ജയില്‍

ജയിലുകളുടെ ചരിത്രം
തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികളെ ശിക്ഷയുടെ കാലയളവ് കഴിയും വരെ തടവില്‍ പാര്‍പ്പിക്കുന്ന സംവിധാനം നീതി നിര്‍വ്വഹണത്തിന്റെ ഭാഗമാണ്. ലോകത്തെ എല്ലാ രാജ്യങ്ങളിലും എല്ലാ ഭരണസമ്പ്രദായത്തിനു കീഴിലും ഈ സമ്പ്രദായമുണ്ട്. കേരളത്തില്‍ ഇത്തരത്തിലുള്ള 3 ജയിലുകളാണ് ഉള്ളത്. തിരുവനന്തപുരത്തും, തൃശൂരും, കണ്ണൂരും. തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള സെന്‍ട്രല്‍ ജയിലാണ് ഇതില്‍ പ്രധാനം. നഗരത്തിലെ മറ്റൊരു പ്രധാന ജയില്‍ അട്ടക്കുളങ്ങരയിലുള്ള സബ് ജയിലാണ്. റിമാന്‍ഡ് ചെയ്യപ്പെട്ട പ്രതികളെ പാര്‍പ്പിക്കുന്ന സ്ഥലമാണ് സബ് ജയില്‍. ഒരു മാസത്തിനു താഴെ ശിക്ഷാ വിധി കല്‍പ്പിക്കാറുള്ള തടവുകാരെ മുന്‍കാലത്ത് പോലീസ് സ്റ്റേഷനുകളോടൊപ്പമുണ്ടായിരുന്ന ലോക്കപ്പു മുറികളിലാണ് പാര്‍പ്പിച്ചിരുന്നത്. സെന്‍ട്രല്‍ ജയിലിനു അഭിമുഖമായി കുട്ടികളുടെ ജയില്‍ (ദുര്‍ഗുണ പരിഹാര പാഠശാല) പ്രവര്‍ത്തിക്കുന്നു.

പൂജപ്പുര സെന്‍ട്രല്‍ ജയില്‍
സംസ്ഥാന ജയില്‍ വകുപ്പിന്റെ കീഴിലുള്ള സെന്‍ട്രല്‍ജയില്‍ ജയില്‍ സൂപ്രണ്ടിന്റെ നിയന്ത്രണത്തിലും ഭരണത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. അസി.സൂപ്രണ്ടുമാരും, വാര്‍ഡന്‍മാരും, മറ്റു ജയില്‍ ജോലിക്കാരുമടങ്ങുന്ന മുന്നൂറോളം പേര്‍ വരുന്ന ഒരു സംഘം ഉദ്യോഗസ്ഥന്‍മാര്‍ ഇവിടെയുണ്ട്. ദിവാന്‍ ശേഷയ്യാ ശാസ്ത്രിയുടെ കാലത്ത് ആക്ടിങ്ങ് റസിഡന്റായ ഹാനിംഗ്ടന്റെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരത്ത് സെന്‍ട്രല്‍ ജയിലും ജില്ലകള്‍ തോറും ഓരോ ജയിലും ആലപ്പുഴയില്‍ വിശേഷാല്‍ ജയിലും സ്ഥാപിച്ചതായി രേഖയുണ്ട്. കോട്ടയ്ക്കകത്ത് നായര്‍ പട്ടാളത്തിന്റെ പാളയത്തില്‍ പ്രാരംഭം കുറിച്ച സെന്‍ട്രല്‍ ജയില്‍ അവിടെ നിന്നും പൂജപ്പുരയില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിലേയ്ക്കു മാറ്റി സ്ഥാപിച്ചതായി രേഖയുണ്ട്. 1886-87 ല്‍ കോട്ടയ്ക്കകത്തു നിന്നും ജയില്‍ പൂജപ്പുരയിലേക്കു മാറ്റി. ജഗതി ഭക്തിവിലാസത്തിനു പുറകിലായി പ്രവര്‍ത്തിച്ചിരുന്ന റെസ്ക്യൂഷെല്‍ട്ടറും പിന്നീട് പൂജപ്പുരയിലേക്കു മാറ്റി. വളപ്പിനുള്ളില്‍ തന്നെ തൂക്കുമരവും സ്ഥാപിച്ചിരിക്കുന്നു.