ബാങ്കിംഗ്

ബാങ്ക്

സര്‍ സി.പി.രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ ദിവാനായി അധികാരമേറ്റപ്പോള്‍ ബാങ്കിംഗ് രംഗത്ത് പല പരിവര്‍ത്തനങ്ങള്‍ക്കും കളമൊരുക്കി. ഇന്നു തിരുവനന്തപുരത്ത് എല്ലാ ദേശസാത്കൃത ബാങ്കുകളുടേയും ബ്രാഞ്ചുകളുണ്ട്. തിരുവനന്തപുരം ജില്ലയിലെ ലീഡിങ് ബാങ്ക് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കാണ്. റിസര്‍വ്വ് ബാങ്കിന്റെ പ്രധാനശാഖയും തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ആസ്ഥാനം തിരുവനന്തപുരമാണ്. ഇതിനു പുറമെ സ്റ്റേറ്റ് സഹകരണ ബാങ്കിന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ലാന്‍ഡ് മോര്‍ട്ടുഗേജ് ബാങ്കിന്റെ ആസ്ഥാനവും തിരുവനന്തപുരത്തു തന്നെ. വിവിധ ബാങ്കുകളുടെ നൂറിലധികം ബ്രാഞ്ചുകള്‍ തിരുവനന്തപുരത്തും പരിസരത്തുമായി പ്രവര്‍ത്തിച്ചുവരുന്നു. പാളയത്തെ കെട്ടിടത്തില്‍ റിസര്‍വ്വ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത് 1982 ലാണ്. ഗവ:സെക്രട്ടറിയേറ്റിനു സമീപമുളള ആനക്കച്ചേരി മന്ദിരത്തിലാണ് 1945 സെപ്റ്റംബര്‍ 12 ന് എസ്.ബി.ടി യുടെ പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചത്. ആദ്യകാലത്തു ബാങ്കിന്റെ ചുമതല യൂറോപ്യന്‍മാരില്‍ നിക്ഷിപ്തമായിരുന്നു. 1959 ല്‍ കേരള സര്‍ക്കാരിന്റെ തീരുമാനമനുസരിച്ച് ഇന്തോ-മെര്‍ക്കന്റയിന്‍ ബാങ്കിന്റെ ഒരു വിഭാഗം ആസ്തി ബാധ്യതകള്‍ ട്രാവന്‍കൂര്‍ ബാങ്കില്‍ ലയിപ്പിച്ചു. 1960 ആയപ്പോഴേയ്ക്കും എസ്.ബി.ഐ യുടെ സബ്സിഡിയറി ബാങ്കുകളില്‍ ഒന്നായി എസ്.ബി.ടി മാറി. 1995 ല്‍ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ 2070 ലക്ഷം രൂപയുടെ അറ്റാദായം എസ്.ബി.ടി നേടിക്കഴിഞ്ഞു.ആധുനിക രീതിയിലുളള ബാങ്കിംഗ് സമ്പ്രദായം ഭാരതത്തില്‍ നിലവില്‍ വന്നത് ബ്രിട്ടീഷുകാരുടെ ആഗമനത്തിനു ശേഷമാണ്. വ്യാപാര സൌകര്യാര്‍ത്ഥം മൂന്ന് പ്രവിശ്യാ ബാങ്കുകളായിരുന്നു സ്ഥാപിച്ചത്. പ്രസിഡന്‍സി ബാങ്ക് ഓഫ് ബോംബെ, പ്രസിഡന്‍സി ബാങ്ക് ഓഫ് കല്‍ക്കട്ട, പ്രസിഡന്‍സി ബാങ്ക് ഓഫ് മദ്രാസ്. 1921 ല്‍ ഈ മൂന്ന് ബാങ്കുകള്‍ കൂട്ടിച്ചേര്‍ത്ത് ഇംപീരിയല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്ന വലിയ ബാങ്കിംഗ് സ്ഥാപനത്തിനു രൂപം കൊടുത്തു. 1955 ല്‍ കേന്ദ്രസര്‍ക്കാര്‍ ദേശസാല്‍ക്കരണത്തിലൂടെ ഇംപീരിയല്‍ ബാങ്ക് ഏറ്റെടുക്കുകയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിക്കുകയും ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നഗരത്തില്‍ പന്ത്രണ്ടിലധികം ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നു. എസ്.ബി.ഐ യുടെ സോണല്‍ ഓഫീസ് എല്‍.എം.എസ് ജംഗ്ഷനില്‍ നഗരസഭ കാര്യാലയത്തിനു സമീപം സ്ഥിതി ചെയ്യുന്നു.

ഭൂമി കൃഷി ചെയ്യുന്നതിനു സര്‍ക്കാരില്‍ നിന്നും ധനസഹായം ചെയ്യുന്ന രീതി വളരെ മുന്‍പെ നടപ്പിലാക്കിയിരുന്നു. വ്യക്തമായ ജാമ്യത്തില്‍ വായ്പകള്‍ നല്‍കുകയും തവണകള്‍ പ്രകാരം അവ ഈടാക്കുകയും ചെയ്യുന്നു. കൊ.വ 1066-ാ മാണ്ട് അഞ്ചാം നമ്പര്‍ (5) റഗുലേഷന്‍ നടപ്പിലാക്കി. 1096 ല്‍ പരിഷ്ക്കരിച്ച ചട്ടങ്ങളും പുറപ്പെടുവിച്ചു. തുടര്‍ന്ന് ആയിരങ്ങളുടെ സ്ഥാനത്ത് ലക്ഷങ്ങളും കോടികളും വായ്പകള്‍ നല്‍കുന്ന സംവിധാനം നിലവില്‍ വന്നു. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കും വ്യവസായം, കെട്ടിട നിര്‍മ്മാണം തുടങ്ങിയവയ്ക്കും വായ്പകള്‍ നല്‍കുന്നതിനും സ്ഥാവരവസ്തുക്കളിന്‍മേലുളള കടം വീട്ടുന്നതിനും വേണ്ടി കേരളസ്റ്റേറ്റ് ഭൂപണയ ബാങ്ക് സഹായം നല്‍കുന്നു. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കും അതിന്റെ ശാഖകളും കൂടാതെ പ്രാഥമികഭൂപണയ ബാങ്ക്, പ്രാഥമിക കാര്‍ഷിക വായ്പാ സൊസൈറ്റികള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ സൊസൈറ്റികള്‍ എന്നിവയും ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ഷക സര്‍വ്വീസ് സൊസൈറ്റികള്‍, പ്രാഥമിക വ്യാപാര സൊസൈറ്റികള്‍, കോഴി വളര്‍ത്തല്‍ സമിതികള്‍, കൂട്ടുകൃഷി സമിതികള്‍, പ്രാഥമിക ഉപഭോക്തൃ സ്റ്റോറുകള്‍, സ്കൂളുകളുടെ സ്റ്റോറുകള്‍, ഭവന നിര്‍മ്മാണ സമിതികള്‍, തൊഴില്‍ കരാര്‍ സമിതികള്‍ എന്നിവ ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. എല്‍.ഐ.സി. ഓഫ് ഇന്ത്യയുടെയും കെ.എസ്.എഫ്.ഇയുടെയും ബ്രാഞ്ചുകള്‍ തിരുവനന്തപുരം നഗരത്തിലെ സാമ്പത്തിക ക്രയവിക്രയങ്ങളില്‍ പങ്കാളികളാകുന്നു.