സേനാ കേന്ദ്രങ്ങള്‍

കുതിരപ്പട്ടാളവും തിരുവിതാംകൂറും
പാങ്ങോട് മിലിട്ടറി ക്യാമ്പ്
സതേണ്‍ എയര്‍കമാന്റ്

കുതിരപ്പട്ടാളവും തിരുവിതാംകൂറും
സവാരി ചെയ്യുന്നതിന് അനുയോജ്യമായ മികവാര്‍ന്ന കുതിരകളെ എന്തു വില കൊടുത്തും വാങ്ങുന്നതിനു സ്വാതി തിരുനാള്‍ മഹാരാജാവ് 1828 ഡിസംബര്‍ 17-ാം തീയതി മിസ്റ്റര്‍ സളളിവന്‍ എന്ന വിദേശിയ്ക്ക് കത്ത് അയയ്ക്കുകയും തുടര്‍ന്നു കുതിരകളെ വാങ്ങുകയും ചെയ്തു. ആദ്യമായി തലസ്ഥാനനഗരിയില്‍ കുതിരക്കുളമ്പടി ശബ്ദം ശ്രവിച്ചതും അശ്വാരൂഢസേനയ്ക്ക് പ്രാരംഭം കുറിച്ചതും നാണുപിളള ദിവാന്‍ജിയുടെ കാലത്താണ്. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ രാജ്യവിസ്തൃതിക്കായി സൈന്യസജ്ജീകരണം നടത്തിയപ്പോള്‍ ഹൈദരാബാദില്‍ നിന്നും അശ്വാരൂഢസേനയെ വരുത്തിയിരുന്നതായി ചില ചരിത്ര രേഖകളില്‍ കാണുന്നുണ്ട്. പണ്ട് കാലത്ത് പട്ടാളക്കാര്‍ക്ക് മുണ്ടും നേര്യതുമായിരുന്നു വേഷം. സ്വാതി തിരുനാള്‍ മഹാരാജാവ് റസിഡന്റിനെ സ്വീകരിക്കുവാന്‍ കൊല്ലത്ത് പോയി. ബ്രിട്ടീഷ് പട്ടാളത്തിന്റെ വസ്ത്രധാരണരീതി മഹാരാജാവിനെ ഹഠാദാകര്‍ഷിച്ചു. അതോടെ തിരുവിതാംകൂര്‍ സൈനികരുടെ വേഷത്തിലും മാറ്റം വന്നു. അതിന് മുന്‍പു കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ തടവിലാക്കിയ ഡിലനായി വലിയ കപ്പിത്താനായപ്പോള്‍ സൈനിക മേഖലയില്‍ നിരവധി പരിഷ്ക്കാരങ്ങള്‍ക്ക് പ്രാരംഭം കുറിച്ചിരിന്നു. വാലാക്കഴ, വാണക്കൊടി എന്നീ വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി നായര്‍ പട്ടാളത്തെ ആധുനിക രീതിയില്‍ വാര്‍ത്തെടുക്കുകയും ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ ഒന്നും രണ്ടും മൂന്നും പട്ടാളങ്ങള്‍ക്ക് രൂപം കൊടുക്കുകയും ചെയ്തു. നായര്‍ ബ്രിഗേഡ് പില്‍ക്കാലത്ത്  സ്റ്റേറ്റ് ഫോഴ്സായി. പിന്നീട് ഇന്ത്യന്‍ ആര്‍മിയില്‍ ലയിച്ച് മദിരാശി രജിമെന്റിന്റെ ഭാഗമായിതീര്‍ന്നു. വികാസ് ഭവന് സമീപം പ്രവര്‍ത്തിച്ചിരുന്ന പട്ടാള ആശുപത്രിയില്‍ അതിവിദഗ്ദ്ധരായ മിലിട്ടറി ഡോക്ടര്‍മാര്‍ സേവനമനുഷ്ഠിച്ചിരുന്നു. പ്രസ്തുത ആശുപത്രി വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്കും സൈനികര്‍ക്കും വേണ്ടത്ര ആശ്വാസമേകിക്കൊണ്ട് ഇപ്പോള്‍ പാങ്ങോട് പ്രവര്‍ത്തിക്കുന്നു. ആദ്യകാലത്ത് സുബേദാര്‍ മേജറിലായിരുന്നു അധികാരം കേന്ദ്രീകരിച്ചിരുന്നത്. ശ്രീമൂലം തിരുനാളിന്റെ കാലത്താണ് തിരുവിതാംകൂറിലെ സൈനികവകുപ്പ് പാങ്ങോട്ടേയ്ക്ക് മാറ്റിയതും പുന:സംഘടിപ്പിച്ചതും. പാളയത്ത് നിന്നും കൊ.വ. 1111 ല്‍ സൈനിക കേന്ദ്രം പാങ്ങോട്ടേക്ക് മാറ്റി. വ്യോമസേനയുടെ കേന്ദ്രം കൂടി തിരുവനന്തപുരത്ത് രൂപം കൊണ്ടതോടെ അനന്തപുരിയും ഭാരതത്തിന്റെ സൈനികമേഖലയില്‍ ഒരു നിര്‍ണ്ണായക സ്ഥാനത്തിനര്‍ഹമായി.

പാങ്ങോട് മിലിട്ടറി ക്യാമ്പ്
തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ സൈനികത്താവളം ഒരുകാലത്ത് പത്മനാഭപുരത്തായിരുന്നു. തലസ്ഥാനം തിരുവനന്തപുരത്തേയ്ക്ക് മാറിയപ്പോള്‍ പാളയത്ത് സൈന്യം താവളമടിച്ചു. രാജകുടുംബത്തിന്റെ സൈനികത്താവളമെന്ന നിലയില്‍ പാങ്ങോടും അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. കുതിരപ്പട്ടാളത്തിനും, കുതിരലായത്തിനും ഹൈന്ദവരാജാക്കന്‍മാര്‍ വേണ്ടത്ര പ്രാധാന്യം കല്പിച്ചിരുന്നില്ല. എന്നാല്‍ തിരുവിതാംകൂര്‍ ആദ്യം മുതല്‍ക്കേ കുതിരപ്പട്ടാളത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ചിരുന്നു. തിരുവിതാംകൂര്‍ സ്റ്റേറ്റ് ഫോഴ്സ് എന്നറിയപ്പെട്ടിരുന്ന സേനാവിഭാഗവും അതിന്റെ ആസ്ഥാനമായ പാങ്ങോട് സൈനികത്താവളവും സ്വാതന്ത്ര്യപ്രാപ്തിയ്ക്ക് ശേഷം 1951 ലാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയത്. ഇപ്പോള്‍ പാങ്ങോട് മിലിട്ടറികേന്ദ്രം ഒരു സമാധാനഗാരിസണ്‍” ആയി അറിയപ്പെടുന്നു. തലസ്ഥാനനഗരിയുടെ കിഴക്ക് ഭാഗത്ത് കണ്ണെത്താത്ത ദൂരത്തോളം വിസ്തൃതിയാര്‍ജ്ജിച്ച പ്രദേശത്താണ് മിലിട്ടറിക്യാമ്പും അതിന്റെ കേന്ദ്ര ഓഫീസുകളും പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം സൈനിക സ്കൂള്‍ കഴക്കൂട്ടത്ത് സ്ഥിതി ചെയ്യുന്നു.

സതേണ്‍ എയര്‍കമാന്റ്
എയര്‍കമാന്റ് വിമാനത്താവളത്തിന്റെ ഒരു ഭാഗവും കുറെ ഓഫീസുകളും ബീച്ചിലും, സതേണ്‍ എയര്‍കമാന്റിന്റെ ആസ്ഥാനമന്ദിരം കവടിയാറില്‍ ബല്‍ഹവന്‍ കോമ്പൌണ്ടിലും പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ വ്യോമസേനയുടെ പ്രമുഖ കേന്ദ്രങ്ങളില്‍ ഒന്നായി ഇപ്പോള്‍ തിരുവനന്തപുരം പ്രശസ്തിയാര്‍ജ്ജിച്ചിരിക്കുന്നു. രാജ്ഭവനെതിരെ ബെല്‍ഹെവന്‍ കൊട്ടാരത്തില്‍ പ്രവര്‍ത്തിക്കുന്ന സതേണ്‍ എയര്‍കമാന്റിന്റെ താല്കാലിക ആസ്ഥാനം 1984-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്തു. ആക്കുളത്ത് സ്ഥിരമായ ആസ്ഥാനം സ്ഥാപിക്കാനുളള നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. മാലി ദ്വീപിലെ കലാപം തിരുവനന്തപുരത്ത് നിന്നു അനായാസമായി അമര്‍ച്ചവരുത്തി കടല്‍ക്കൊളളക്കാരില്‍ നിന്നും മാലി ഗവണ്‍മെന്റിനെ രക്ഷിച്ചതിലൂടെ സതേണ്‍ എയര്‍കമാന്റ് ഏറെ ജനശ്രദ്ധപിടിച്ചു പറ്റി.