ദേശ ചരിത്രം

ദേശ ചരിത്രം

ഇന്ത്യയിലെ ഏറ്റവും പുരാതനമായ രാജവംശങ്ങളിലൊന്നാണ് തിരുവിതാംകൂര്‍ രാജവംശം. പ്രാരംഭ നാമധേയം ‘ചേര’ എന്നായിരുന്നു. “ചേര രാജവംശം” സാമരാജ്യത്തിന്റെ പ്രധാനഭാഗം വിഭജിക്കപ്പെട്ടു പോയതിനു ശേഷം തെക്കേ അറ്റത്തുളള ഭാഗങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ രാജ്യത്തെ സമൃദ്ധിയുടെ നാട്”എന്നര്‍ത്ഥത്തില്‍ “ശ്രീവാഴുങ്കോട്”അഥവാ തിരുവാരങ്കോട് എന്നു വിളിച്ചു പോന്നു. ഇതിന്റെ ഗ്രാമ്യരൂപമായി ഉണ്ടായ തിരുവന്‍കോട്” എന്ന നാമധേയത്തില്‍ നിന്നും തിരുവിതാംകൂര്‍”എന്ന പേര്‍ ഉത്ഭവിച്ചു. രണ്ടാമതായി നിലനിന്നിരുന്ന പേരായിരുന്നു “വാണവനാട്, പിന്നീട് “വേണാട്”എന്നായി തീര്‍ന്നു. മൂന്നാമത്തെ പേര്‍ “കേരള”എന്നായിരുന്നു. നാലമത്തേതാകട്ടെ വഞ്ചിദേശമെന്നായിരുന്നു. അഞ്ചാമത്തേത് തിരുഅടിദേശം”എന്നും. ഇത്തരത്തില്‍ വ്യത്യസ്ത പേരുകള്‍ തിരുവനന്തപുരത്തിനു ചരിത്രത്തില്‍ കാണാം. ഹൈന്ദവ ഭൂമിശാസ്ത്രം ലോകത്തെ ഒമ്പത് ഭാഗമാക്കി വിഭജിച്ചിട്ടുണ്ട്. ഏഷ്യയെ ജംബു ദ്വീപെന്നാണ് വിശേഷിപ്പിക്കുന്നത്. ഇതില്‍ ഭാരതകാണ്ഡം 55 രാജസ്ഥാനങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ അവസാനത്തെ ‘ചേര, ‘കേരള’രാജസ്ഥാനങ്ങള്‍ ഒരേ രാജാവിന്റെ കീഴില്‍ അതായത് തിരുവിതാംകൂര്‍ രാജാവിന്റെ അധീനതയിലായിരുന്നു. പത്താം നൂറ്റാണ്ടു വരെയും ആയ് രാജാക്കന്‍മാരുടെ ഭരണത്തിലായിരുന്നു തിരുവനന്തപുരം. അക്കാലത്ത് കേരളം തമിഴ് പ്രദേശമായിരുന്നു. പാണ്ഡ്യലിഖിതങ്ങളിലും അകനാനൂറ്, പുറനാനൂറ് തുടങ്ങിയ തമിഴ് കൃതികളിലും നിന്നാണ് സംഘകാലഘട്ടമെന്നു കൂടി അറിയപ്പെടുന്ന ഈ കാലയളവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുക. ആയ് രാജാക്കന്‍മാര്‍ യാദവവംശത്തില്‍ പിറന്നവരാണെന്ന് വിക്രമാദിത്യ വരഗുണന്റെ ‘പാലിയം ശാസനത്തില്‍ പറയുന്നു. സംഘകാലത്തോടുകൂടി ചരിത്ര കാലഘട്ടം ആരംഭിക്കുന്ന തമിഴകത്തില്‍ പൊതിയില്‍മല ആസ്ഥാനമാക്കിയാണ് ഇവര്‍ ഭരിച്ചിരുന്നത്. രണ്ടാം നൂറ്റാണ്ടില്‍ ഇന്ത്യയെ കുറിച്ചെഴുതിയ ടോളമി, ബാറിസിനും (പമ്പാനദി) കന്യാകുമാരിക്കും ഇടയിലുളള രാജ്യത്തെ അയോയി’എന്നു വിളിക്കുന്നു.
ഇപ്പോള്‍ തിരുവനന്തപുരം ജില്ലയായി പരിഗണിക്കപ്പെടുന്ന പ്രദേശത്തിന്റെ മുന്‍കാല സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥിതി കേരളത്തില്‍ പൊതുവായി കഴിഞ്ഞകാലങ്ങളിലുണ്ടായിരുന്ന വ്യവസ്ഥിതികള്‍ക്ക് ഏറെക്കുറെ സമാനമാണ്. പ്രാചീന മനുഷ്യര്‍ ഇവിടെ നിവസിച്ചിരുന്നു എന്നതിന് വിശ്വസിക്കത്തക്ക തെളിവുകള്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വേണാട് ശക്തി പ്രാപിക്കുന്നതിനു മുമ്പ് തിരുവനന്തപുരം ആയ്’രാജവംശത്തിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. പിന്നീട് വേണാടിന്റെ ഭാഗമായി. വേണാട് പിന്നീട് തിരുവിതാംകൂര്‍ രാജ്യമായി. ഇന്നത്തെ തിരുവനന്തപുരം ജില്ലയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഭൂഭാഗങ്ങള്‍ എ. ഡി 10-ാം ശതകം വരെ സാംസ്കാരികമായി പ്രാചീന തമിഴകത്തിന്റെ ഭാഗമായിരുന്നു. തമിഴോ അനുബന്ധഭാഷകളോ വ്യവഹാരത്തിലുണ്ടായിരുന്ന ഈ ഭൂഭാഗത്തെ ജനസഞ്ചയം ആദ്യകാലങ്ങളില്‍ ജാതികളോ സമുദായങ്ങളോ ആയി വേര്‍തിരിക്കപ്പെട്ടിരുന്നില്ല. സ്വാതന്ത്ര്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു സാമൂഹികഘടനയായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. തൊഴിലിന്റെ അടിസ്ഥാനത്തില്‍ പാണന്‍, പറയന്‍, ചാന്നാന്‍, വില്ലവന്‍, ഉഴവന്‍, പരതവന്‍, ആയന്‍ എന്നിങ്ങനെ വിഭജനക്രമം നിലനിന്നിരുന്നെങ്കിലും ഇവര്‍ക്കിടയില്‍ ഉച്ചനീചത്വമോ പ്രകടമായ ജാതിവ്യത്യാസമോ ഉണ്ടായിരുന്നില്ല. തീണ്ടല്‍, തൊടീല്‍ തുടങ്ങിയ സാമൂഹിക അനാചാരങ്ങള്‍ തീരെ ഇല്ലായിരുന്നു.

 


അനന്തപുരം

ആനന്ദപുരം, അനന്തപുരം, തൃപ്പാദപുരം എന്നീ പേരുകളില്‍ തിരുവനന്തപുരം മുന്‍കാലങ്ങളില്‍ അറിയപ്പെട്ടിരുന്നു. ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി  ബന്ധപ്പെട്ടാണ് തിരുവനന്തപുരം എന്ന പേര് ഉണ്ടായത് എന്ന് ഐതിഹ്യം. ശ്രീപത്മനാഭനെ ആനന്ദന്‍ എന്ന് പണ്ട് പറഞ്ഞിരുന്നുവെന്നും അതില്‍ നിന്ന് പിന്നീട് ആനന്ദപുരം, അനന്തപുരം എന്നീ പേരുകള്‍ വന്നുവെന്നും ഒരഭിപ്രായമുണ്ട്. ആയിരം തലയുളള ദിവ്യ നാഗമായ അനന്തനില്‍ നിന്നാണ് ഈ പേരു വന്നതെന്ന് മറ്റൊരു പക്ഷവുമുണ്ട്. മഹാവിഷ്ണുവിനെ ശ്രീപത്മനാഭ ക്ഷേത്രത്തില്‍ അനന്തശായി ആയിട്ടാണ് പ്രതിഷ്ഠിച്ചിട്ടുളളത്. അതുകൊണ്ടാണ് ‘അനന്തപുരം’എന്ന് പേര് വന്നത് എന്ന് പറയപ്പെടുന്നു. അനന്തപുരം എന്ന പേരിനോട് തിരു എന്ന ബഹുമാന സൂചകപദം ചേര്‍ന്നപ്പോള്‍ തിരുവനന്തപുരം ആയതാകാം എന്ന് ഐതിഹ്യം.
 

 


കുലശേഖര ഭരണകാലം
കുലശേഖര ഭരണത്തിന്റെ പൂര്‍വ്വഘട്ടമായ ഒമ്പതും പത്തും നൂറ്റാണ്ടുകള്‍ കേരളചരിത്രത്തിലെ “സുവര്‍ണ്ണയുഗമാണ് എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഭരണ സൌകര്യത്തിനായി കേരളത്തെ പല പ്രവിശ്യകളായി വിഭജിച്ചിരുന്നു. വേണാടായിരുന്നു സാമ്രാജ്യത്തിന്റെ തെക്കേയറ്റത്തെ നാട്. കൊല്ലം, കൊട്ടാരക്കര, ചിറയിന്‍കീഴ് താലൂക്കുകളും തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളുടെ ഏതാനും ഭാഗങ്ങളും ചേര്‍ന്നതായിരുന്നു അന്നത്തെ വേണാട്. കൊല്ലമായിരുന്നു തലസ്ഥാനം. സാമ്രാജ്യത്തിന് വിപുലമായ സംവിധാനങ്ങളുണ്ടായിരുന്നു. പലതരം നികുതികള്‍ പിരിച്ചിരുന്നതായി അന്നത്തെ ശാസനങ്ങളില്‍ നിന്നു മനസ്സിലാക്കാം. സാധാരണ സൈന്യത്തിനു പുറമെ കപ്പല്‍ പടയുണ്ടായിരുന്നു. 'മകോതൈ' അഥവാ മഹോദയപുരം ആയിരുന്നു കുലശേഖരന്മാരുടെ രാജധാനി. ഒന്‍പതും പത്തും നൂറ്റാണ്ടുകളില്‍ വിജ്ഞാനത്തിന്റേയും സംസ്കാരത്തിന്റേയും പ്രമുഖ കേന്ദ്രമായിരുന്നു മഹോദയപുരം. വളരെയധികം സജ്ജീകരണങ്ങളോടുകൂടിയ ഒരു 'വാനനിരീക്ഷണ ശാല' (ഒബ്സര്‍വേറ്ററി) തെക്കേ ഇന്ത്യയില്‍ (തിരുവിതാംകൂറില്‍) പ്രവര്‍ത്തിച്ചിരുന്നു. ആര്യഭടന്റെ ജോതിശാസ്ത്രമനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഈ നിരീക്ഷണ ശാല മുഖേന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു മണിനാദത്താല്‍ പൊതുജനങ്ങളെ സമയം അറിയിക്കാനുള്ള ഏര്‍പ്പാടുകള്‍ രാജധാനിയില്‍ ഉണ്ടാക്കിയിരുന്നു. കുലശേഖര സാമ്രാജ്യത്തിന് വിദേശരാജ്യങ്ങളുമായി വ്യാപകമായ വാണിജ്യമുണ്ടായിരുന്നു. മലയാളഭാഷയും സാഹിത്യവും രൂപംകൊണ്ടു തുടങ്ങുന്നത് കുലശേഖരന്മാരുടെ കാലത്താണ്. കേരളത്തില്‍ ജൈന-ബുദ്ധമതങ്ങള്‍ ക്ഷയിക്കുകയും ഹിന്ദുമതം സുപ്രതിഷ്ഠ നേടുകയും ചെയ്തത് ഇക്കാലത്താണ്. ദക്ഷിണേന്ത്യയിലെ ഭക്തി പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയത് ആഴ്വാരന്മാരും നായനാരന്മാരും ആയിരുന്നു. കേരളത്തിലെങ്ങും ശൈവ വൈഷ്ണവ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. പുതിയ ക്ഷേത്ര നിര്‍മ്മാണശൈലി ഇക്കാലത്താണ് രൂപം കൊണ്ടത്. കൂത്ത്, കൂടിയാട്ടം തുടങ്ങിയ പല പുതിയ കലാരൂപങ്ങളും 9-ാം ശതകത്തില്‍ തന്നെ രൂപം കൊണ്ടിട്ടുണ്ടായിരുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ ചുമര്‍ച്ചിത്രങ്ങളുടെ ആരംഭവും കുലശേഖരന്‍മാരുടെ കാലത്താണ് ഉണ്ടായത്. മതസൌഹാര്‍ദ്ദം നിലനിര്‍ത്തിയിരുന്ന ഒരു കാലഘട്ടമായിരുന്നു കുലശേഖരന്മാരുടേത്. മറ്റു മതസ്ഥാപനങ്ങളെ ബഹുമാനപൂര്‍വ്വം "പള്ളികള്‍'' എന്നാണ് അന്നു വിളിച്ചിരുന്നത്.

 


വേണാട്
 
വേണാട്ടിലെ ശ്രദ്ധേയനായ ആദ്യഭരണാധികാരി എ.ഡി.1299-ല്‍ അധികാരത്തിലേറിയ രവിവര്‍മ്മ കുലശേഖരന്‍ ആണ്. വേണാടിനെ പ്രബലശക്തിയാക്കിയ രവിവര്‍മ്മ പാണ്ഡ്യപ്രദേശങ്ങള്‍ക്കുമേല്‍ പോലും ആധിപത്യം സ്ഥാപിച്ചു. 1312-ല്‍ രവിവര്‍മ്മ ദക്ഷിണേന്ത്യയുടെ ചക്രവര്‍ത്തിയായി വേഗാവതി നദിയുടെ തീരത്ത് വച്ച് കിരീടധാരണം ചെയ്തു. കേരളത്തിന് പുറത്ത് വിസ്തൃതി വര്‍ധിപ്പിച്ച രവിവര്‍മ്മ സംഗ്രാമധീരന്‍ എന്ന ബിരുദം നേടി. സ്ഥാണു രവിവര്‍മ്മയുടെ അഞ്ചാം ഭരണ വര്‍ഷത്തിലെ തരിസാപ്പളളി ശാസനം’(എ.ഡി.849)  എഴുതിക്കൊടുത്തത് അയ്യന്‍ അടികള്‍ തിരുവടികളാണ്. വേണാട് നാടുവാഴിയുടെ മേല്‍ ചേരരാജാവിനുളള അധീശത്വത്തെയും ഭരണാധികാരിയുടെ സഹിഷ്ണുതയേയും മതനയത്തേയും വെളിവാക്കുന്ന ചരിത്രരേഖയായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു. വേണാട് രാജാവിനെക്കുറിച്ചു പരാമര്‍ശമുളള മറ്റൊരു പ്രധാനപ്പെട്ട ശാസനം മാമ്പളളി ശാസനം ആണ്. 1314 മുതല്‍ 1344 വരെ ഭരിച്ച വീര ഉദയ മാര്‍ത്താണ്ഡവര്‍മ്മയാണ് മരുമക്കത്തായമനുസരിച്ച് അധികാരത്തില്‍ വന്ന ആദ്യത്തെ രാജാവ്. സുപ്രസിദ്ധമായ ‘ഉണ്ണുനീലിസന്ദേശത്തിലെ സന്ദേശവാഹകനായി കല്പിച്ചിരിക്കുന്നത് 1376 മുതല്‍ 1383 വരെ ഭരിച്ചിരുന്ന ആദിത്യവര്‍മ്മയെയാണ്. സംഗീതം, സാഹിത്യം, ആത്മശാസ്ത്രം, തര്‍ക്കം, വ്യാകരണം എന്നിങ്ങനെ നിരവധി മേഖലകളില്‍ പ്രഗത്ഭനായിരുന്നു ആദിത്യ വര്‍മ്മ. വേണാടിന്റെ ചരിത്രത്തില്‍ സുപ്രധാനമായ ഒരു കാലമായിരുന്നു ആദിത്യ വര്‍മ്മയുടേത്. വേണാടിന്റെ ചരിത്രത്തില്‍ ഏറ്റവും നീണ്ട ഭരണകാലം ചേര ഉദയ മാര്‍ത്താണ്ഡ വര്‍മ്മയുടേതാണ് (1383 മുതല്‍ 1444 വരെ). മണിപ്രവാളത്തിന്റെ ലക്ഷണഗ്രന്ഥമായ ലീലാതിലകം രചിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്. 1516-ല്‍ ഭരിച്ചിരുന്ന ജയസിംഹകേരളവര്‍മ്മയാണ് അവശര്‍ക്ക് പല അവകാശങ്ങളും ആനുകൂല്യങ്ങളും അനുവദിച്ചത്.

 

1644-ല്‍ ഇംഗ്ലീഷുകാര്‍ വിഴിഞ്ഞത്ത് ഒരു വ്യാപാരശാല നിര്‍മ്മിച്ചതാണ് 1663 മുതല്‍ 1672 വരെ ഭരിച്ച രവിവര്‍മ്മയുടെ ഭരണകാലത്തെ എടുത്തുപറയേണ്ട ഒരു സംഭവം. തുടര്‍ന്ന് ഭരണമേറ്റ ആദിത്യവര്‍മ്മയുടെ കാലത്ത് എട്ട് ഊരാളരടങ്ങുന്ന എട്ടരയോഗമാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം നടത്തിയിരുന്നത്. കരം പിരിക്കുന്നതിനായി നായര്‍മാടമ്പിമാരെ നിയോഗിച്ചു. പിന്നീട് എട്ടുവീട്ടില്‍ പിള്ളമാര്‍ എന്ന പേരില്‍ പ്രശസ്തിയാര്‍ജ്ജിച്ചവര്‍ ഈ മാടമ്പിമാരാണ്. 1677 മുതല്‍ 1684 വരെ ഭരിച്ചിരുന്ന ഉമയമ്മറാണി ധൈര്യവും കാര്യശേഷിയുമുള്ള ഭരണാധികാരിയായിരുന്നു. ഉമയമ്മറാണി ദത്തെടുത്ത കേരളവര്‍മ്മയാണ് "പുലപ്പേടി'' "മണ്ണാപ്പേടി'' എന്ന പ്രാചീനാചാരങ്ങള്‍ നിരോധിച്ചത്. വേണാടിന്റെ ചരിത്രത്തിലെ സാമൂഹിക പരിഷ്കര്‍ത്താവും, കവിയുമായിരുന്നു കേരളവര്‍മ്മ. 1721 മുതല്‍ 1729 വരെ ഭരിച്ചിരുന്ന രാമവര്‍മ്മ മഹാരാജാവിന്റെ കാലത്താണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഒരു ഉടമ്പടി ഒപ്പുവക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കുവേണ്ടി കുളച്ചലില്‍ ഒരു കോട്ട കെട്ടികൊടുക്കാമെന്ന് രാമവര്‍മ്മ ഉടമ്പടിവച്ചു. അടുത്ത അവകാശിയായ മാര്‍ത്താണ്ഡ വര്‍മ്മയായിരുന്നു ഉടമ്പടിയില്‍ ഒപ്പുവച്ചത്. 13-ാം ശതകത്തിനു ശേഷം സംഗ്രാമധീരനെ തുടര്‍ന്നു 1313 മുതല്‍ 1334 വരെ ഭരിച്ച ഉദയമാര്‍ത്താണ്ഡവര്‍മ്മയാണ് മരുമക്കത്തായമനുസരിച്ച് അധികാരത്തില്‍ വന്ന ആദ്യത്തെ രാജാവ്. സുപ്രസിദ്ധമായ ഉണ്ണിനീലി സന്ദേശത്തില്‍ പരാമര്‍ശിക്കുന്ന സര്‍വാംഗഗാഥ ആദിത്യ വര്‍മ്മ വീര ഉദയമാര്‍ത്താണ്ഡ വര്‍മ്മയാകാമെന്നും അതല്ലാ, 1376 മുതല്‍ ഭരിച്ച ആദിത്യ വര്‍മ്മയാണെന്നും രണ്ടുപക്ഷമുണ്ട്.
 
ആധുനിക തിരുവിതാംകൂര്‍
തിരുവിതാംകൂറിന്റെ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ ഒരു കാലഘട്ടമാണ് (1729-1758) ‘ശ്രീ പത്മനാഭ ദാസന്‍’ എന്ന അപരനാമധേയം സ്വന്തമാക്കിയ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടേത്.  1956-ല്‍ കേരള സംസ്ഥാനം രൂപം കൊളളുന്നതിനു തൊട്ടു മുമ്പ് നിലവിലുണ്ടായിരുന്ന ആധുനിക തിരുവിതാംകൂറിന്റെ ശില്പിയെന്ന സ്ഥാനം മാര്‍ത്താണ്ഡവര്‍മ്മയ്ക്കുളളതാണ്. വേണാടെന്നും, പിന്നീട് തിരുവാഴുംകോടെന്നും (തിരുവിതാംകൂര്‍) അറിയപ്പെട്ടിരുന്ന നാട്ടുരാജ്യം മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് മുമ്പുളള കാലഘട്ടത്തില്‍ തീര്‍ത്തും ദുര്‍ബ്ബലമായിരുന്നു. രാജാധികാരം തന്നെ നാമമാത്രമായിരുന്നു.  എട്ടരയോഗക്കാരും, എട്ടു വീട്ടില്‍ പിളളമാരുമായിരുന്നു പ്രധാനമായും രാഷ്ട്രീയാധികാരങ്ങള്‍ കയ്യാളിയിരുന്നത്. ക്ഷേത്ര ഭരണാധികാരം എട്ടരയോഗമെന്നറിയപ്പെടുന്ന ബ്രാഹ്മണ സംഘവും പ്രാദേശിക ഭരണം എട്ടുവീട്ടില്‍ പിളളമാരെന്നറിയപ്പെടുന്ന നായര്‍ പ്രമാണിമാരുമാണ് നടത്തിപ്പോന്നത്. ഇവരെ കീഴ്പ്പെടുത്തി അധികാരം രാജാവില്‍ നിക്ഷിപ്തമാക്കാനുളള ശ്രമം പലപ്പോഴും നടന്നിരുന്നെങ്കിലും അതൊന്നും വിജയിച്ചില്ല. മാര്‍ത്താണ്ഡവര്‍മയുടെ കാലത്താണ് എട്ടരയോഗക്കാരെയും എട്ടുവീട്ടില്‍ പിളളമാരെയും നാമാവശേഷമാക്കി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും നാടിന്റെയും ഭരണം രാജാധികാരത്തിന്‍ കീഴില്‍ കൊണ്ടു വന്നത്.

 

ശ്രീ പത്മനാഭസ്വാമിക്ഷേത്രഗോപുരത്തിന്റെ അഞ്ചു നില പൂര്‍ത്തിയാക്കിയതും, പൊന്നിന്‍കൊടിമരം, ഒറ്റക്കല്‍മണ്ഡപം, ശീവേലിപ്പുര എന്നിവ നിര്‍മ്മിച്ചതും, പത്മനാഭപുരം കൊട്ടാരം നവീകരിച്ചതും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ്. കരിങ്കല്‍ത്തൂണുകളിലെ ആകര്‍ഷകമായ കൊത്തുപണികളും ഭിത്തിച്ചിത്രങ്ങളും ആരിലും വിസ്മയമുണര്‍ത്തും. പത്മനാഭപുരം കൊട്ടാരത്തിലെ ചുമര്‍ ചിത്രങ്ങളും, ഡച്ചു തടവുകാരനായ ഡിലനായിയുടെ സ്മരണ നിലനിര്‍ത്തുന്ന ഉദയഗിരി കോട്ടയും വട്ടക്കോട്ടയും മറ്റനേകം കോട്ട കൊത്തളങ്ങളും മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ഭാവനാ വൈശിഷ്ട്യത്തെ വിളിച്ചോതുന്നവയാണ്. രാജ്യവിസ്തൃതി ഒരു മുഖ്യ കര്‍മ്മമായി ഭരണത്തിലുടനീളം പ്രാവര്‍ത്തികമാക്കിയ രാജാവായിരുന്നു മാര്‍ത്താണ്ഡവര്‍മ്മ. അദ്ദേഹം 1741- ലെ  കുളച്ചല്‍ യുദ്ധത്തില്‍  വച്ച് ഡച്ചുകാരെ പരാജയപ്പെടുത്തി. പടനായകനായ ഡിലനായിയേയും (ഡിലനായിയില്‍ നിന്നും മാര്‍ത്താണ്ഡ വര്‍മ്മ പിടിച്ചെടുത്ത പടുകൂറ്റന്‍ തോക്ക് കുതിരമാളികയോടനുബന്ധിച്ച മ്യൂസിയത്തില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്) മറ്റു സൈനിക മേധാവികളേയും തടവുകാരായി പിടിച്ച അദ്ദേഹം തിരുവിതാംകൂറിലെ സൈനിക സംവിധാനം ശക്തിമത്താക്കി. യുദ്ധോപകരണശാലയും യൂറോപ്യന്‍ രീതിയിലുളള സൈനിക പരിശീലനവും രാജ്യത്ത് നടപ്പിലാക്കാന്‍ കഴിഞ്ഞത് ഡിലനായിയേയും മറ്റും തടവുകാരായി പിടിക്കാന്‍ കഴിഞ്ഞതോടെയാണ്. ഭരണകാര്യത്തിലെന്ന പോലെ തിരുവനന്തപുരം നഗരത്തിന്റെ മുഖാകൃതി മാറ്റിയ ഭരണാധികാരിയെന്ന നിലയിലും മാര്‍ത്താണ്ഡവര്‍മ്മ തികഞ്ഞ ആദരവര്‍ഹിക്കുന്നു. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കാരെ പ്രോത്സാഹിപ്പിച്ചത് അദ്ദേഹത്തിന്റെ ഭരണ വൈകല്യത്തിലെ പ്രധാനരേഖയായി പില്‍ക്കാല ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണം കൈവശപ്പെടുത്താന്‍ ധാരാളം ക്രൂരകൃത്യങ്ങള്‍ ചെയ്തിട്ടുളള മാര്‍ത്താണ്ഡവര്‍മ്മയുടെ നയങ്ങളെ വിമര്‍ശിക്കേണ്ടി വന്നേക്കാമെങ്കിലും അദ്ദേഹത്തെപ്പോലെ ശക്തനായൊരു ഭരണാധികാരി കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകള്‍ക്കിടയില്‍ ഇവിടെ ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

കാര്‍ത്തിക തിരുനാള്‍

കാര്‍ത്തിക തിരുനാള്‍ മഹാരാജാവ് (1758-1798) 1758-ല്‍ 33-മത്തെ വയസ്സില്‍ രാജാവായി. കേശവപിള്ള ദിവാന്‍ജി എന്ന രാജാകേശവദാസന്റെ നേതൃത്വത്തില്‍ ടിപ്പുവിനെ പരാജയപ്പെടുത്തിയതാണ് കാര്‍ത്തിക തിരുനാളിന്റെ കാലത്തെ സുപ്രധാന രാഷ്ട്രീയ സംഭവം. ഈ വിജയത്തിന്റെ പ്രതീകമായിട്ടാണ് ആറാട്ട് എഴുന്നള്ളത്തില്‍ ഒരു പച്ചക്കൊടി ഇപ്പോഴും ഉപയോഗിച്ചു വരുന്നത്. ദിവാനായിരുന്ന കേശവപിള്ളയുടെ ദീര്‍ഘ വീക്ഷണം നിമിത്തം തുറമുഖ വികസനം, ഗതാഗത സൌകര്യം വ്യാവസായിക സ്ഥാപനങ്ങള്‍, ക്ഷേത്രം, ബംഗ്ലാവുകള്‍ എന്നിവയുടെ വികസനം നടന്നു. കാര്‍ത്തിക തിരുനാളിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കുന്നതില്‍ ഗണ്യമായ സംഭാവന നല്‍കിയതിനാലാണ് കേശവപിള്ളയ്ക്കു രാജാകേശവ് ദാസ് എന്ന പേര് നല്‍കപ്പെട്ടത്. പത്മനാഭപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് തലസ്ഥാനം മാറ്റി പത്മനാഭസ്വാമിക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ചെയ്തത് കാര്‍ത്തിക തിരുനാള്‍ മഹാരാജാവാണ്.

ബാലരാമ വര്‍മ്മ

കാര്‍ത്തിക തിരുനാളിന്റെ പിന്‍ഗാമിയായി എത്തിയത് 1798 ഫെബ്രുവരി 18-ന് അധികാരത്തിലേറിയ ബാലരാമവര്‍മ്മയായിരുന്നു (1798-1810). സ്തുതിപാടുന്നവരുടേയും ആശ്രിതരുടേയും പ്രേരണകള്‍ക്കു ബാലരാമവര്‍മ്മ വശംവദനായിരുന്നു. പ്രധാനമന്ത്രി പദം സ്വപ്നം കണ്ട് നടന്നിരുന്ന കോഴിക്കോട്ടെ ഒരു ജയന്തന്‍ നമ്പൂതിരി ബാലരാമവര്‍മ്മയുടെ ധര്‍മസചിവനായ രാജാ കേശവദാസിന്റെ നേര്‍ക്ക് ദുഷ്ടചിന്ത പുലര്‍ത്തിയിരുന്നു. സര്‍വ്വാധികാരി ചമഞ്ഞ് നടന്ന ജയന്തന്‍ നമ്പൂതിരിയുടെ ക്രൂരമായ ഭരണനയങ്ങളില്‍ പൊറുതിമുട്ടിയ വേലുത്തമ്പി ബാലരാമവര്‍മ്മയെ വിപത്ത് ബോദ്ധ്യപ്പെടുത്തി, ജയന്തന്‍ നമ്പൂതിരിയെ പുറത്താക്കി. രാജ്യഭരണം പരമാവധി ശുദ്ധിയാക്കാന്‍ കഴിഞ്ഞതിനാല്‍ മന്ത്രിയായിരുന്ന വേലുത്തമ്പിയെ ദളവയായി ബാലരാമവര്‍മ്മ ഉയര്‍ത്തി. ബ്രിട്ടീഷുകാരുമായി ഉണ്ടായ സമരത്തില്‍ അവര്‍ക്ക് കീഴടങ്ങാന്‍ തയ്യാറാകാതെ 1809 മാര്‍ച്ചില്‍ വേലുത്തമ്പി ദളവ  മണ്ണടി ക്ഷേത്രത്തില്‍ ആത്മാഹുതി ചെയ്തു എന്നു ചരിത്രം രേഖപ്പെടുത്തുന്നു.

റാണി ഗൌരി ലക്ഷ്മി ബായി

ബാലരാമവര്‍മ്മയെ തുടര്‍ന്ന് അധികാരത്തിലെത്തിയത് 20 വയസ്സുണ്ടായിരുന്ന റാണി ഗൌരി ലക്ഷ്മി ബായിയായിരുന്നു(1810-1829). ദിവാന്‍ പദവിയിലിരുന്ന് സല്‍പ്പേര് നശിപ്പിച്ച ഉമ്മിണിത്തമ്പിയെ പദവിയില്‍ നിന്നും റാണി പുറത്താക്കി, ഭരണ മുന്നേറ്റത്തിന് കേണല്‍ മണ്‍റോയുടെ സഹായവും അഭ്യര്‍ത്ഥിച്ചു. അത് പ്രകാരം 1812-ല്‍ ‘ചട്ടവരിയോല’ എന്ന പേരില്‍ ഒരു ഭരണക്രമവ്യവസ്ഥയ്ക്ക് രൂപം നല്‍കി, കേസുകള്‍ തീര്‍ക്കാന്‍ ഹുസൂര്‍ കോടതി’സ്ഥാപിച്ചു. ദേവസ്വം, കൊട്ടാര കാര്യങ്ങള്‍, നികുതി പിരിവ്, വാണിജ്യം എന്നീ കാര്യങ്ങളില്‍ വ്യവസ്ഥയുണ്ടായി. തിരുവനന്തപുരത്തും കൊല്ലത്തും റസിഡന്‍സി ബംഗ്ലാവുകള്‍ പണിതു. യൂറോപ്യന്‍മാരെ കൊട്ടാരത്തില്‍ ആദ്യം പ്രവേശിപ്പിച്ചത് ഈ റാണിയാണ്. റാണിയുടെ ആദ്യ കുട്ടിയാണ് ഗര്‍ഭശ്രീമാനെന്ന ഖ്യാതിനേടിയ സ്വാതി തിരുനാള്‍. റാണിയുടെ അകാല വിയോഗത്തിനു ശേഷം സഹോദരിയായിരുന്ന റാണി ഗൌരി പാര്‍വ്വതി ബായി ആയിരുന്നു സ്വാതി തിരുനാളിന് പ്രായ പൂര്‍ത്തിയാകും വരെ ഭരണം നടത്തിയിരുന്നത്. റാണിയുടെ കാലത്താണ് കഠിനംകുളം-തിരുവനന്തപുരം തോട് ഗതാഗതയോഗ്യമാക്കിയത്.

സ്വാതി തിരുനാള്‍
1813 ഏപ്രില്‍ 16 നാണ് സ്വാതി തിരുനാള്‍ ജനിച്ചത്. കൊട്ടാരം അക്കാലത്ത് കലാകാരന്മാരുടേയും പണ്ഡിതന്‍മാരുടേയും മേളനരംഗമായിരുന്നു. പ്രശസ്ത ആട്ടക്കഥാകാരനും സംഗീതജ്ഞനുമായിരുന്ന ഇരയിമ്മന്‍ തമ്പി സ്വാതിതിരുനാളിനെ താരാട്ടു പാടാനായി എഴുതിയതാണ് “'ഓമനത്തിങ്കള്‍ക്കിടാവോ നല്ല കോമളത്താമരപ്പൂവോ'”എന്നാരംഭിക്കുന്ന മധുരഗാനം. സംഗീത സാഹിത്യാദികളില്‍ പ്രാവീണ്യം നേടിയ സ്വാതി തിരുനാള്‍ 1829-ല്‍ 16 വയസ്സുള്ളപ്പോള്‍ ഭരണമേറ്റു(1829-1846). ബ്രിട്ടീഷ് റസിഡന്റുമാരുടേയും ഗവര്‍ണര്‍മാരുടേയും കൈകടത്തലുകള്‍ സ്വാതി തിരുനാളിനെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഹുസൂര്‍ കച്ചേരി കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് മാറ്റി. ഭരണ സംവിധാനത്തിന് ഉദ്യോഗസ്ഥര്‍ക്ക് ക്രമവ്യവസ്ഥയുണ്ടാക്കി. ഇംഗ്ലീഷ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിച്ചു. കോടതികള്‍ രൂപീകരിച്ചു. ഭൂമി സര്‍വ്വേ നടപ്പാക്കി അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിച്ചു. അലോപ്പതി ചികിത്സാലയം, വാനനീരിക്ഷണനിലയം എന്നിവ സ്ഥാപിച്ചു. അച്ചടിപ്രവര്‍ത്തനം, പബ്ലിക് ലൈബ്രറി, ഹസ്തലിഖിത ഗ്രന്ഥശാല എന്നിവയ്ക്ക് തുടക്കമിട്ടു. സെന്‍സസ്സ് ഏര്‍പ്പെടുത്തി. കന്നുകാലി സംരക്ഷണത്തിന് ഡയറി തുടങ്ങി. മൃഗശാല ആരംഭിച്ചു. ‘ശുചീന്ദ്രം കൈമുക്ക്’ എന്ന ശിക്ഷാവിധി നിര്‍ത്തല്‍ ചെയ്തു. കുറ്റവാളികള്‍ക്ക് “മുക്കാലില്‍ കെട്ടി അടി“ ശിക്ഷ നല്കി വന്നതും കുറ്റം ചെയ്ത സ്ത്രീകളെ തല മുണ്ഡനം ചെയ്ത് നാടു കടത്തുന്നതും അവസാനിപ്പിച്ചു. കലാകാരന്മാരെ ഉദാരമായി പ്രോത്സാഹിപ്പിച്ചു. ഇങ്ങനെ ചിട്ടയായ ഒരു ഭരണ ക്രമത്തിന് രൂപം നല്‍കി. കുതിരമാളിക പണികഴിപ്പിച്ചത് സ്വാതി തിരുനാള്‍ മഹാരാജാവാണ്. 1846 ഡിസംബര്‍ 25 ന് മരിക്കുന്നതിന് മുമ്പ് ഭാരതത്തിന് അകത്തും പുറത്തും തിരുവിതാംകൂറിന്റെ സാംസ്കാരിക യശസ്സും പാരമ്പര്യവും വിശാലമാക്കുന്നതില്‍ അമൂല്യമായ സംഭാവനയാണ് സ്വാതി തിരുനാള്‍  നല്കിയത്.

ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ
ജ്യേഷ്ഠസഹോദരനായ സ്വാതി തിരുനാളിന്റെ പിന്‍ഗാമിയായി ഉത്രം തിരുനാള്‍ (1847-1860) അധികാരത്തിലേറി. ബഹുഭാഷ പണ്ഡിതനായിരുന്ന ഉത്രം തിരുനാള്‍ വിദേശത്ത്  നിന്ന് മരുന്നുകള്‍ വരുത്തി ശുശ്രൂഷാരംഗത്ത് പ്രയോഗിച്ചതും, അച്ചുകുത്ത് തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനം ചെയ്യുന്നതിലും, ആശുപത്രി മെച്ചപ്പെട്ട രീതിയില്‍ നടത്തികൊണ്ട് പോകുന്നതിലും ശ്രദ്ധിച്ചു. 1851-ല്‍ തിരുവനന്തപുരത്ത് ഉണ്ടായ അഗ്നിബാധമൂലം അനേകം പേര്‍ക്ക് വീടുകളും കടകളും നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് വീടുകള്‍ ഓടുമേയാന്‍ ഏര്‍പ്പാടാക്കിയത്. 1885-ല്‍ അടിമ സമ്പ്രദായം നിര്‍ത്തലാക്കി. 1853 ഡിസംബറില്‍ കരമനയാറ്റില്‍ നിര്‍മ്മിച്ച വലിയകല്ലുപാലം (കേരളത്തിലെ ആദ്യത്തെ കോണ്‍ക്രീറ്റ് പാലം) ആര്‍ഭാടപൂര്‍വ്വം മഹാരാജാവ് തന്നെ ഉദ്ഘാടനം ചെയ്തു. ഒരു ലക്ഷം രൂപ മുടക്കി, ലഫ്റ്റനന്റ് ഹോസ്ലേയുടെ നേതൃത്വത്തില്‍ പണിയിച്ചതായിരുന്നു ആ പാലം. സ്വാതി തിരുനാളായിരുന്നു ശിലയിട്ടത്. 1855-ല്‍ ടി.മാധവറാവൂ ദിവാന്‍ പദവിയിലായി. 1856-ല്‍ തെക്കും വടക്കുമായി രണ്ട് ഡിവിഷന്‍ രൂപീകരിച്ച് ഭരണവ്യവസ്ഥയുണ്ടാക്കി. നാഞ്ചിനാട്ട് നിന്ന് തിരുവനന്തപുരം വരെയെത്തുന്ന ഒരു കനാലിന്റെ നിര്‍മ്മാണം മഹാരാജാവ് ആരംഭിച്ചു. വെള്ളത്തൂമ്പ കൊണ്ട് സ്വയം മണ്ണ് മാറ്റികൊണ്ടായിരുന്നു തുടക്കം കുറിച്ചത്. ഇതോടെയാണ് തിരുവിതാംകൂറില്‍ പി.ഡബ്ല്യൂ.ഡി. വകുപ്പ്  പ്രവര്‍ത്തനം ആരംഭിച്ചത്. 1860 ആഗസ്റ്റ് 19 ന് അദ്ദേഹം അന്തരിച്ചു.

ആയില്യം തിരുനാള്‍ രാമവര്‍മ്മ
1860 സെപ്തംബര്‍ ഏഴിന് 29-ാമത്തെ വയസ്സില്‍ ആയില്യം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് (1860-1880) അധികാരത്തിലേറി. പൊതുമരാമത്ത് വകുപ്പ് സംഘടിപ്പിച്ചു. ശുചീന്ദ്രം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ക്ഷേത്ര ഗോപുരങ്ങള്‍ പൂര്‍ത്തിയാക്കി. പത്മതീര്‍ത്ഥം ശുചീകരിച്ചു. 1873-ല്‍ കോളേജ് നിര്‍മ്മാണം പൂര്‍ത്തിയാക്കി. നിയമനടപടികള്‍ ക്രമീകരിക്കാന്‍ സദര്‍കോടതി, ജില്ലാകോടതി തുടങ്ങിയവ രൂപീകരിച്ചു. സര്‍ക്കാര്‍ അഞ്ചല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു. ഗവ. ആര്‍ട്സ് കോളേജ്, സയന്‍സ് കോളേജ്, വെര്‍ണാക്കുലര്‍ സ്കൂള്‍, ലോ കോളേജ്, സര്‍വ്വേ സ്കൂള്‍, ട്രെയിനിംഗ് സ്കൂള്‍, ഗേള്‍സ് സ്കൂള്‍, ബുക്ക് സെലക്ഷന്‍ കമ്മിറ്റി, തിരുവനന്തപുരത്തും മറ്റു പല സ്ഥലങ്ങളിലും ആശുപത്രികള്‍, മനോരോഗാശുപത്രി എന്നിവ സ്ഥാപിച്ചു. വാക്സിനേഷന്‍ ഏര്‍പ്പെടുത്തുക വഴി രോഗ പ്രതിരോധത്തിന് ഏര്‍പ്പാടുണ്ടാക്കി. വര്‍ക്കല തുരങ്കം, പുനലൂര്‍ തൂക്കുപാലം (1877) തുടങ്ങിയ ഗതാഗത നടപടികള്‍ കൈക്കൊണ്ടു. ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്നുള്‍പ്പെടെ നിരവധി ബിരുദങ്ങള്‍ രാജാവിന് ലഭിച്ചു. മലയാളത്തിന് മികച്ച സാഹിത്യ സംഭാവനകള്‍ നല്‍കിയ അദ്ദേഹത്തിന്റെ ശാകുന്തളം പരിഭാഷയാണ് മലയാളനാടകത്തിന് തുടക്കം കുറിച്ചത്. തിരുവനന്തപുരത്തെ പുത്തന്‍ കച്ചേരി, ആലപ്പുഴയിലെ വിളക്കുമരം മറ്റു പട്ടണങ്ങളിലെ ഔദ്യോഗിക കെട്ടിടങ്ങള്‍ തുടങ്ങിയവ ആയില്യം തിരുനാളിന്റെ സംഭാവനകളാണ്. 1880 മെയ് 31 ന് അദ്ദേഹം അന്തരിച്ചു.

വിശാഖം തിരുനാള്‍
ആയില്യം തിരുനാളിന്റെ ഇളയ സഹോദരനായ ശ്രീവിശാഖം തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് (1880-1885) 1837-ല്‍ ജനിച്ചു. തിരുവിതാംകൂറിന്റെ തനത്കാര്യങ്ങള്‍ ശേഖരിച്ച് പ്രദര്‍ശിപ്പിക്കുന്നതില്‍ ഉല്‍സുകനായിരുന്നു. കപ്പക്കൃഷിയില്‍ താല്പര്യമുണ്ടായിരുന്ന വിശാഖം തിരുനാളാണ് ദരിദ്രകോടികളുടെ ഭക്ഷണമായി മാറിയ കപ്പയുടെ കൃഷി കേരളത്തില്‍ വ്യാപിപ്പിച്ചത്. മലയാളത്തിന് മികച്ച സാഹിത്യ സംഭാവനകള്‍ നല്‍കിയ വിശാഖം തിരുനാളിന്റെ രചനകളെല്ലാം ശ്രദ്ധാപൂര്‍വ്വമായ പഠനത്തിന്റെയും ലേഖന വൈഭവത്തിന്റെയും ഫലങ്ങളാണ്. ജന്‍മനാ ദുര്‍ബ്ബലനായിരുന്ന വിശാഖം തിരുനാള്‍ അഞ്ചു വര്‍ഷമേ തിരുവിതാംകൂര്‍ വാണിരുന്നുള്ളൂ. 1885 ജൂലൈയില്‍ അദ്ദേഹം അന്തരിച്ചു.

ശ്രീമൂലം തിരുനാള്‍
1857 സെപ്തംബര്‍ 25 ന് ശ്രീമൂലം തിരുനാള്‍ ജനിച്ചു. മാതാവ് ചെറുപ്പത്തിലെ നഷ്ടപ്പെട്ട ശ്രീമൂലം തിരുനാള്‍, ഉത്രം തിരുനാളിന്റെയും, ആയില്യം തിരുനാളിന്റെയും, വിശാഖം തിരുനാളിന്റെയും സംരക്ഷണയിലാണ് വളര്‍ന്നത്. 1885 ആഗസ്ത് 19-ന് 32-ാം വയസ്സില്‍ ശ്രീമൂലം (1885-1924) രാജാവായി. വി.രാമയ്യങ്കാരായിരുന്നു ആദ്യ ദിവാന്‍. 1887-1892 കാലത്ത് ടി.രാമറാവു ദിവാന്‍ പദവി വഹിച്ചു. 1887 ഫെബ്രുവരി 17-ന് ഇംഗ്ലണ്ടില്‍ വിക്ടോറിയ റാണിയുടെ ഭരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ സ്മാരകമായാണ് വിക്ടോറിയ ജൂബിലി ടൌണ്‍ ഹാള്‍ (വി ജെ ടി ഹാള്‍) നിര്‍മ്മിച്ചത്. 1888-ല്‍ മദ്രാസ് ഗവര്‍ണര്‍ കണ്ണിമേറാ പ്രഭു തിരുവനന്തപുരം സന്ദര്‍ശിച്ചതിന്റെ സ്മരണയ്ക്കായി പാളയം കണ്ണിമേറാ മാര്‍ക്കറ്റ് സ്ഥാപിച്ചു. 1887-ല്‍ രാമറാവുവിനെ ശ്രീമൂലം ദിവാനായി നിയമിച്ചു. 1892 വരെ ഈ പദവിയില്‍ തുടര്‍ന്ന അദ്ദേഹത്തിന്റെ സ്മരണയ്ക്കാണ് എല്‍.എം.എസിനു മുന്നിലെ രാമറാവു വിളക്ക് നിലനിര്‍ത്തിപ്പോരുന്നത്. 1924 ല്‍ ശ്രീമൂലം അന്തരിച്ചു.
 


ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ്

ഭരണകാലം
തിരുവിതാംകൂര്‍ രാജവംശത്തിലെ അവസാന ഭരണകര്‍ത്താവാണ് ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് (1931-1956). രാജകുടുംബത്തില്‍ അനന്തരാവകാശികളില്ലാത്തതിനാല്‍ മാവേലിക്കര ഉത്സവമഠം കൊട്ടാരത്തില്‍ നിന്നും സേതു ലക്ഷ്മീ ബായിയെയും സേതു പാര്‍വ്വതി ബായിയെയും ദത്തെടുത്തു. ദത്തെടുത്ത കന്യകമാര്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയായ ശേഷം വിവാഹവും നടത്തി. കിളിമാനൂര്‍ കൊട്ടാരത്തിലെ രവിവര്‍മ്മ കോയിത്തമ്പുരാനാണ് സേതു പാര്‍വ്വതീ ബായിയെ വിവാഹം കഴിച്ചത്. ആ ദമ്പതിമാരുടെ മൂത്ത മകനായിരുന്നു ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ. റാണി ലക്ഷ്മീ ബായി, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ എന്നിവരായിരുന്നു മറ്റു മക്കള്‍. 1924-ല്‍ ശ്രീമൂലം അന്തരിക്കുമ്പോള്‍ അനന്തരാവകാശിയായ ചിത്തിരതിരുനാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മൂത്തറാണി സേതു ലക്ഷ്മീബായി റീജന്റായി. 1931 സെപ്തംബര്‍ 1 വരെ റാണി ഭരിച്ചു. വിദേശത്തെ ഭരണ-വ്യവസായ രംഗങ്ങള്‍ മനസ്സിലാക്കാന്‍ 1932-ല്‍ അമ്മയെയും സഹോദരിയെയും കൂട്ടി ചിത്തിരതിരുനാള്‍ ലണ്ടന്‍ സന്ദര്‍ശിച്ചു. കൂടെ ഫ്രാന്‍സ്, ആസ്ട്രിയ, ജര്‍മ്മനി, സ്വിറ്റ്സര്‍ലന്റ്, നെതര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിച്ചു. വി.എസ് സുബ്രഹ്മണ്യയ്യര്‍, ആസ്റ്റില്‍, ഹബീബുള്ള, ഡോ.കുഞ്ഞന്‍ പിള്ള തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ കീഴിലെ ആദ്യകാല ദിവാന്‍മാരായിരുന്നു. മദ്രാസ് അഡ്വക്കേറ്റ് ജനറലായിരുന്ന ചെത്പട്ട് പട്ടാഭിരാമ രാമസ്വാമി അയ്യര്‍ നിയമോപദേശകനായിട്ടാണ് ഇവിടെ എത്തിയത്. 1936 ഒക്ടോബര്‍ 10 ന് ദിവാനായി അധികാരമേറ്റു. 1936 ന് ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് മഹത്തായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചു.

ബഹുവിധ പ്രവര്‍ത്തനങ്ങളാല്‍ വിദ്യാഭ്യാസരംഗം നവീകരിച്ചു. വധശിക്ഷ അവസാനിപ്പിച്ചു. തൊഴിലിനു പ്രാധാന്യം നല്‍കിക്കൊണ്ടു ലേബര്‍ കോര്‍ട്ട് സ്ഥാപിച്ചു. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ ഭരണ ഘടനാ നിര്‍മ്മാണ സമിതി ഇന്ത്യയില്‍ ആദ്യമായി രൂപീകരിച്ചു. നിലവിലുണ്ടായിരുന്ന നായര്‍ ബ്രിഗേഡില്‍ എല്ലാ പ്രജകള്‍ക്കും പ്രവേശനം നല്‍കി വിപുലമായ സ്റ്റോക്ക് ഫോഴ്സ് രൂപീകരിച്ചു മുന്‍പുണ്ടായിരുന്ന ശ്രീമൂലം സ്റ്റേറ്റ് അസംബ്ലി, ശ്രീ മൂലം പ്രജാസഭ, ശ്രീ ചിത്രാ സ്റ്റേറ്റ് അസംബ്ലി എന്നിങ്ങനെ ഇരുതലങ്ങളുള്ള നിയമസഭയാക്കി വികസിപ്പിച്ചു. ശ്രീ ചിത്രാ ഹോം എന്ന അഗതി മന്ദിരം സ്ഥാപിച്ചു. വഞ്ചി പുവര്‍ ഫണ്ടും രൂപീകരിച്ചു.
രാജ്യത്തിന്റെ വ്യാവസായിക പുരോഗതിക്കായി വ്യവസായശാലകള്‍ സ്ഥാപിച്ചു:

ശ്രീ ചിത്തിരതിരുനാളിന്റെ ഭരണ കാലത്തെ നേട്ടങ്ങള്‍ :

 • 1937 നവംബര്‍ ഒന്നാം തീയതി തിരുവിതാംകൂര്‍ സര്‍വ്വകലാശാല സ്ഥാപിച്ചു.
 • തിരുവനന്തപുരം വിമാനത്താവളം പണി കഴിപ്പിച്ച് ബോംബെയ്ക്ക് വിമാന സര്‍വ്വീസ് ആരംഭിച്ചു.
 • തിരുവനന്തപുരം റേഡിയോ സ്റ്റേഷന്‍ ആരംഭിച്ചു.
 • പൊതുഗതാഗതവകുപ്പ് രൂപീകരിച്ച് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സമ്പ്രദായം നടപ്പാക്കി.
 • പള്ളിവാസല്‍ ജലവൈദ്യുതപദ്ധതി പ്രായോഗികമാക്കികൊണ്ട് തിരുവിതാംകൂറിലാകെ വൈദ്യുതി ലഭിക്കുന്ന പദ്ധതി നടപ്പിലാക്കി.
 • തിരുവനന്തപുരം നഗരത്തില്‍ വൈദ്യുതീകരണം നടപ്പിലാക്കി.
 • തിരുവനന്തപുരം-കന്യാകുമാരി റോഡ്, സിമന്റ് കോണ്‍ക്രീറ്റ് ചെയ്തു.
 • തിരുവനന്തപുരത്ത് ശുദ്ധജല വിതരണ പദ്ധതി പൂര്‍ത്തിയാക്കി.
 • വിദ്യാഭ്യാസ പരിഷ്ക്കരണത്തിന് സ്റ്റാഥാം ഡയറക്ടറായി കമ്മിറ്റി രൂപീകരിച്ചു.
 • കര്‍ഷകരുടെ ഋണ ബാധ്യത പരിഹരിക്കാന്‍ ഋണനിവാരണ കമ്മിറ്റി രൂപീകരിച്ചു.
 • 1938-ല്‍ ഭൂപണയബാങ്ക് പുന: സ്ഥാപിച്ചു.
 • സര്‍ക്കാര്‍ ആഫീസുകളിലെ നിയമനത്തിനായി നോക്സ് കമ്മീഷണറായി പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ രൂപീകരിച്ചു.
 • നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വകമാക്കാന്‍ ഇ.സുബ്രഹ്മണ്യയ്യര്‍ കമ്മീഷണറായി ഫ്രാഞ്ചസ് കമ്മീഷനെ നിയമിച്ചു.
 • സ്വാതി തിരുനാള്‍ സംഗീത കോളേജ് സ്ഥാപിച്ചു.
 • സ്വാതി തിരുനാള്‍ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ ഏര്‍പ്പാടുണ്ടാക്കി.
 • ശ്രീ സ്വാതി തിരുനാള്‍ സംഗീതസഭ രൂപീകരിക്കുന്നതിനും അതിന് ആസ്ഥാനം ഉണ്ടാക്കുന്നതിനും വേണ്ട സൌകര്യം ചെയ്തു കൊടുത്തു.
 • ബോംബെയില്‍ കേരള എംപോറിയം സര്‍ക്കാര്‍ ചുമതലയില്‍ ആരംഭിച്ചു.
 • ശ്രീചിത്രാ ആര്‍ട്ട് ഗ്യാലറി സ്ഥാപിച്ച്, രാജാരവി വര്‍മ്മ, കെ.സി.എസ്.പണിക്കര്‍ തുടങ്ങി പ്രസിദ്ധ ചിത്രകാരന്‍മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് സൌകര്യം ഒരുക്കി.
 • അക്വേറിയം സ്ഥാപിച്ച് ശാസ്ത്രീയ പഠനത്തിന് വഴിയൊരുക്കി.
 • ആള്‍ ഇന്ത്യന്‍ വിമന്‍സ് കോണ്‍ഫറന്‍സ് 1935-ല്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നതിന് അമ്മ മഹാറാണിക്കു വേണ്ട പിന്തുണ നല്‍കി, സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ വിഷയത്തിലുളള പ്രത്യേക താല്പര്യം പ്രദര്‍ശിപ്പിച്ചു.
 • സ്പോര്‍ട്സ് വിഷയത്തില്‍ തിരുവിതാംകൂറിനുണ്ടായ പുരോഗതിയില്‍ തന്റെ സ്യാലന്‍ കേണല്‍ ഗോദവര്‍മ്മ തിരുമേനി നല്‍കിയ മികച്ച സംഭാവനകള്‍ക്ക് പിന്തുണയേകി.
 • 1934-ല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്മെന്റ് സമാരംഭിച്ചു.
 • തിരുവനന്തപുരത്തെ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു.
 • നൃത്താദികലകള്‍ക്കു വേണ്ടി പൂജപ്പുരയില്‍ ഗുരു ഗോപിനാഥിന്റെ മേല്‍നോട്ടത്തില്‍ ശ്രീ ചിത്രാ നര്‍ത്തകാലയം തുടങ്ങി.
 • പെരിയാര്‍ തേക്കടി വന്യജീവി സങ്കേതം നിര്‍മ്മിച്ചു.
 • തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, ആയുര്‍വ്വേദ കോളേജ്, ഹോമിയോപ്പതി കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഇന്നത്തെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമിട്ടു.
 • മാതൃ-ശിശു രോഗചികിത്സക്കായി ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രി സ്ഥാപിച്ചു.
 • ശ്രീ ചിത്രാ മെഡിക്കല്‍ സെന്റര്‍ സ്ഥാപിച്ചു.
1947 ആഗസ്ത് 15 ന് ഭാരതം സ്വതന്ത്രമായി. 1949 ജൂലായ് ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിക്കപ്പെട്ടു. എന്നാല്‍ 1956 നവംബര്‍ ഒന്നു വരെ ശ്രീ ചിത്തിരതിരുനാള്‍ രാജസ്ഥാനത്ത് തുടര്‍ന്നു. ഐക്യകേരളം രൂപം കൊണ്ടതോടെ അദ്ദേഹം അധികാരം ഒഴിഞ്ഞ് സാധാരണ പൌരന്മാരെപ്പോലെയായി. 1992 ജൂലായ് 12 ന് മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ശ്രീ ചിത്രാ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവ് ജൂലായ് 20 ന് നാട് നീങ്ങി.

ക്ഷേത്രപ്രവേശന വിളംബരം
“ശ്രീ പത്മനാഭദാസ വഞ്ചിപാല സര്‍ ബാലരാമവര്‍മ കുലശേഖര കിരീടപതി മന്ന സുല്‍ത്താന്‍ മഹാരാജ  രാജരാമരാജബഹദൂര്‍ ഷംഷേര്‍ജങ് നൈറ്റ് ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി മോസ്റ്റ് എമിനന്റ് ഓര്‍ഡര്‍ ഓഫ് ദി ഇന്ത്യന്‍ എംപയര്‍”-തിരുവിതാംകൂര്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട് 1936 നവംബര്‍ 12-ാം തീയതിക്കു ശരിയായ 1112 തുലാം 27-ാം തീയതി പുറപ്പെടുവിക്കുന്ന വിളംബരം.

നമ്മുടെ മതത്തിന്റെ പരമാര്‍ത്ഥതയും സുപ്രമാണതയും ഗാഢമായി ബോധ്യപ്പെടും, ആയത് ദൈവികമായ അനുശാസനത്തിലും സര്‍വ വ്യാപകമായ സഹിഷ്ണുതയിലുമാണ് അടിയുറച്ചിരിക്കുന്നതെന്ന് വിശ്വസിച്ചും, അതിന്റെ പ്രവര്‍ത്തനത്തില്‍ അത് ശതവര്‍ഷങ്ങളായി കലാപരിവര്‍ത്തനത്തിന് അനുയോജിച്ചുപോന്നുവെന്ന് ധരിച്ചും, നമ്മുടെ ഹിന്ദു പ്രജകളില്‍ ആര്‍ക്കും അവരുടെ ജനനമോ, ജാതിയോ, സമുദായമോ കാരണം ഹിന്ദു മതവിശ്വാസത്തിന്റെ ശാന്തിയും, സാന്ത്വനവും നിഷേധിക്കപ്പെടാന്‍ പാടില്ലെന്നുമുളള ഉല്‍ക്കണ്ഠയാലും, നാം തീരുമാനിക്കുകയും ആജ്ഞാപിക്കുകയും ചെയ്യുന്നതെന്തെന്നാല്‍, സമുചിതമായ പരിത:സ്ഥിതികള്‍ പരിരക്ഷിക്കുന്നതിനും ക്രിയാ പദ്ധതികളും ആചാരങ്ങളും വച്ചു നടത്തുന്നതിനും നാം നിശ്ചയിക്കുകയും ചുമത്തുകയും ചെയ്യാവുന്ന നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി, ജനനാലോ മതവിശ്വാസത്തിലോ ഹിന്ദുവായ യാതൊരാള്‍ക്കും നമ്മുടെയും, നമ്മുടെ ഗവണ്‍മെന്റിന്റെയും നിയന്ത്രണത്തിലുളള ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിനോ ആരാധന നടത്തുന്നതിനോ ഇനിമേല്‍ യാതൊരു നിരോധനവും ഉണ്ടായിരിക്കാന്‍ പാടില്ലെന്നാകുന്നു.

 


രാജഭരണം

നാഴികക്കല്ലുകള്‍

മാര്‍ത്താണ്ഡവര്‍മ്മയുടേയും (1729-1758) ധര്‍മ്മ രാജാവിന്റേയും (1758-1798) കാലത്തോടു കൂടിയാണ് തിരുവിതാംകൂറില്‍ പ്രബുദ്ധമായ ഭരണം ആരംഭിക്കുന്നത്. പുരോഗമനപരവും ജനക്ഷേമകരവുമായ പരിഷ്കാരങ്ങള്‍ ഈ കാലഘട്ടത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. അഴിമതിക്കാരും സത്യസന്ധരുമല്ലാത്ത ഉദ്യോഗസ്ഥന്മാരെ പിരിച്ചുവിട്ട് ഭരണത്തില്‍ ശുദ്ധീകരണം നടത്തിയ ഭരണാധികാരിയായിരുന്നു വേലുത്തമ്പിദളവ. സര്‍ക്കാര്‍ കാര്യങ്ങള്‍ കാലതാമസമില്ലാതെ നടപ്പിലാക്കുന്നതിന് അദ്ദേഹം എല്ലാ നടപടികളും കൈക്കൊണ്ടു. നികുതി വിഭാഗം പുന:സംഘടിപ്പിച്ചു. തിരുവനന്തപുരം നഗരം പുനരുദ്ധരിച്ച് വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു. പിന്നീടു വന്ന ഉമ്മിണിത്തമ്പിയും ചില പരിഷ്കാരങ്ങള്‍ നടപ്പിലാക്കി. ഓരോ ജില്ലയിലും ജയിലുകള്‍ സ്ഥാപിച്ചു. തിരുവനന്തപുരത്തിനും നെയ്യാറ്റിന്‍കരക്കുമിടക്കുള്ള കാടുകള്‍ വെട്ടിത്തെളിപ്പിച്ച് നെയ്ത്തുകാരെ പാര്‍പ്പിച്ചു. ഈ പ്രദേശമാണ് പില്‍ക്കാലത്ത് "ബാലരാമപുരം'' എന്ന പേരിലറിയപ്പെട്ടത്. 1810 മുതല്‍ 1815 വരെ ഭരിച്ചിരുന്ന റാണി ഗൌരി ലക്ഷ്മി ഭായിയുടെ കാലത്താണ് സെക്രട്ടറിയേറ്റ് സമ്പ്രദായം നിലവില്‍ വന്നത്. റസിഡന്റ് ദിവാനായിരുന്ന മണ്‍റോയാണ് ഇത് നടപ്പിലാക്കിയത്. 1812 ലെ രാജകീയ വിളംബരത്തില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കി. ദേവസ്വങ്ങളുടെ ദുര്‍ഭരണം നിര്‍ത്തലാക്കാന്‍ അവയുടെ ഭരണം 1811 സെപ്തംബറില്‍ സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്തു. ദൂരവ്യാപകമായ പരിഷ്കാരങ്ങളായിരുന്നു മണ്‍റോയുടേത്. 1815 മുതല്‍ 1829 വരെ ഭരിച്ചിരുന്ന ഗൌരി പാര്‍വ്വതി ഭായിയുടെ കാലത്ത് തിരുവിതാംകൂര്‍ സാമൂഹ്യവും ഭരണപരവുമായ നേട്ടങ്ങള്‍ കൈവരിച്ചു. പലജാതിക്കാരും ജാതിയുടെ പേരില്‍ നല്‍കിയിരുന്ന നികുതി നിര്‍ത്തലാക്കി. ലണ്ടന്‍ മിഷന്‍ സൊസൈറ്റി (എല്‍.എം.എസ്) 1816-ല്‍ നാഗര്‍കോവിലിലും, ചര്‍ച്ച് മിഷന്‍ സൊസൈറ്റി (സി.എം.എസ്) ആലപ്പുഴയും കോട്ടയത്തും തുടക്കം കുറിച്ചത് ഈ കാലത്താണ്.

ആധുനിക തിരുവിതാംകൂറിന്റെ ചരിത്രത്തിലെ സുവര്‍ണ്ണ കാലമാണ് സ്വാതി തിരുനാളിന്റെ ഭരണകാലം (1829-1847). ആദായത്തിന്റെ അടിസ്ഥാനത്തില്‍ നികുതിയുടെ തോത് നിര്‍ണ്ണയിക്കാന്‍ 1837-ല്‍ അദ്ദേഹം ഒരു റവന്യൂ സര്‍വ്വേ ആരംഭിച്ചു. 1837 മുതല്‍ 1860 വരെ ഭരിച്ചിരുന്ന ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍സ്ത്രീകള്‍ക്ക് മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചു. 1859-ല്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടി ഒരു സ്കൂള്‍ സ്ഥാപിച്ചു. തിരുവിതാംകൂറിലെ ആദ്യത്തെ പോസ്റ്റാഫീസ് 1857-ല്‍ തുറന്നു. നവീനരീതിയിലുള്ള ആദ്യത്തെ കയര്‍ ഫാക്ടറി പ്രവര്‍ത്തനമാരംഭിക്കുന്നതും (1859-ല്‍) ഇദ്ദേഹത്തിന്റെ കാലത്താണ്. 1860-1880 വരെ ഭരിച്ചിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് നിരവധി ഭൂപരിഷ്ക്കാരങ്ങള്‍ തിരുവിതാംകൂറില്‍ നിലവില്‍ വന്നത്. തിരുവനന്തപുരത്തെ കാഴ്ചബംഗ്ലാവും ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജിന്റെ പ്രധാന കെട്ടിടവും പണികഴിപ്പിച്ചത് ഇക്കാലത്താണ്. 1874-ല്‍ നിയമവിദ്യാഭ്യാസം ആരംഭിച്ചു. തിരുവിതാംകൂറിലെ സമഗ്രമായ ആദ്യത്തെ കാനേഷുമാരിക്കണക്ക് 1875-ല്‍ തയ്യാറാക്കപ്പെട്ടു. തിരുവനന്തപുരം നഗരം സംരക്ഷിക്കുന്നതിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ചട്ടങ്ങളുണ്ടാക്കി. നികുതി ഭരണ സമ്പ്രദായം പരിഷ്കരിച്ചു കൊണ്ടാണ് ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ (1885-1924) മുന്നേറ്റം നടത്തിയത്. കൃഷികാര്യങ്ങള്‍ക്കുവേണ്ടി പ്രത്യേക വകുപ്പുണ്ടാക്കി. തിരുവനന്തപുരത്ത് സംസ്കൃതകോളേജ്, ആയുര്‍വേദകോളേജ്, ലാ കോളേജ് എന്നിവയെല്ലാം ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മയുടെ കാലത്താണ് പ്രവര്‍ത്തനമാരംഭിച്ചത്. നഗരനിധി ഏര്‍പ്പെടുത്തുന്നതിനും നഗരവികസനസമിതികള്‍ രൂപവല്‍ക്കരിക്കുന്നതിനും 1891-92-ല്‍ നഗരസംരക്ഷണ വികസനനിയമം നടപ്പിലാക്കി. ലെജിസ്ലേറ്റീവ് കൌണ്‍സില്‍ സ്ഥാപിച്ചതാണ് ഏറ്റവും മികച്ച പരിഷ്കാരം, ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി രൂപംകൊണ്ട നിയമനിര്‍മ്മാണസഭയായിരുന്നു ഇത്. 1924 മുതല്‍ 1931 വരെ സേതു ലക്ഷ്മീ ബായിയുടെ റീജന്റ് ഭരണമായിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ സ്വയംഭരണം വികസിപ്പിക്കുന്നതിനുവേണ്ടി ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിച്ചു. മരുമക്കത്തായത്തിനു പകരം മക്കത്തായം ഏര്‍പ്പെടുത്തി. 1925-ല്‍ "നായര്‍ റഗുലേഷന്‍" നിലവില്‍ വന്നു. അവസാനത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ (1931 മുതല്‍ 1949 വരെ) 1936-ലെ ക്ഷേത്ര പ്രവേശന വിളംബരവും, 1937-ലെ തിരുവിതാംകൂര്‍ സര്‍വ്വകലാശാലാ സ്ഥാപനവും എടുത്തു പറയേണ്ട നേട്ടങ്ങളാണ്. ഇക്കാലത്തെ വ്യവസായവല്‍ക്കരണനയം മൂലമാണ് ഏലൂര്‍, പുനലൂര്‍, കുണ്ടറ എന്നീ പട്ടണങ്ങള്‍ ഇന്നത്തെ വ്യവസായ പ്രാധാന്യം കൈവരിച്ചത്. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസ് തുടങ്ങിയതും പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണവും ഇക്കാലത്താണ്.

തിരുവിതാംകൂര്‍ - കൊച്ചി സംയോജനം :- 1949 ജൂലായ് 1 ന് തിരുവിതാംകൂര്‍-കൊച്ചി സംയോജിപ്പിക്കപ്പെട്ടു. പുതിയ സംസ്ഥാനത്തിന്റെ ആസ്ഥാനം തിരുവനന്തപുരത്തും ഹൈക്കോടതി എറണാകുളത്തും ആയി തീരുമാനിക്കപ്പെട്ടു. സംസ്ഥാനത്തിലെ ആദ്യ ജനകീയമന്ത്രിസഭ ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലായിരുന്നു. തുടര്‍ന്ന് പല മന്ത്രിസഭകളും രൂപം കൊള്ളുകയും അവസാനിക്കുകയും ചെയ്തു. പനമ്പിള്ളി ഗോവിന്ദമേനോന്റെ മന്ത്രിസഭ 1956-ല്‍ നിലംപതിച്ചതോടെ സംസ്ഥാനത്ത് ആദ്യമായി പ്രസിഡന്റ് ഭരണം നടപ്പിലായി.

കേരളസംസ്ഥാനത്തിന്റെ പിറവി :- 1956 നവംബര്‍ 1 ന് ഐക്യ കേരളം യാഥാര്‍ത്ഥ്യമായി. സംസ്ഥാനത്തിന്റെ തലവനായി ഗവര്‍ണര്‍ വന്നു. 1957-ല്‍ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തില്‍ എത്തി. ഇ.എം.എസ് നമ്പൂതിരിപ്പാട് ആദ്യ മുഖ്യമന്ത്രിയായി. ഭരണസിരാകേന്ദ്രം തിരുവനന്തപുരമായി.

മഹാരാജാക്കന്‍മാര്‍
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ഭരണകാലമാണ് ആധുനിക തിരുവിതാംകൂറിന്റെ തുടക്കമെന്നു വിശേഷിപ്പിക്കുന്നത്. ശ്രീമൂലം തിരുനാളിന്റേയും റീജന്റു റാണിയുടേയും കാലഘട്ടമായപ്പോഴേക്കും ദേശീയ പ്രസ്ഥാനം ശക്തിയാര്‍ജ്ജിച്ചു.

മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് (1729-1758):- രാമവര്‍മ്മ മഹാരാജാവ് (കൊല്ലവര്‍ഷം 881 മുതല്‍ 903 വരെ) നാടുനീങ്ങിയതിനെ തുടര്‍ന്ന് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് (കൊല്ലവര്‍ഷം 904 മുതല്‍ 933 വരെ) (1729 മുതല്‍ 1758 വരെ) അധികാരമേറ്റു. 1732-ല്‍ രാമയ്യന്‍, ദളവാ സ്ഥാനം ഏറ്റെടുത്തു. രാമയ്യന്റെ മരണ ശേഷം അയ്യപ്പന്‍ മാര്‍ത്താണ്ഡപ്പിള്ള ആ പദവി വഹിച്ചു.

കാര്‍ത്തിക തിരുനാള്‍ ധര്‍മ്മരാജാവ് (1758-98):-  നാലു പതിറ്റാണ്ടിലധികം രാജ്യം ഭരിച്ച് തിരുവിതാംകൂറിനെ ധര്‍മ്മരാജ്യമാക്കി മാറ്റി. ദളവാ സ്ഥാനം മാറ്റി മുഗള്‍ ചക്രവര്‍ത്തിമാരുടെ പ്രധാനമന്ത്രിമാര്‍ വഹിച്ചിരുന്ന ദിവാന്‍ സ്ഥാനം തിരുവിതാംകൂറിനു നല്‍കി. സര്‍വ്വാദി കേശവ പിള്ളയാണ് ദിവാന്‍ പദവി ആദ്യം വഹിച്ചത്.

ബാലരാമ വര്‍മ്മ (1798-1810):- 16-ാം വയസ്സില്‍ അധികാരം ഏറ്റെടുത്തു. 1801-ല്‍ വേലുത്തമ്പിയെ ദളവയായി നിയമിച്ചു. വേലുത്തമ്പിക്കുശേഷം ഉമ്മിണിത്തമ്പി ദളവാപദം ഏറ്റെടുത്തു.

റാണി ഗൌരി ലക്ഷ്മീബായി (1810-1814):- കോലത്തുനാടു രാജകുടുംബത്തിലെ ഒരു ശാഖയായിരുന്നു റാണി ലക്ഷ്മീബായിയുടെ പൂര്‍വ്വകുടുംബം. 1810 മുതല്‍ 1814 വരെയായിരുന്നു റാണിയുടെ ഭരണകാലം. 1813 വരെ റാണിയായും 1813-ല്‍ റീജന്റായും അവര്‍ ഭരണം തുടര്‍ന്നു.

 

റാണി ഗൌരീപാര്‍വ്വതീബായി (1814-1829):- പ്രായപൂര്‍ത്തിയാകാത്ത സ്വാതി തിരുനാളിനുവേണ്ടി 14 കൊല്ലം മാതൃസഹോദരിയായ റാണി ഗൌരിപാര്‍വ്വതീബായി റീജന്റായി ഭരണം ഏറ്റെടുത്തു.

സ്വാതിതിരുനാള്‍ (1829-1847):- സര്‍വ്വകലാവല്ലഭനും ഇച്ഛാശക്തിയുടെ കേന്ദ്രവും ആയിരുന്നു സ്വാതിതിരുനാള്‍ മഹാരാജാവ്. തിരുവിതാംകൂര്‍ ചരിത്രത്തില്‍ മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ രാജാവായിരുന്നു സ്വാതിതിരുനാള്‍.

ഉത്രം തിരുനാള്‍ (1847-1860):- ഉത്രം തിരുനാളിന്റെ ഭരണകാലത്ത് കൃഷ്ണരായരെ ദിവാന്‍ജിയായി നിയമിച്ചു. രാജ്യത്തെ നാലു ഡിവിഷനുകളാക്കി, ഓരോ ദിവാന്‍ പേഷ്കാര്‍മാരെ നിയമിച്ചു. ജനക്ഷേമകരങ്ങളായ പദ്ധതികള്‍ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

ആയില്യം തിരുനാള്‍ (1860-1880):- പ്രഗല്ഭനായ ദിവാന്‍ രാജാസര്‍ ടി.മാധവറാവുവിന്റെ സഹായത്താല്‍ മെച്ചപ്പെട്ട ഭരണം കാഴ്ചവച്ചു. രാജാവിനെ സഹായിക്കാനായി ചീഫ് എഞ്ചിനീയര്‍ ബാര്‍ട്ടണ്‍ സായിപ്പും ഉണ്ടായിരുന്നു.

വിശാഖം തിരുനാള്‍ (1880-1885):- ഇംഗ്ലീഷ് ഭാഷയില്‍ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. മികച്ച ഗ്രന്ഥകാരനും, കൃഷിശാസ്ത്രം, ജ്യോതിഷം, സസ്യശാസ്ത്രം, തത്വശാസ്ത്രം തുടങ്ങിയവയിലും വേണ്ടത്ര പ്രാവീണ്യം നേടിയ രാജാവായിരുന്നു.

ശ്രീമൂലം തിരുനാള്‍ (1886-1924):- നാലു പതിറ്റാണ്ടുകാലം തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്നു. തിരുവിതാംകൂറിന്റെ സമൂലമായ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച മഹാരാജാവാണ് ശ്രീമൂലം തിരുനാള്‍.

റീജന്റ് സേതുലക്ഷ്മിബായി (1924-1931):- സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച റീജന്റ് റാണി നിരവധി പുരോഗമനപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എം.ഇ.വാട്ട്സനെ ദിവാനായി നിയമിക്കുകയുണ്ടായി. നാലു വര്‍ഷത്തിനു ശേഷം വി.എസ്.സുബ്രഹ്മണ്യയ്യര്‍ ദിവാനായി.

ശ്രീ ചിത്തിരിതിരുനാള്‍ മഹാരാജാവ് (1931-1949):- തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനത്തിലെ രാജപ്രമുഖന്‍ എന്ന പദവി അലങ്കരിച്ചു. പിന്നീട് സാധാരണ പൌരനായും ജീവിച്ചു. സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പ് ഒന്നര വ്യാഴവട്ടക്കാലം തിരുവിതാംകൂര്‍ ഭരിച്ചു.
 


ചരിത്രസാമഗ്രികള്‍
ആദ്യകാല ചരിത്രത്തെക്കുറിച്ച് പരാമര്‍ശ വിഷയങ്ങളടങ്ങിയ വിവിധ രേഖകളാണ് ശാസനങ്ങളും നാണയങ്ങളും കൊട്ടാരങ്ങളും ചുമര്‍ചിത്രങ്ങളും മറ്റും. തിരുവനന്തപുരത്തെ സംബന്ധിക്കുന്ന ചില രേഖകള്‍ പൊതുവില്‍ തിരുവിതാംകൂറിന്റെ ചരിത്രരേഖകള്‍ കൂടിയാണല്ലോ.

ശാസനങ്ങള്‍
എ.ഡി 1000-മാണ്ട് മഹോദയപുരത്തു വച്ച് ഭാസ്കര രവി വര്‍മ്മ ഒന്നാമന്‍ ജൂതന്‍മാര്‍ക്കു നല്‍കിയ ശാസനം അക്കാലത്തെ മതസൌഹാര്‍ദ്ദത്തിന്റെ തെളിവായി കണക്കാക്കപ്പെടുന്നു. എ.ഡി 849-ല്‍ വേണാട് രാജാവായ അയ്യനടികള്‍ തരിസാപ്പള്ളിക്ക് കൂറെ ഭൂമി ദാനം ചെയ്യുന്നതിനെ പറ്റിയുണ്ടായ ശാസനമാണ് “തരിസാപ്പള്ളി ശാസനം.” എ.ഡി 974-ല്‍ വേണാട്ട് ശ്രീവല്ലഭന്‍ കോതയുടെ മാമ്പള്ളി ശാസനമാണ് രേഖപ്പെടുത്തിയിട്ടുള്ള ആദ്യശാസനം. ഭാസ്കര രവി ഒന്നാമന്‍ (എ.ഡി 962-1019), ഇന്ദുകോത എന്നിവരെ കുറിച്ചറിയാനും ഈ ശാസനം ഉപകരിക്കും. വീര രവിവര്‍മ്മയുടെ (1195-1205) വെള്ളായണി ശാസനം, രവി കേരള വര്‍മ്മയുടെ മണലിക്കര ശാസനം, കിളിമാനൂര്‍ രേഖകള്‍ എന്നിവ വേണാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശാന്‍ സഹായിക്കുന്നു. എ.ഡി 1218 ലെ കണ്ടിയൂര്‍ ക്ഷേത്രനിര്‍മ്മാണവുമായി ബന്ധപ്പെട്ട് വീരരാമ കേരളവര്‍മ രേഖപ്പെടുത്തിയ ശാസനം ക്ഷേത്രമണ്ഡപത്തില്‍ കൊത്തിയിട്ടുണ്ട്. ഒറ്റക്കല്‍ മണ്ഡപത്തില്‍ എ.ഡി 1229-നും 1731-നുമിടയ്ക്ക് സ്ഥാപിക്കപ്പെട്ട വീരബാല മാര്‍ത്താണ്ഡവര്‍മ്മയുടെ സംസ്കൃത ശാസനം കാണാം. ഇദ്ദേഹം നടത്തിയ ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ രേഖയാണ് ഈ ശാസനം.

മറ്റു പ്രധാന ശാസനങ്ങള്‍

 • തിരുവല്ലം ശാസനങ്ങള്‍
 • കരുനന്തടക്കന്റെ പാര്‍ത്ഥിവശേഖരപുരം ശാസനം
 • കണ്ടിയൂര്‍ ക്ഷേത്ര ശാസനം
 • തിരുവലങ്ങാട്ടു ശാസനം
 • രാജാധിരാജന്റെ കന്യാകുമാരി ശാസനം
 • കുലോത്തുങ്ക ചോളന്റെ ചിദംബരം ശാസനം
 • പരാന്തകപാണ്ഡ്യന്റെ കന്യാകുമാരി ശാസനം
 • ഉദയമാര്‍ത്താണ്ഡവര്‍മ്മന്റെ കിളിമാനൂര്‍ ശാസനം
 • ഉദയമാര്‍ത്താണ്ഡവര്‍മ്മന്റെ കൊല്ലൂര്‍മഠം ചെപ്പേട്
 • ഉദയമാര്‍ത്താണ്ഡവര്‍മ്മയുടെ തിരുവട്ടാര്‍ ക്ഷേത്രശാസനം
 • ഉദയമാര്‍ത്താണ്ഡവര്‍മ്മയുടെ കിള്ളിയൂര്‍ ക്ഷേത്രശാസനം
 • ഭാസ്ക്കരരവിയുടെ തൃക്കടിത്താനം ശാസനം
 • കോതമാര്‍ത്താണ്ഡന്റെ തിരുവനന്തപുരം ശാസനം
 • ആദിത്യവര്‍മ്മ സര്‍വ്വാംഗനാഥന്റെ തിരുവമ്പാടി ശാസനം
 • രവിവര്‍മ്മ സംഗ്രാമധീരന്റെ ശ്രീരംഗ ശാസനം
 • വീരകേരള വര്‍മ്മന്റെ തിരുവിതാംകോട് ശാസനം
 • രവിവര്‍മ്മ ചിറവാമൂത്തവരുടെ ആറ്റൂര്‍ ചെപ്പേട്

നാണയങ്ങള്‍

രാജകീയ നാണയങ്ങളില്‍ രാജാവിന്റെ പേരും രൂപവും കാലവും ബിരുദവും പ്രത്യേക നാണയങ്ങള്‍ചിഹ്നങ്ങളും ഉണ്ടായിരിക്കും. ബി.സി 40 മുതല്‍ എ.ഡി 98 വരെ റോമാസാമ്രാജ്യവുമായി കേരളത്തിന്റെ ബന്ധം വെളിവാക്കപ്പെടുന്ന നാണയങ്ങള്‍ 1945-ല്‍ ഇയ്യാലില്‍ നിന്ന് കിട്ടിയിട്ടുണ്ട്. റോമന്‍ ദീഹാര്‍ എന്ന നാണയത്തെ അനുകരിച്ച് ‘ദീനാരം’ എന്നൊരു നാണയം പ്രചരിച്ചിരുന്നതായി രാജശേഖരന്റെ വാഴപ്പള്ളി ശാസനത്തില്‍ കാണുന്നു. ‘ആനയച്ച്’ എന്ന സ്വര്‍ണ നാണയം ചോളന്‍മാരുടേതായി എ.ഡി 1200-ല്‍ പ്രചരിച്ചിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ അനന്തരായന്‍, അനന്തവരാഹം (സ്വര്‍ണ നാണയങ്ങള്‍) എന്നിവയും ചരിത്രത്തിന്റെ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്നു. ഇന്ത്യ സ്വതന്ത്രയാകുമ്പോള്‍ തിരുവിതാംകൂറിന് മാത്രമേ സ്വന്തമായി നാണയമടിക്കാന്‍ അവകാശമുണ്ടായിരുന്നുള്ളൂ.

ഗുഹാക്ഷേത്രങ്ങള്‍
മടവൂര്‍ പാറ, വിഴിഞ്ഞം എന്നിവയാണ് തിരുവനന്തപുരത്തെ മനുഷ്യനിര്‍മ്മിത ഗുഹാ ക്ഷേത്രങ്ങള്‍. വലിയപാറ തുരന്ന് സമചതുരാകൃതിയിലോ ദീര്‍ഘചതുരാകൃതിയിലോ മറ്റ് അനുയോജ്യമായ ആകൃതിയിലോ അറയുണ്ടാക്കി അതിനുള്ളില്‍ വിഗ്രഹം വെച്ചു പൂജിക്കുന്ന ഒരു സമ്പ്രദായം ദക്ഷിണ ഭാരതത്തില്‍ പണ്ടുണ്ടായിരുന്നു. നെയ്യാറ്റിന്‍കര പെരുങ്കടവിള ഗുഹ ശിലാഗുഹയ്ക്ക് ഉദാഹരണമാണ്. പള്ളിക്കലിലെ ബുദ്ധന്റെ ശിലാവിഗ്രഹം ബുദ്ധമതത്തിന് തിരുവനന്തപുരത്തുണ്ടായിരുന്ന സ്വാധീനം വെളിവാക്കുന്നു. തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം, തിരുവല്ലത്തെ പരശുരാമക്ഷേത്രം എന്നിവ ദ്രാവിഡശില്പ ശൈലിക്ക് മകുടോദാഹരണങ്ങളാണ്. മഹാശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടങ്ങളായ കല്ലറകള്‍, കല്‍മാടങ്ങള്‍, കല്‍ത്തൂണുകള്‍, കല്‍വേലികള്‍, പലതരം കളിമണ്‍ പാത്രങ്ങള്‍ ദ്രവിച്ച ഇരുമ്പായുധങ്ങള്‍, കല്‍മുത്തുകള്‍ മുതലായവ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.

കോട്ടകള്‍
നെയ്യാറ്റിന്‍കര കോട്ട, കന്യാകുമാരിയിലെ വട്ടക്കോട്ട, തക്കല പത്മനാഭപുരം കോട്ട, തിരുവനന്തപുരത്തെ കോട്ടയുടെ പകുതിഭാഗം, ഉദയഗിരി കോട്ട എന്നിവ പടുകൂറ്റന്‍ പാറക്കല്ലുകളില്‍ നിര്‍മ്മിച്ചവയാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിന് വടക്ക് മാറി ഉണ്ടായിരുന്ന കോട്ടയുടെ ശേഷിപ്പുകള്‍ ഇന്നും നമുക്ക് അനന്തപുരിയില്‍ കാണാവുന്നതാണ്.

local history