറ്റക്സ് - റിസര്‍ച്ച് & ഡവലപ്പ്മെന്റ് സെന്റര്‍
ശാസ്ത്രഭവന്‍ , പട്ടം

വി.എസ്.എസ്.സി
ഭാരത ബഹിരാകാശ ഗവേഷണസംഘടനയുടെ (ഐ.എസ്.ആര്‍.ഒ) പ്രധാന കേന്ദ്രമായ വിക്രം സാരാഭായ് സ്പേസ് സെന്‍റര്‍ തിരുവനന്തപുരം നഗരത്തില്‍ നിന്നും 15 കി.മീറ്റര്‍ വടക്കു പടിഞ്ഞാറുമാറി വേളി കുന്നിലും കുന്നിന്റെ പടിഞ്ഞാറ് കടല്‍ക്കരയിലെ വിസ്തൃതമനോഹരമായ തുമ്പയിലുമായി വ്യാപിച്ചു കിടക്കുന്നു. കാന്തിക ഭൂമധ്യരേഖയില്‍ നിന്ന് ഇരുപത്തിനാലു മിനിട്ട് (ഒരു ഡിഗ്രിയുടെ 2/5 ഭാഗം) തെക്കുമാറിയാണ് തുമ്പയുടെ സ്ഥാനം. അതുകൊണ്ടാണ് ഭാരതത്തിലെ ആദ്യ റോക്കറ്റു വിക്ഷേപണത്തറയായി ഈ സ്ഥലം തെരഞ്ഞെടുക്കപ്പെട്ടത്. 1963 നവംബര്‍ 21-നാണ് തുമ്പയിലെ ഇക്വിറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷന്‍ (റ്റെര്‍ലസ്) നിലവില്‍ വന്നത്. 1968 ഫെബ്രുവരി 2 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഈ മഹാസ്ഥാപനം ഐക്യരാഷ്ട്രസംഘടനയ്ക്ക് സമര്‍പ്പിച്ചതോടെ യു.എന്‍.ഒ യിലെ എല്ലാ അംഗരാഷ്ട്രങ്ങള്‍ക്കും ഈ കേന്ദ്രം ഉപയോഗിക്കാമെന്ന വ്യവസ്ഥ നിലവില്‍ വന്നു.

ഐ.എസ്.ആര്‍.ഒ

നഗരത്തിന് പുറത്താണ് സ്ഥിതി ചെയ്യുന്നതെങ്കിലും തിരുവനന്തപുരത്തോട് ചേര്‍ത്ത് പറയുന്ന അഖിലേന്ത്യാ പ്രാധാന്യമുള്ള ഗവേഷണ സ്ഥാപനമാണ് ഐ.എസ്.ആര്‍.ഒ. ഭാരത ബഹിരാകാശ ഗവേഷണസംഘടനയുടെ ഈ പ്രധാന കോംപ്ലക്സ് നെടുമങ്ങാട് ടൌണിന്റെ പ്രാന്തത്തിലുള്ള വലിയമലയില്‍ സ്ഥാപിതമായിരിക്കുന്നു. വലിയ റോക്കറ്റുകളുടെ നിര്‍മ്മാണവും പരിശോധനയും ദ്രവ ഇന്ധനത്തിന്റെ വികസനവും മറ്റും ഇവിടെ നടന്നു വരുന്നു. ഒപ്പം പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് റോക്കറ്റിന്റെയും മറ്റും നിര്‍മ്മാണവും നടക്കാറുണ്ട്.

അന്തരീക്ഷ നിരീക്ഷണ കേന്ദ്രം

നിശ്ചിത മേഖലകളില്‍ പ്രത്യേക സമയങ്ങളിലെ താപനില, ആര്‍ദ്രത, വായുമര്‍ദ്ദം, കാറ്റിന്റെ ദിശയും വേഗവും തുടങ്ങിയവ അളന്നു നിര്‍ണയിക്കുകയും ഇവമൂലം അന്തരീക്ഷത്തിനുണ്ടാവുന്ന ഭാവഭേദങ്ങളെ നിരീക്ഷിച്ചു വിശകലനം നടത്തുകയും ചെയ്യുന്ന സ്ഥാപനം. കാലാവസ്ഥ സൂചനകള്‍ക്കും അന്തരീക്ഷ വിജ്ഞാന സംബന്ധമായ മറ്റു പഠനങ്ങള്‍ക്കും അടിസ്ഥാനം ഇത്തരം നിരീക്ഷണ കേന്ദ്രങ്ങള്‍ വഴി ശേഖരിക്കുന്ന വിവരങ്ങളാണ്. ഇന്ത്യയില്‍ 5 തരം അന്തരീക്ഷ നിരീക്ഷണ കേന്ദ്രങ്ങളുണ്ട്. അവയിലൊന്നാണ് തിരുവനന്തപുരത്തേത്.

റീജിയണല്‍ റിസര്‍ച്ച് ലബോറട്ടറി
ഭാരതത്തിലെ റീജിയണല്‍ റിസര്‍ച്ച് ലബോറട്ടറികളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് തിരുവനന്തപുരത്ത് പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അധീനതയിലുള്ള റീജിയണല്‍ റിസര്‍ച്ച് ലബോറട്ടറി. ജനനന്മയ്ക്കും വികസനത്തിനുമുതകും വിധം പുതിയ ടെക്നോളജിയും മറ്റു ശാസ്ത്രീയ സങ്കേതങ്ങളും വികസിപ്പിച്ചെടുക്കുകയാണ് ഈ ലബോറട്ടറിയുടെ ലക്ഷ്യം. നിരവധി ഏക്കറുകളിലായി പരന്നു കിടക്കുന്ന നിരവധി ബഹുനിലകെട്ടിടങ്ങളില്‍ വിവിധ മേഖലകളില്‍ പുരോഗതിക്കുപകരിക്കുന്ന നിരവധി ഗവേഷണനിരീക്ഷണങ്ങള്‍ നടന്നു പോരുന്നു. ഗവേഷണ ഫലങ്ങള്‍ വ്യാവസായികമായി വികസിപ്പിക്കുന്നതിനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.

സെന്‍റര്‍ ഫോര്‍ ഡവലപ്മെന്‍റ് സ്റ്റഡീസ്
ശാസ്ത്രസാഹിത്യ ഗവേഷണരംഗങ്ങളില്‍ കേന്ദ്രീകൃതശ്രദ്ധ ചെലുത്തുന്നതിനായി ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് അനുസരിച്ച് 1970-ല്‍ സര്‍ക്കാര്‍ രൂപം കൊടുത്ത സ്വയംഭരണ സ്ഥാപനമാണ് സെന്‍റര്‍ ഫോര്‍ ഡവലപ്മെന്‍റ് സ്റ്റഡീസ്. പ്രസ്തുത സ്ഥാപനം വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലും പുറത്തുമുള്ള സര്‍വ്വകലാശാലകള്‍, ശാസ്ത്രസാങ്കേതിക ഗവേഷണസ്ഥാപനങ്ങള്‍, ആസൂത്രണ വികസന ഏജന്‍സികള്‍ എന്നിവകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഭരണരംഗത്തും വിദ്യാഭ്യാസമേഖലയിലും ധനതത്വശാസ്ത്രത്തിലും വൈദഗ്ദ്ധ്യം നേടിയ ഏഴംഗങ്ങളടങ്ങുന്ന ഒരു ഗവേണിംഗ് ബോഡിയാണ് നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്. അക്കാദമിക് കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് അക്കാദമിക് കൌണ്‍സിലും രജിസ്ട്രാറും ലൈബ്രേറിയനും വിദ്യാര്‍ത്ഥി പ്രതിനിധികളടങ്ങുന്ന കമ്മറ്റിയുമാണ് ചുമതലപ്പെട്ടിരിക്കുന്നത്.
വിലാസം:സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ്, ഉള്ളൂര്‍, തിരുവനന്തപുരം
ഫോണ്‍: 04712442116,2448412
ഫാക്സ്: 0471-2447137

സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്

ആക്കുളം ബോട്ടുജെട്ടിക്ക് സമീപമാണ് ഈ ഭൂമിശാസ്ത്ര പഠനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. വിവിധ മേഖലകളുമായി ബന്ധപ്പെട്ടതും ശാസ്ത്രീയാടിസ്ഥാനത്തിലുള്ളതുമായ ഗവേഷണപരീക്ഷണങ്ങള്‍ക്ക് ഇവിടെ വേദിയൊരുക്കുന്നു. കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലേയും വിഭവസമാഹരണ ഭൂപടം നിര്‍മ്മിക്കുന്ന ജോലിയും സെന്‍ററിന്‍റേതാണ്.
വിലാസം:- സെന്‍റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (സെസ്), ആക്കുളം, തിരുവനന്തപുരം.
ഫോണ്‍: 04712442187, 2442451, 2442452, 2442453, 2442454.
ഫാക്സ്:         0471-2442280
ഇ മെയില്‍:    cessregr@vsnl.net
വെബ്സൈറ്റ്: www.cessind.org
 

ട്രോപ്പിക്കല്‍ ബോട്ടാണിക് ഗാര്‍ഡന്‍ & റിസര്‍ച്ച് സെന്‍റര്‍
ഭാരതസര്‍ക്കാരിന്റേയും കേരള ഗവണ്‍മെന്റിന്റേയും ഒരു സംയുക്ത സംരംഭമാണ് പാലോട് പ്രവര്‍ത്തിക്കുന്ന ദേശീയ സസ്യോദ്യാനവും ഗവേഷണ കേന്ദ്രവും. മധ്യരേഖാ പ്രദേശങ്ങളിലും മൈസൂര്‍ വനപ്രദേശങ്ങളിലും മറ്റും കാണുന്നതും അന്യം നിന്നുപോകാന്‍ സാധ്യതയുള്ളതുമായ അനേകം സസ്യങ്ങളെ ഈ കേന്ദ്രത്തില്‍ ശാസ്ത്രീയമായി വളര്‍ത്തി സംരക്ഷിക്കുകയും അവയെപ്പറ്റി ഗവേഷണം നടത്തുകയും ചെയ്യുന്നു. ലോകത്തിലെ അതിപ്രധാനമായ ഒരു ഗവേഷണ കേന്ദ്രമാണിത്. തിരുവനന്തപുരം ചെങ്കോട്ട റോഡിനു കിഴക്ക് മാറി ഈ ഗവേഷണകേന്ദ്രം നിലകൊള്ളുന്നു. ഇത്തരം ഒരു കേന്ദ്രത്തിന് പറ്റിയ സ്ഥലം അഗസ്ത്യവനത്തിനടുത്തുള്ള പാലോടു വനപ്രദേശമാണെന്ന് കണ്ടതുകൊണ്ടാണ് ഇവിടെ പ്രവര്‍ത്തനമാരംഭിച്ചത്.
ഫോണ്‍:-0472-2869246, 2869226
ഫാക്സ്:-0472 -2869646
ഇ മെയില്‍:    director_tbgr@rediffmail.com
വെബ്സൈറ്റ്:   www.tbgri.in/
 

വെളളായണി കാര്‍ഷിക ഗവേഷണകേന്ദ്രം  

വെള്ളായണി കാര്‍ഷിക ഗവേഷണകേന്ദ്രം
ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ നിന്നകന്ന് പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ വെള്ളായണിക്കായലിന്റെ തെക്കേക്കരയിലെ വിശാലതയില്‍ നിലകൊള്ളുന്ന കാര്‍ഷികകോളേജില്‍ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിനും വിത്തുല്‍പ്പാദനത്തിനും മറ്റുമായി വിവിധയിനം കാര്‍ഷികവിളകള്‍ ശാസ്ത്രീയമായ രീതിയില്‍ കൃഷി ചെയ്തു പോരുന്നു. ഗവണ്‍മെന്റിന്റെ കാര്‍ഷിക വകുപ്പുമായി സഹകരിച്ച് പുതിയ ഇനം കൃഷിരീതികള്‍ സാമാന്യ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതില്‍ കാര്‍ഷികകോളേജ് വഹിക്കുന്ന പങ്ക് നിര്‍ണ്ണായകമാണ്.

മരച്ചീനി ഗവേഷണകേന്ദ്രം
തെക്കേ അമേരിക്കയിലെ ബ്രസീലിലാണ് മരച്ചീനിയുടെ ഉത്ഭവകേന്ദ്രം. വിശാഖം തിരുനാള്‍ മഹാരാജാവാണ് മരച്ചീനി ഇവിടെ കൊണ്ടുവരുകയും കൃഷി വികസിപ്പിക്കുകയും ചെയ്തത്. ശ്രീകാര്യത്തെ മരച്ചീനി ഗവേഷണകേന്ദ്രം മരച്ചീനിക്കൃഷിയുടെ വളര്‍ച്ചയ്ക്ക് നൂതനമായ പല ഗവേഷണങ്ങളും ആവിഷ്ക്കരിച്ചുപോരുന്നുണ്ട്.

രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി

തിരുവനന്തപുരത്ത് പൂജപ്പുരയിലാണ് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി എന്ന മഹത്തായ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഡി എന്‍ എ പരിശോധന നടത്താന്‍ കഴിയുന്ന കേരളത്തിലെ ഏകസ്ഥാപനമാണ് ജനിതകശാസ്ത്ര മേഖലയില്‍ പരീക്ഷണ-ഗവേഷണപഠനങ്ങള്‍ നടത്തുന്ന രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി. സമീപകാലത്ത് ഈ സ്ഥാപനം കേന്ദ്ര ഗവണ്‍മെന്റ് ഏറ്റെടുക്കുകയുണ്ടായി.
ഫോണ്‍: 0471 2345899, 2347973, 2348753
വെബ് സൈറ്റ്: www.rgcb.res.in

ആര്‍ക്കിയോളജി വകുപ്പ്
കേരളത്തില്‍ പുരാവസ്തു ഗവേഷണ വകുപ്പാരംഭിച്ചിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. തിരുവിതാംകൂര്‍ ചീഫ് സെക്രട്ടറിയായിരുന്ന പി.താണുപിളളയും പ്രൊഫ.പി.സുന്ദരംപിളളയുമാണ് ഈ വകുപ്പിനു തുടക്കം കുറിച്ചത്. തിരുവിതാംകൂര്‍ സംസ്കൃത സീരീസ്, തിരുവിതാംകൂര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസ്, തിരുവിതാംകൂര്‍ ഓറിയന്‍റല്‍ സീരീസ് എന്നീ മൂന്നു പ്രസിദ്ധീകരണങ്ങളും വളരെ പ്രാധാന്യമുള്ള പ്രസിദ്ധീകരണങ്ങളാണ്. കടലാസ് വരുന്നതിനുമുമ്പ് പനയോല മുറിച്ച് പുഴുങ്ങി പാകപ്പെടുത്തി മഞ്ഞള്‍പുരട്ടി ഉണക്കി അതില്‍ നാരായം കൊണ്ടെഴുതിയിരുന്നു. ഇപ്രകാരമുള്ള ഓലക്കരണങ്ങളെ ചുരുണകള്‍ എന്നും സര്‍ക്കാര്‍ രേഖകളെ ‘മതിലകം രേഖകള്‍’ എന്നും വിളിച്ചിരുന്നു.

കേരള ചരിത്ര ഗവേഷണകേന്ദ്രം
ഒരു നാടിന്റെ ചരിത്രം അതിലെ ജനതയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്നിരിക്കെ രണ്ടും വേറിട്ടു വീക്ഷിക്കാനാവില്ല. അതിജീവന ശ്രമങ്ങളിലൂടെ രൂപപ്പെട്ടുവരുന്ന സംസ്ക്കാരത്തിന്റെ കണികകള്‍ കണ്ടെത്തി ഒരുമിച്ച് കൂട്ടിയിണക്കുക എന്നതാണ് ചരിത്ര ഗവേഷണത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം. സാമൂഹ്യ ശാസ്ത്രത്തിലും ചരിത്രത്തിലും ശാസ്ത്രീയമായ ഗവേഷണങ്ങള്‍ നടത്തുന്നതിനായി സ്ഥാപിക്കപ്പെട്ട സ്വയംഭരണ സ്ഥാപനമാണ് കെ.സി.എച്ച്.ആര്‍ (ദി കേരള കൌണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്) എന്ന പേരില്‍ അറിയപ്പെടുന്ന കേരള ചരിത്ര ഗവേഷണ കേന്ദ്രം. മുന്‍കാലത്തുണ്ടായിരുന്ന സ്റ്റേറ്റ് ഗസറ്റിയേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന് രൂപാന്തരം സംഭവിച്ചതാണ് ഇന്നത്തെ കെ.സി.എച്ച്.ആര്‍. കേരളസര്‍ക്കാരിന്റെ സാംസ്ക്കാരികമന്ത്രാലയത്തിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന കെ.സി.എച്ച്.ആര്‍ കേരളസര്‍വ്വകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രം കൂടിയാണ്. തലസ്ഥാനനഗരിയായ തിരുവനവന്തപുരത്തെ വിവിധോദ്ദേശ സാംസ്ക്കാരിക സമുച്ചയമായ വൈലോപ്പിള്ളി സംസ്കൃതിഭവനിലാണ് കെ.സി.എച്ച്.ആര്‍ സ്ഥിതിചെയ്യുന്നത്. പ്രമുഖ ചരിത്രപണ്ഡിതന്മാരും ഗവേഷകന്മാരുമായിരുന്ന പ്രൊഫസര്‍ ഏലംകുളം കുഞ്ഞന്‍പിള്ളയുടെയും കെ.പി.പത്മനാഭപിള്ളയുടെയും സ്മരണയ്ക്കായി സമര്‍പ്പിക്കപ്പെട്ടതാണ് കെ.സി.എച്ച്.ആര്‍ സ്ഥിതിചെയ്യുന്ന പ്രത്യേക ബ്ലോക്ക്. ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ ബിരുദം, ഇന്റേന്‍ഷിപ്പ് പ്രോഗ്രാമുകള്‍, സോഷ്യല്‍ തിയറിയുടെ ഹ്രസ്വകാലകോഴ്സുകള്‍, ഗവേഷണമാര്‍ഗ്ഗങ്ങള്‍, ഏപ്പിഗ്രാഫി, പാലിയോഗ്രാഫി, ന്യൂമിസ്മാറ്റിക്സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ കെ.സി.എച്ച്.ആര്‍ മുഖേന നടത്തപ്പെടുന്നു. ഗവേഷണം, പ്രസിദ്ധീകരണം, ഡോക്യുമെന്റേഷന്‍, ട്രെയിനിംഗ്, കോ-ഓര്‍ഡിനേഷന്‍ തുടങ്ങിയവയാണ് കെ.സി.എച്ച്.ആര്‍-ന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. കേരളചരിത്രത്തെയും, കേരളീയസമൂഹത്തെയും പറ്റിയുള്ള ആകര്‍ഷകവും വിപുലവുമായ പുസ്തകശേഖരമടങ്ങുന്ന അതീവ സൌകര്യങ്ങളോടുകൂടിയ ഒരു ലൈബ്രറി കെ.സി.എച്ച്.ആര്‍-ന് സ്വന്തമായുണ്ട്.
പാട്രണ്‍സ് കൌണ്‍സില്‍, അഡ്വൈസറി കൌണ്‍സില്‍, എക്സിക്യൂട്ടീവ്  കൌണ്‍സില്‍ എന്നിങ്ങനെ ത്രിതലസമിതിയാണ് കെ.സി.എച്ച്.ആര്‍-ന്‍റെ നടത്തിപ്പ് കൈകാര്യം ചെയ്യുന്നത്.
ഫോണ്‍: 0471 2310409, 2310409
ഫാക്സ്: 0471-2310409
ഇ-മെയില്‍:     kchr@sancharnet.in
വെബ്സൈറ്റ്:  www.keralahistory.ac.in

ഇരയിമ്മന്‍ തമ്പി ഗവേഷണകേന്ദ്രം
ചരിത്രപണ്ഡിതന്‍മാര്‍ക്കും ഗവേഷണകുതുകികള്‍ക്കും മാര്‍ഗ്ഗദര്‍ശനമേകുന്ന അത്യപൂര്‍വ്വ പുരാതന രേഖകളും, താളിയോലഗ്രന്ഥങ്ങളും പ്രാചീന ഗ്രന്ഥശേഖരവുമടങ്ങുന്ന ഇരയിമ്മന്‍ തമ്പിയുടെ സ്മരണ നിലനിര്‍ത്തുന്ന ഗവേഷണകേന്ദ്രമാണ് അനന്തപുരിയില്‍ പ്രവര്‍ത്തിച്ചുപോരുന്ന ഇരയിമ്മന്‍തമ്പി ഗവേഷണകേന്ദ്രം.

ഹിന്ദുസ്ഥാന്‍ ലാറ്റക്സ് 
ഹിന്ദുസ്ഥാന്‍ ലാറ്റക്സ് - റിസര്‍ച്ച് &  ഡവലപ്മെന്‍റ് സെന്‍റര്‍
കേരളത്തില്‍ 1969-ല്‍ കേന്ദ്രഗവണ്‍മെന്‍റ് ഹിന്ദുസ്ഥാന്‍ ലാറ്റക്സിനു തുടക്കം കുറിച്ചു. പൂജപ്പുരയില്‍ കേന്ദ്ര ഓഫീസും പേരൂര്‍ക്കടയില്‍ ഫാക്ടറിയും പ്രവര്‍ത്തിച്ചുപോരുന്നു. ഫാക്ടറിയോടൊപ്പം ഒരു റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ്  സെന്‍റര്‍, റബര്‍ ഉല്പന്നങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുളള ഗവേഷണങ്ങളുടെ സിരാകേന്ദ്രവുമായി പ്രവര്‍ത്തിക്കുന്നു. 
 
ശാസ്ത്രഭവന്‍, പട്ടം
കേരളാ സ്റ്റേറ്റ് കൌണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്നോളജി & എന്‍വയോണ്‍മെന്റ് എന്ന  ശാസ്ത്രഭവന്‍ പട്ടത്താണ് സ്ഥിതി ചെയ്യുന്നത്. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റും, മെമ്പര്‍ സെക്രട്ടറിയുമാണ് ശാസ്ത്രഭവന്‍റെ നടത്തിപ്പ് കൈകാര്യം ചെയ്യുന്നത്.
ഫോണ്‍:-04712543557,2534605329932, 2324939, 2324932
ഫാക്സ്: 0471 -2321963
ഇ മെയില്‍:

info@kscste.org
വെബ്സൈറ്റ്: www.kscste.kerala.gov.inwww.kscste.org