വൈദേശികാധിപത്യം

ഡച്ച് ഭരണം
1592-ല്‍ സ്ഥാപിച്ച ഈസ്റ്റിന്ത്യാ കമ്പനി 1642-ല്‍ പുറക്കാട് രാജാവുമായി ബന്ധം സ്ഥാപിച്ചു. 1650-ല്‍ കായംകുളത്ത് പാണ്ടികശാല കെട്ടാന്‍ അനുവാദം നേടുകയുണ്ടായി. 1658-ല്‍ പോര്‍ച്ചുഗീസുകാരുടെ കൊല്ലം കോട്ട പിടിച്ചെടുത്തു. എന്നാല്‍ 1741 ലെ കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ തോല്‍പ്പിക്കുകയും ഡച്ചുകാര്‍ ഉപജാപം നടത്തിയിരുന്ന എളയടത്തു സ്വരൂപം, ആറ്റിങ്ങല്‍ ദേവഴി, കായംകുളം, പുറക്കാട്, വടക്കുംകൂര്‍, തെക്കുംകൂര്‍ എന്നീ രാജ്യങ്ങള്‍ പിടിച്ചെടുക്കുകയും തിരുവിതാംകൂറിനോട് ചേര്‍ക്കുകയും ചെയ്തു. കേരളത്തിന്റെ സമ്പദ്ഘടനക്ക് സുപ്രധാനമായ ചില സംഭാവനകള്‍ ഡച്ചുകാരില്‍ നിന്നുണ്ടായി. ശാസ്ത്രീയമായ കൃഷി രീതി ഡച്ചുകാരുടെ സംഭാവനയാണ്. ഇന്ത്യന്‍ സസ്യങ്ങളുടെ ഔഷധഗുണങ്ങളെ പ്രതിപാദിക്കുന്ന ഹോര്‍ത്തൂസ് മലബാറിക്കസ്”എന്ന അമൂല്യഗ്രന്ഥം ഇവരുടെ നേട്ടങ്ങളില്‍ ഒന്നാണ്.

ബ്രിട്ടീഷ് ഭരണം
ഉത്തര കേരളത്തില്‍ പല പ്രയാസങ്ങളും നേരിട്ട ബ്രിട്ടീഷുകാര്‍ അഞ്ചുതെങ്ങില്‍ വ്യവസായശാല നിര്‍മ്മിക്കാന്‍ ഒരു ചെറിയ മണല്‍ പ്രദേശം 1684-ല്‍ ആറ്റിങ്ങല്‍ റാണിയില്‍ നിന്നും നേടിയെടുത്തു. 1690-ല്‍ അവിടെ ഒരു കോട്ടയ്ക്കുള്ള അനുവാദവും നേടി. ആറ്റിങ്ങല്‍ റാണി ഇംഗ്ലീഷുകാര്‍ക്ക് പല സൌജന്യങ്ങളും അനുവദിച്ചു കൊടുത്തു. ഇതിനെ തുടര്‍ന്ന് സ്ഥലവാസികള്‍ നടത്തിയ ഫാക്ടറി ആക്രമണം ആറ്റിങ്ങല്‍ കലാപം”എന്ന പേരില്‍ പ്രസിദ്ധമാണ്. 1723-ല്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായി തിരുവിതാംകോട്ട് രാജാവ് ഔപചാരികമായി ഉണ്ടാക്കിയ ഉടമ്പടിയാണ് ഒരു ഭാരതീയ രാജാവുമായി ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി ഉണ്ടാക്കിയ ആദ്യത്തെ ഉടമ്പടി. 1795-ല്‍ പുതിയൊരു ഉടമ്പടി കൂടി ഉണ്ടാക്കി ഇതനുസരിച്ച് തിരുവിതാംകൂര്‍ രാജാവ് ബ്രിട്ടീഷ് മേല്‍ക്കോയ്മ അംഗീകരിച്ചു. കേണല്‍ മെക്കാളേ തിരുവിതാംകൂറിലെ റസിഡന്റായി നിയമിക്കപ്പെട്ടു. 1805-ല്‍ വേലുത്തമ്പിദളവ കൂടിയാലോചന നടത്തി എടുത്ത ഉടമ്പടി തിരുവിതാംകൂറിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി. എന്നാല്‍ പില്‍ക്കാലത്ത് തിരുവിതാംകൂറിന്റെ സ്വാതന്ത്യ്രത്തിനു വേണ്ടി പോരാടി ജീവന്‍ ബലിയര്‍പ്പിച്ച വീരനായകനാണ് വേലുത്തമ്പി ദളവ. ബ്രിട്ടീഷ് ഭരണത്തിനെതിരെ നാട്ടുകാരെ ഒന്നിച്ച് അണി നിരത്താന്‍ ആഹ്വാനം ചെയ്ത 1809 ലെ കുണ്ടറ വിളംബരം ചരിത്രത്തിന്റെ ഭാഗമായി.

മാര്‍ത്താണ്ഡവര്‍മ്മയുടെ പിന്‍ഗാമി ധര്‍മ്മരാജാ എന്ന പേരില്‍ വിഖ്യാതനായ രാമവര്‍മ്മ ബ്രിട്ടീഷുകാരോട് ഉദാരമായ നയമാണ് സ്വീകരിച്ചത്. ആറ്റിങ്ങല്‍ റാണിയുടെ സമ്മതത്തോടെ അഞ്ചുതെങ്ങില്‍ ആസ്ഥാനം ഉറപ്പിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനി ഉമയമ്മ റാണിയുടെ കാലത്ത് വേണാട്ടില്‍ കുരുമുളക് വ്യാപാരത്തിനു വേണ്ടുന്ന ആനുകൂല്യങ്ങള്‍ സമ്പാദിച്ചിരുന്നു. അഞ്ചുതെങ്ങുകോട്ടയുടെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു. മാര്‍ത്താണ്ഡവര്‍മ്മയെ ബ്രിട്ടീഷുകാര്‍ ആയുധങ്ങളും പടക്കോപ്പുകളും നല്‍കി സഹായിച്ചിരുന്നു. ഇതിന്റെ പ്രതിഫലം എന്നോണം ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കുറഞ്ഞ വിലയ്ക്ക് കുരുമുളക് നല്‍കാനും വിഴിഞ്ഞത്ത് ആസ്ഥാനം ഉറപ്പിക്കാനും രാമവര്‍മ്മ സമ്മതം മൂളി. തന്റെ ഭരണകാലാന്ത്യത്തില്‍ (1785) ബ്രിട്ടീഷുകാരുമായി സന്ധിയില്‍ ഏര്‍പ്പെടുകയും ചെയ്തു.

ധര്‍മ്മരാജായുടെ കാലശേഷം തിരുവിതാംകൂര്‍ രാജ്യചരിത്രത്തിലുണ്ടായ പ്രധാന സംഭവം വേലുത്തമ്പിദളവയുടെ ഉയര്‍ച്ചയും പതനവുമാണ്. രാമവര്‍മ്മയുടെ ദുര്‍ബ്ബലനായ പിന്‍ഗാമി ബാലരാമവര്‍മ്മയുടെ ഭരണകാലത്ത് ദളവയായിരുന്ന ജയന്തന്‍ ശങ്കരന്‍നമ്പൂതിരിയുടെ ദുഷ്ചെയ്തികള്‍ക്കെതിരെ ദക്ഷിണ കേരളത്തിലെ ആദ്യത്തെ ജനകീയ പ്രക്ഷോഭം നയിച്ചതിലൂടെയാണ് വേലുത്തമ്പി ശ്രദ്ധേയനായത്. ജയന്തന്‍ ശങ്കരന്‍നമ്പൂതിരിയുടെ നിഷ്കാസനത്തെ തുടര്‍ന്ന് വേലുത്തമ്പി മുളക് മടിശ്ശീല കാര്യക്കാരായും പിന്നീട് ദളവയായും നിയമിതനായി. ഇദ്ദേഹം പ്രാപ്തനും ഒപ്പം നിര്‍ദ്ദയനുമായ ഭരണാധികാരി ആയിരുന്നു. വിട്ടു വീഴ്ചയില്ലാത്ത പരിഷ്ക്കരണ നടപടികളിലൂടെ ധാരാളം ശത്രുക്കളെ സമ്പാദിച്ച വേലുത്തമ്പിയ്ക്ക് ഒടുവില്‍ പട്ടാളലഹളയെത്തന്നെ (1804) നേരിടേണ്ടിവന്നു. ബ്രിട്ടീഷ് റസിഡന്റായിരുന്ന മെക്കാളേയുടെ സഹായത്താല്‍ ബ്രിട്ടീഷ് സൈന്യത്തെ ഉപയോഗിച്ച് ലഹള അടിച്ചമര്‍ത്താനായെങ്കിലും 1805-ല്‍ ഈസ്റ്റിന്ത്യാ കമ്പനിയുമായി പുതിയൊരു ഉടമ്പടിയില്‍ ഒപ്പു വെയ്ക്കേണ്ടി വന്നു. ഈ ഉടമ്പടി പ്രകാരം തിരുവിതാംകൂറിന്റെ  ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുവാന്‍ ഈസ്റ്റിന്ത്യാ കമ്പനിക്ക് അധികാരം ലഭിച്ചു.

ഫലത്തില്‍ കമ്പനിയുടെ സാമന്തപദവിയിലേക്കു തിരിവിതാംകൂര്‍ അധ:പതിക്കുകയും ചെയ്തു. വര്‍ഷം തോറും കമ്പനിക്ക് 80,000 രൂപ കപ്പം നല്‍കണമെന്നും വ്യവസ്ഥ ചെയ്യപ്പെട്ടു.  ഉടമ്പടിയുടെ തിക്താനുഭവങ്ങളില്‍ അമര്‍ഷം പൂണ്ട വേലുത്തമ്പി മെക്കാളേയുമായി തെറ്റിപ്പിരിയുകയും കമ്പനിക്കെതിരായി കലാപത്തിനൊരുങ്ങുകയും ചെയ്തു. 1809 ജനുവരിയില്‍ കുണ്ടറ വച്ച് ബ്രിട്ടീഷ് രാജിനെതിരെ വേലുത്തമ്പി നടത്തിയ വിളംബരത്തെ തുടര്‍ന്ന് തിരുവിതാംകൂറും ബ്രിട്ടീഷുകാരുമായി തുറന്ന യുദ്ധങ്ങള്‍ ഉണ്ടായി.  വേലത്തമ്പിയുടെ പരാജയത്തിലും ആത്മത്യാഗത്തിലും കലാശിച്ച ഈ കലാപത്തിന്റെ ഫലമായി തിരുവിതാംകൂറിന് സ്വതന്ത്രരാജ്യമെന്ന പദവി എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.  തുടര്‍ന്ന് ബ്രിട്ടീഷ് ഹിതമാണ് ഭരണകാര്യങ്ങളിലുടനീളം പുലര്‍ന്നിരുന്നത്. പിന്നീട് തിരുവിതാംകൂര്‍ ഭരിച്ച രാജാക്കന്‍മാരും രാജ്ഞിമാരും തനതായ സ്വാതന്ത്ര്യം നഷ്ടപ്പെട്ട് സാമന്തഭരണമാണ് നിര്‍വ്വഹിച്ചത്.

1712-ഓടെ കേരളത്തിന്റെ ഇതര ഭാഗങ്ങളെപ്പോലെ തന്നെ തിരുവിതാംകൂറും ബ്രിട്ടീഷുകാരുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലായി. പാര്‍വ്വതിബായിക്കു ശേഷം സ്വാതി തിരുനാള്‍ രാമവര്‍മ്മ ഭരണമേറ്റെടുത്തു.  രാജാവും, റസിഡന്റും (മെക്കാളെയ്ക്കു ശേഷം, കേണല്‍ മണ്‍റോ) ദിവാനും ഉള്‍പ്പെട്ട ത്രികക്ഷി ഭരണമാണ് നിലവില്‍ വന്നത്. ബഹുഭാഷാ പണ്ഡിതനായിരുന്ന ഇദ്ദേഹം സംഗീത ചക്രവര്‍ത്തി എന്ന നിലയിലാണ് അനശ്വരനായിരിക്കുന്നത്. കര്‍ണാടക സംഗീതത്തിലെ മഹാചാര്യന്‍മാരുടെ കൂട്ടത്തില്‍ ഇദ്ദേഹത്തിന് സ്ഥാനമുണ്ട്. സംസ്കൃതം, തെലുങ്ക്, മറാഠി, ഹിന്ദുസ്ഥാനി തുടങ്ങിയ നിരവധി ഭാഷകളിലായി നിരവധി കീര്‍ത്തനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷാഭ്യാസത്തിനും നീതിന്യായ പരിഷ്ക്കരണത്തിനും മരാമത്ത് പണികള്‍ക്കും പ്രോത്സാഹനം നല്കിയ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയുമായിരുന്നു സ്വാതി തിരുനാള്‍.  ബ്രിട്ടീഷ് റസിഡന്റായിരുന്ന ജനറല്‍ കല്ലന്‍ തന്റെ സ്വജനപക്ഷപാതപരമായ ഇടപെടലുകളിലൂടെ മഹാരാജാവിന്റെ നീരസം സമ്പാദിക്കുകയും തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയും ചെയ്തു.  ഭരണകാര്യങ്ങളില്‍ റസിഡന്റ് നടത്തിയ ദു:സ്സഹമായ കൈകടത്തലുകള്‍ക്കെതിരായി ഇംഗ്ലീഷ് പണ്ഡിതന്‍ കൂടിയായിരുന്ന രാജാവ് നല്‍കിയ അപ്പീലുകള്‍ക്ക് മദിരാശി ഗവര്‍ണ്ണര്‍ അനുകൂലമായ തീര്‍പ്പുകല്‍പ്പിക്കാത്തതില്‍ അദ്ദേഹം അതീവ ദു:ഖിതനായിത്തീര്‍ന്നു.  ഭരണകാര്യങ്ങളില്‍ വിരക്തി പൂണ്ട സ്വാതിതിരുനാള്‍ ഒരു യോഗിയെപ്പോലെ ശിഷ്ടജീവിതം കഴിക്കേണ്ടി വന്നു. ദിവാനായി നിയമിക്കപ്പെട്ട ടി.മാധവറാവുവിന്റെ (1887-92)  കാലത്തു നടപ്പിലായ പരിഷ്ക്കാരങ്ങളില്‍ വിദ്യാഭ്യാസത്തിനു നല്‍കിയ മുന്‍തൂക്കം എടുത്ത് പറയേണ്ടതാണ്. 1834-ല്‍ തിരുവനന്തപുരത്ത് ആരംഭിച്ച ഇംഗ്ലീഷ് സ്കൂളിനെ 1866-ല്‍ കോളേജാക്കി ഉയര്‍ത്തിയതും വിദ്യാഭ്യാസ വിചക്ഷണന്‍മാരായ ജോണ്‍ റോസ്, റോബര്‍ട്ട് ഹാര്‍വി എന്നിവരെ അവിടെ നിയമിച്ചതും പില്‍ക്കാലത്ത് തിരുവനന്തപുരത്തെ ഒരു സാംസ്ക്കാരിക കേന്ദ്രമാക്കി ഉയര്‍ത്താന്‍ സഹായകമായി. നാടുനീളെ ഇംഗ്ലീഷ്, മലയാളം, തമിഴ് സ്കൂളുകള്‍ മാധവ റാവുവിന്റെ കാലത്താണ് സ്ഥാപിതമായത്.  രാഷ്ട്രീയ പ്രബുദ്ധതയും പൌരാവകാശ ബോധവും വളര്‍ത്താന്‍ ഇത് ഇടയാക്കി.  തിരുവനന്തപുരത്തെ മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികളായ ജി.പി പിള്ള മുതലായവര്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ലേഖനങ്ങള്‍ മദ്രാസിലെ മെയിന്‍ സ്റ്റാന്‍ഡേര്‍ഡ് തുടങ്ങിയ പത്രങ്ങളിലൂടെ പ്രകാശിപ്പിച്ചു.  മലയാളികളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ‘മലയാളി സഭ’എന്ന പേരില്‍ ഒരു സംഘടന തിരുവനന്തപുരത്ത് രൂപം കൊണ്ടു.  സര്‍ക്കാരിന്റെ ദുര്‍നടപടികളെ തുറന്നെതിര്‍ക്കാന്‍ സ്വദേശാഭിമാനി പത്രത്തിനും അതിന്റെ പത്രാധിപരായ കെ.രാമകൃഷ്ണ പിള്ളയ്ക്കും കഴിഞ്ഞത് ഈ ആവേശത്തിന്റെ ഫലമായാണ്. 

അടിമത്ത നിര്‍മ്മാര്‍ജ്ജനം
അടിമത്തവും അടിമ വ്യാപാരവും നിര്‍ത്തലാക്കുന്നതിന് ബ്രിട്ടീഷ് ഭരണകൂടം ഉറച്ച നിലപാടുകളാണ് കൈകൊണ്ടത്.  1843-ല്‍ ഇന്ത്യയിലാകമാനം അടിമവ്യാപാരം പാടേ നിരോധിച്ചുകൊണ്ട് ബ്രിട്ടീഷ് ഭരണകൂടം വിളംബരം പുറപ്പെടുവിച്ചു. മലബാറില്‍ 1792-ല്‍ തന്നെ അടിമകളെ വാങ്ങുന്നതും വില്‍ക്കുന്നതും കുറ്റകരമാക്കിയിരുന്നു. ഇതിന്റെ ചുവടു പിടിച്ച് 1812-ല്‍ റാണി ലക്ഷ്മീഭായി അടിമവ്യാപാരത്തിനെതിരായ ആദ്യത്തെ വിളംബരം പുറപ്പെടുവിച്ചു.  ഇതിലൂടെ കുറവര്‍, പറയര്‍, പുലയര്‍, പള്ളര്‍, മലയന്‍, വേടര്‍ എന്നീ അടിയാര്‍ വിഭാഗങ്ങളൊഴിച്ചുള്ള എല്ലാ ജാതിക്കാരും അടിമത്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. അടിമത്ത സമ്പ്രദായത്തിനെതിരെ നാട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന മിഷനറിമാര്‍ നിരന്തരമായി നിവേദനങ്ങള്‍ നല്‍കിയിരുന്നു.  ഇവയോടു പ്രതികരിച്ച് ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ തന്റെ 1853-ലെ സര്‍ക്കാര്‍ വിളംബരത്തിലൂടെ അടിമകള്‍ക്കുണ്ടാകുന്ന സന്തതികള്‍ക്ക് അടിമത്തത്തില്‍ നിന്നും മോചനം നല്‍കുകയും അവരുടെ നാനാമുഖമായ അഭിവൃദ്ധിക്കു വേണ്ടി ഉദാരമായ ചട്ടങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് 1855-ല്‍ പുറപ്പെടുവിച്ച രണ്ടാം വിളംബരത്തിലൂടെ അടിമത്തം പാടേ നിരോധിക്കപ്പെട്ടു.  1869-ലെ പ്രഖ്യാപനത്തിലൂടെ അടിയന്‍, അടിയങ്ങള്‍ എന്നീ പദങ്ങള്‍ പ്രമാണങ്ങളില്‍ ഉപയോഗിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി. അടിമകള്‍ക്ക് കോടതികളില്‍ പ്രവേശനം അനുവദിക്കുകയും പേരിനു മാത്രമെങ്കിലും പൊതു നിരത്തുകള്‍ തുറന്നു കൊടുക്കുകയും ചില സ്കൂളുകളില്‍ പ്രവേശനം അനുവദിക്കുകയും ചെയ്തു. 1865-ല്‍ 110 അനാവശ്യനികുതികള്‍ നിര്‍ത്തലാക്കി കൊണ്ട് പുറപ്പെടുവിച്ച വിളംബരവും സ്തുത്യര്‍ഹമാണ്. 

മിഷനറി പ്രവര്‍ത്തനം
ദളിതരെ ക്രൂരമായി പീഡിപ്പിക്കുകയും മുഖ്യധാരയില്‍ നിന്ന് മന:പൂര്‍വം അകറ്റി നിര്‍ത്തുകയും ചെയ്ത സവര്‍ണര്‍, പരിവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മുസ്ളീങ്ങളോടും ക്രിസ്ത്യാനികളോടും അതിരില്ലാത്ത അടുപ്പം പുലര്‍ത്തി പോന്നു. ഇത് വ്യാപകമായ മതം മാറ്റത്തിന് പ്രചോദനം നല്‍കി.  തെക്കന്‍ കേരളത്തില്‍ മത പരിവര്‍ത്തനം നടന്നത് ഏറെയും ക്രിസ്തുമതത്തിലേക്കാണ്. ചാന്നാര്‍ വര്‍ഗ്ഗക്കാര്‍ക്കിടയില്‍ ക്രിസ്തുമതത്തിന് എളുപ്പം പടര്‍ന്നു കയറാനായി.  തീരദേശത്തെ മീന്‍പിടുത്തക്കാര്‍ക്കിടയിലും വ്യാപകമായ മതംമാറ്റം ഉണ്ടായി. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തിരുവിതാംകൂറിലെ ജനസംഖ്യയില്‍ എട്ടിലൊന്ന് ക്രിസ്ത്യാനികളായിരുന്നു. സാമൂഹിക മാന്യത, സഞ്ചാര സ്വാതന്ത്ര്യം, തീണ്ടലില്ലായ്മ തുടങ്ങിയ അനുകൂല സാഹചര്യങ്ങള്‍ ഉപയോഗിച്ച് ക്രിസ്ത്യന്‍ വിഭാഗക്കാര്‍ സാമ്പത്തിക വളര്‍ച്ചയിലേക്ക് നീങ്ങിയത് പുതിയൊരു സമ്പന്നവര്‍ഗ്ഗം ഉണ്ടാകുന്നതിന് വഴിയൊരുക്കി.  മിഷനറിമാരുടെ സഹായ സഹകരണങ്ങള്‍ ഇവര്‍ക്ക് താങ്ങായി വര്‍ത്തിക്കുകയും ചെയ്തു.  മിഷനറി സംഘങ്ങളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ വളരെയധികം സഹായങ്ങള്‍ നല്‍കി.
 
നാടിന്റെ നാനാഭാഗങ്ങളിലായി മിഷനറി സംഘങ്ങള്‍ ഇംഗ്ലീഷ് സ്കൂളുകള്‍ സ്ഥാപിച്ചതോടെ ഈ വിഷയത്തില്‍ ഗവണ്‍മെന്റ് താല്പര്യമെടുത്തു.  ജാതിഭേദം അവഗണിച്ച് സാര്‍വ്വത്രിക വിദ്യാഭ്യാസം ഏര്‍പ്പെടുത്തുവാനുള്ള മിഷനറിമാരുടെ യത്നവും താഴ്ത്തപ്പെട്ടവരോടുള്ള സൌഹൃദപൂര്‍ണ്ണമായ പെരുമാറ്റവും നല്ലൊരു വിഭാഗം അധ:സ്ഥിതരെ അവരിലേക്കാകര്‍ഷിച്ചു. ജനമധ്യത്തില്‍ സ്വാതന്ത്ര്യബോധം അലയടിക്കാനാരംഭിച്ചു.

1910 മാര്‍ച്ച് 1-നാണ് അയിത്ത ജാതിക്കാര്‍ക്ക് സ്കൂള്‍ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.  എങ്കിലും സവര്‍ണ്ണരുടെ വ്യാപകമായ പ്രതിഷേധങ്ങള്‍ സൃഷ്ടിച്ച പ്രതിബന്ധങ്ങള്‍ മൂലം അധ:കൃത ജനതക്ക് അക്ഷരാഭ്യാസം നേടുന്നതിന് ഏറെനാള്‍ കാത്തിരിക്കേണ്ടി വന്നു.

Foreign Domination