സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ രൂപീകരണം
ഇന്ത്യന്‍ ഭരണഘടനയിലെ 243 (കെ) അനുഛേദത്തില്‍ വിവക്ഷിച്ച പ്രകാരം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സുതാര്യവും നീതിപൂര്‍വ്വകവുമായി നടത്തുന്നതിന് വിപുലമായ അധികാരങ്ങളോടെ, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ 1993 ഡിസംബര്‍ 3 ന് നിലവില്‍ വന്നു. പ്രഥമ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശ്രീ എം.എസ്.കെ രാമസ്വാമിയെ നിയമിച്ചു. കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ വക വാടകക്കെട്ടിടത്തിലാണ് ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്. സ്വന്തം ആസ്ഥാനമന്ദിരം പണിയുന്നതിന് സംസ്ഥാനസര്‍ക്കാര്‍ നന്തന്‍കോട് അനുവദിച്ചു നല്‍കിയിട്ടുള്ള സ്ഥലത്ത് പുതിയ ഓഫീസ് കെട്ടിടം പണിയുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നു.  
കമ്മീഷന്റെ ചുമതലകള്‍
ഇന്ത്യന്‍ ഭരണഘടനയുടെ 243 (കെ) അനുഛേദനം അനുസരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ മേല്‍നോട്ടത്തിനും മാര്‍ഗ്ഗദര്‍ശനത്തിനും നിയന്ത്രണത്തിനും വിധേയമായി സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ തെരഞ്ഞെടുപ്പുകള്‍ക്കും ആവശ്യമായ വോട്ടര്‍ പട്ടിക തയ്യാറാക്കുക, തെരഞ്ഞെടുപ്പുകള്‍ നടത്തുക എന്നിവയാണ് കമ്മീഷന്റെ പ്രഥമ ചുമതല. 2002-ലെ കേന്ദ്ര ഡിലിമിറ്റേഷന്‍ ആക്ട് പ്രകാരം സംസ്ഥാനത്തെ പാര്‍ലമെന്റ്, അസംബ്ളി നിയോജകമണ്ഡലങ്ങള്‍ പുനര്‍നിര്‍ണ്ണയം ചെയ്യുന്നതിനുള്ള ഡിലിമിറ്റേഷന്‍ കമ്മീഷനില്‍, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അംഗമാണ്. പ്രസ്തുത മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയം സംബന്ധിച്ച ജോലികളും കമ്മീഷന്‍ നിര്‍വ്വഹിച്ചു വരുന്നു. ഭരണാഘടനാപരമായ ചുമതലകള്‍ കൂടാതെ 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലേയും 1994-ലെ കേരള മുനിസിപ്പാലിറ്റി നിയമനത്തിലേയും, 1999-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ (കൂറുമാറ്റം നിരോധിക്കല്‍) ആക്ടിലേയും വ്യവസ്ഥകള്‍ പ്രകാരം താഴെപ്പറയുന്ന അധികാരങ്ങളും ചുമതലകളും കമ്മീഷനില്‍ നിക്ഷിപ്തമാണ്. പൊതു തെരഞ്ഞെടുപ്പിനു മുന്‍പായി പഞ്ചായത്ത്/ മുനിസിപ്പല്‍ /  കോര്‍പ്പറേഷന്‍ വാര്‍ഡുകളുടെ പുനര്‍വിഭജനം നടത്തുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്‍മാരേയും ഉപാദ്ധ്യക്ഷന്‍മാരേയും തെരഞ്ഞെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുക. ജില്ലാ ആസൂത്രണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് യഥാസമയം നടത്തുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിക്കുന്ന തെരഞ്ഞെടുപ്പ് ചിലവ് കണക്കുകള്‍ ബോധിപ്പിക്കുന്നതില്‍ വീഴ്ച വരുത്തുകയോ നിശ്ചിതപരിധിക്കു മുകളില്‍ ചിലവുചെയ്യുകയോ ചെയ്യുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് അയോഗ്യത കല്പിക്കുക. 1995-ലെ കേരളപഞ്ചായത്ത് രാജ്/കേരളമുനിസിപ്പാലിറ്റി (തെരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടപ്രകാരം ഒരു നിയോജക മണ്ഡലത്തിലെ/ഒരു വാര്‍ഡിലെ ഒരു സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചിലവ് ഗ്രാമപഞ്ചായത്ത്-5000 രൂപയിലും ബ്ളോക്ക് പഞ്ചായത്ത് 15000 രൂപയിലും ജില്ലാ പഞ്ചായത്ത്-30000 രൂപയിലും മുനിസിപ്പാലിറ്റി-5000 രൂപയിലും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 10,000 രൂപയിലും കവിയാന്‍ പാടില്ലാത്തതാണ്). 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട് എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കുക. കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്/വൈസ്പ്രസിഡന്റ്, ചെയര്‍മാന്‍/ വൈസ് ചെയര്‍മാന്‍ എന്നിവരുടെ രാജി സംബന്ധിച്ച തര്‍ക്കത്തിന്‍മേല്‍ തീരുമാനമെടുക്കുക. 1999-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ (കൂറുമാറ്റം നിരോധിക്കല്‍) നിയമപ്രകാരം കൂറുമാറിയ അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച പരാതികളില്‍ തീരുമാനമെടുക്കുക.
സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ അധികാരങ്ങള്‍
ഒരു സ്ഥാനാര്‍ത്ഥിയുടെ അല്ലെങ്കില്‍ അംഗത്തിന്റെ അയോഗ്യത സംബന്ധിച്ച് ഒരു പ്രശ്നം തീരുമാനിക്കുന്നതിനാവശ്യമായ അന്വേഷണവിചാരണയുടെ സംഗതിയില്‍ 1994-ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ 139-ാം വകുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അവ ഇപ്രകാരമാണ്:
139-ാം വകുപ്പ് :- സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ അധികാരങ്ങള്‍ :
(ഒന്ന്) ഈ ആക്ടിലെ 34-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരമോ 36-ാം വകുപ്പു പ്രകാരമോ ഒരു പ്രശ്നം തീരുമാനിക്കുന്നതില്‍, ഒരു അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്നോ ഉചിതമാണെന്നോ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് തോന്നുകയും, ബന്ധപ്പെട്ട കക്ഷികള്‍ അത്തരം അന്വേഷണത്തിന് ഹാജരാക്കുന്ന സത്യവാങ്മൂലത്തിന്റേയും സ്വമേധയാ ഹാജരാക്കുന്ന രേഖകളുടേയും അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്ന സംഗതിയില്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിയുകയില്ലെന്ന് കമ്മീഷന് ബോധ്യം വരികയും ചെയ്താല്‍ അങ്ങനെയുള്ള അന്വേഷണത്തിന്റെ ആവശ്യത്തിനായി 1908-ലെ സിവില്‍ നടപടി നിയമസംഹിതയിന്‍ (1908-ലെ 5-ാം കേന്ദ്ര ആക്ട്) കീഴില്‍ ഒരു വ്യവഹാരം വിചാരണ ചെയ്യുമ്പോള്‍ ഒരു സിവില്‍ കോടതിക്കുള്ള അധികാരങ്ങള്‍ താഴെപ്പറയുന്ന സംഗതികളെ സംബന്ധിച്ച് കമ്മീഷന് ഉണ്ടായിരിക്കുന്നതാണ്. അതായത്;
 
(എ) ഏതൊരാളിനും സമന്‍സ് അയയ്ക്കല്‍, ഹാജരാകാന്‍ നിര്‍ബന്ധിക്കല്‍, സത്യപ്രതിജ്ഞയിന്‍മേല്‍ വിസ്തരിക്കല്‍
(ബി) ഏതെങ്കിലും രേഖകളും അല്ലെങ്കില്‍ തെളിവായി ഹാജരാക്കാവുന്ന മറ്റ് സാധനസാമഗ്രികളും കണ്ടെത്തുന്നതിനും ഹാജരാക്കുന്നതിനും ആവശ്യപ്പെടല്‍ ;
(സി)   സത്യവാങ്മൂലത്തിന്മേല്‍ തെളിവ് സ്വീകരിക്കല്‍ ;
(ഡി) ഏതെങ്കിലും കോടതിയില്‍ നിന്നോ ആഫീസില്‍ നിന്നോ ഏതെങ്കിലും പൊതുരേഖയോ അതിന്റെ പകര്‍പ്പോ ഹാജരാക്കാന്‍ ആവശ്യപ്പെടല്‍;
(ഇ)  സാക്ഷികളില്‍ നിന്നോ രേഖകളില്‍ നിന്നോ തെളിവെടുക്കാന്‍ കമ്മീഷനുകളെ അയയ്ക്കല്‍ ;
(രണ്ട്) അന്വേഷണത്തിലെ പ്രധാന സംഗതിയില്‍ ഉപയോഗമുള്ളതെന്നോ പ്രസക്തമായതെന്നോ കമ്മീഷന് തോന്നുന്ന പക്ഷം, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ ഉള്‍പ്പെടെയുള്ള ഏതൊരാളോടും, ആ സമയത്ത് പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമ പ്രകാരം അയാള്‍ക്കു അവകാശപ്പെടാവുന്ന പ്രത്യേക അവകാശങ്ങള്‍ ഏതെങ്കിലുമുണ്ടെങ്കില്‍ ആയതിനു വിധേയമായി അങ്ങനെയുള്ള സംഗതികളെ സംബന്ധിച്ചതോ കാര്യങ്ങളെ സംബന്ധിച്ചതോ ആയ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുന്നതിന് കമ്മീഷന് അധികാരം ഉണ്ടായിരുന്നതാണ്.
 
 
(മൂന്ന്) കമ്മീഷന്‍ ഒരു സിവില്‍ കോടതിയായി കരുതപ്പെടേണ്ടതും ഇന്‍ഡ്യന്‍ ശിക്ഷാനിയമ സംഹിത (1860-ലെ 45-ാം കേന്ദ്ര ആക്ട്) 175-ാം വകുപ്പിലോ 178-ാം വകുപ്പിലോ 179-ാം വകുപ്പിലോ 180-ാം വകുപ്പിലോ 228-ാം വകുപ്പിലോ വിവരിച്ചിട്ടുള്ള പ്രകാരമുള്ള ഒരു കുറ്റകൃത്യം കമ്മീഷന്റെ ദൃഷ്ടിയിലോ സാന്നിദ്ധ്യത്തിലോ ചെയ്യുകയാണെങ്കില്‍, ആ കുറ്റകൃത്യത്തിലടങ്ങിയ വസ്തുക്കളും 1973-ലെ കൃമിനല്‍ നടപടി നിയമസംഹിതയില്‍ (1974-ലെ 2-ാം കേന്ദ്ര ആക്ട്) വ്യവസ്ഥ ചെയ്യപ്പെട്ട പ്രകാരമുള്ള പ്രതിയുടെ പ്രസ്താവനയും രേഖപ്പെടുത്തിയശേഷം കമ്മീഷന് ആ കേസ് വിചാരണയ്ക്കെടുക്കുവാന്‍ അധികാരിതയുള്ള മജിസ്ട്രേട്ടിന് അത് അയച്ചുകൊടുക്കാവുന്നതും, അങ്ങനെയുള്ള ഏതൊരു കേസും അയച്ചുകിട്ടിയ മജിസ്ട്രേട്ട്, 1973-ലെ ക്രിമിനല്‍ നടപടി സംഹിതയിലെ 346-ാം വകുപ്പു പ്രകാരം അയച്ചുകിട്ടിയ ഒരു കേസ് എന്നതുപോലെ പ്രതിക്കെതിരെയുള്ള പരാതി കേള്‍ക്കേണ്ടതുമാണ്.
(നാല്) കമ്മീഷന്റെ മുമ്പാകെയുള്ള ഏതൊരു നടപടിയും 1860-ലെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമസംഹിത (1860-ലെ 45-ാം കേന്ദ്ര ആക്ട്) 193-ാം വകുപ്പിന്റേയും അര്‍ത്ഥപിരിധിയില്‍ വരുന്ന നീതിന്യായ നടപടി കരുതപ്പെടേണ്ടതാണ്. സമാനമായ വ്യവസ്ഥകള്‍ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് 196-ാം വകുപ്പിലും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
(അഞ്ച്)      കമ്മീഷന്റെ ഔദ്യോഗികഘടന : സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറാണ് സ്ഥാപന മേധാവി. കമ്മീഷന്റെ സെക്രട്ടറിയായി ഗവണ്‍മെന്റിലെ ഒരു അഡീഷണല്‍ സെക്രട്ടറിയെ നിയമിച്ചിട്ടുണ്ട്. ധനപരമായ കാര്യങ്ങള്‍ നോക്കാന്‍ ധനകാര്യ സെക്രട്ടറിയേറ്റില്‍ നിന്നുള്ള ഒരു അഡീഷണല്‍ സെക്രട്ടറി, സീനിയര്‍ ഫിനാന്‍സ് മാനേജരായും, സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ആഫീസര്‍ തസ്തികയില്‍ സെക്രട്ടറിയേറ്റില്‍ നിന്നുള്ള ജോയിന്റ് സെക്രട്ടറി, കൂടാതെ സെക്രട്ടറിയേറ്റില്‍ നിന്നുള്ള മൂന്ന് അഡീഷണല്‍ സെക്രട്ടറിമാര്‍, ഒരു പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, ഒരു മുനിസിപ്പല്‍ ജോയിന്റ് ഡയറക്ടര്‍ എന്നിവര്‍ നോഡല്‍ ആഫീസറന്മാരായും, നിയമവകുപ്പില്‍ നിന്നുള്ള ഡപ്യൂട്ടി സെക്രട്ടറി ലീഗല്‍ അഡ്വൈസര്‍ ആയും, പബ്ളിക് റിലേഷന്‍സ് വകുപ്പിലെ ഡപ്യൂട്ടി ഡയറക്ടര്‍ പബ്ളിക് റിലേഷന്‍സ് ആഫീസറായും പ്രവര്‍ത്തിക്കുന്നു. സെക്രട്ടറിയേറ്റില്‍ നിന്നുള്ള രണ്ടു സെക്ഷന്‍ ആഫീസര്‍മാര്‍, പന്ത്രണ്ട് അസിസ്റ്റന്റുമാര്‍, (സെക്രട്ടറിയേറ്റില്‍ നിന്നും 6, പഞ്ചായത്തു വകുപ്പില്‍ നിന്നും 4, മുനിസിപ്പാലിറ്റിയില്‍ നിന്നും 2) ആറ് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റുമാര്‍, മൂന്നു ടൈപ്പിസ്റ്റുമാര്‍, ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, ഒരു ക്ലറിക്കല്‍ അസിസ്റ്റന്റ്, പതിനൊന്ന് പ്യൂണ്‍, ഒരു വാച്ച്മാന്‍, മൂന്നു ഡ്രൈവര്‍ എന്നിവരും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനില്‍ ഡെപ്യൂട്ടേഷനില്‍ സേവനം അനുഷ്ഠിച്ചുവരുന്നു. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും കളക്ടര്‍മാരെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി അധികാരപ്പെടുത്തിയിരിക്കുന്നത്. ഓരോ ജില്ലയിലും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സഹായിക്കുവാന്‍ ഒരു ഡപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍), ഒരു അസിസ്റ്റന്റ് എന്നിവരേയും നിയമിച്ചിട്ടുണ്ട്. കമ്മീഷന്റെ തീരുമാനങ്ങള്‍, അറിയിപ്പുകള്‍, കേസിലെ വിധി എന്നിവ ജനങ്ങളെ അറിയിക്കുന്നതിന് യഥാസമയം കമ്മീഷനില്‍ നിന്നും പത്രക്കുറിപ്പുകള്‍ പുറപ്പെടുവിക്കാറുണ്ട്.

ഓഫീസ്
0471 -2325048, 2338288,
2328158 (ടെലിഫാക്സ്)
 
കമ്മിഷണര്‍
0471 -2328157
 
സെക്രട്ടറി
0471 -2328158, 2320782
 
അഡീഷണല്‍ സെക്രട്ടറി & സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍
0471 -2320786
 
അഡീഷണല്‍ സെക്രട്ടറി & ലാ ഓഫീസര്‍
0471 -2334733
 
അഡീഷണല്‍ സെക്രട്ടറി
0471 -2334130
 
അഡീഷണല്‍ സെക്രട്ടറി
0471 -2334734
 
അഡീഷണല്‍ സെക്രട്ടറി
0471 -2320789
 
ജോയിന്റ് സെക്രട്ടറി & സീനിയര്‍ ഫിനാന്‍സ് മാനേജര്‍
0471 -2330542
 
ജോയിന്റ് സെക്രട്ടറി
0471 -2320516
 
ജോയിന്റ് സെക്രട്ടറി
0471 -2320765
 
പബ്ളിക് റിലേഷന്‍സ് ആഫീസര്‍
0471 -2326148