നഗരത്തിന്റെ പാര്‍ലമെന്റ് മണ്ഡലം തിരുവനന്തപുരമാണ്. സംസ്ഥാനത്തിന്റെ തലസ്ഥാനം എന്നനിലയിലും ഭരണസിരാകേന്ദ്രമെന്ന നിലയിലും രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് പുറമെ വിവിധ യുവജനപ്രസ്ഥാനങ്ങളും, വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളും ബഹുജന പ്രസ്ഥാനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുകയും തങ്ങളുടെ പ്രവര്‍ത്തന പരിപാടികള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നു. തലസ്ഥാന നഗരിയായതുകൊണ്ട് കേരളത്തിന്റെ മുഴുവന്‍ രാഷ്ട്രീയ സ്പന്ദനങ്ങളുടെയും ഉറവിടമാണ് അനന്തപുരി എന്നു പറയാം. ചരിത്രത്തില്‍ സ്ഥാനം പിടിച്ച അനേകം വിദ്യാര്‍ത്ഥിസമരങ്ങള്‍ക്കും, യുവജനസമരങ്ങള്‍ക്കും, ബഹുജനസമരങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള നഗരമാണിത്. എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും, പോഷകസംഘടനകളുടെയും പ്രാദേശിക-ജില്ലാ ഓഫീസുകളും സംസ്ഥാന കമ്മിറ്റി ഓഫീസുകളും അനന്തപുരിയില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ സാമുദായിക സംഘടനകളുടെ പ്രധാന ഓഫീസുകളും നഗരത്തിലുണ്ട്. സി.പി.ഐ (എം), കോണ്‍ഗ്രസ് (ഐ), സിപിഐ, ബിജെപി, മുസ്ലീംലീഗ്, പി.ഡി.പി, സി.എം.പി, എന്‍.സി.പി, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ തുടങ്ങി ഒട്ടുമിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളും നഗരത്തിലെ പൊതു പ്രവര്‍ത്തന രംഗത്തുണ്ട്. സാമാജികരുടെ വാസസ്ഥലമായ എം.എല്‍.എ ഹോസ്റ്റല്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി നിലകൊള്ളുന്നു.
തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം, കോവളം എന്നീ നിയമസഭാ മണ്ഡലങ്ങള്‍ വഴി രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വക്കുന്നതിന് സാധിക്കുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരസേനാനികളുടെ സ്മരണ നിലനിര്‍ത്തുന്ന പാളയം രക്തസാക്ഷി മണ്ഡപം ഭാരതത്തിലെ ആദ്യ പ്രസിഡന്‍റ് ഡോ.രാജേന്ദ്രപ്രസാദ് അനാച്ഛാദനം ചെയ്തു. ചതുരാകൃതിയിലുളള സ്മാരക സ്തൂപത്തിനുമുന്‍പില്‍ ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന ദിവസങ്ങളില്‍ രക്തസാക്ഷികളുടെ സ്മരണ പുതുക്കുന്ന സമ്മേളനങ്ങള്‍ക്കും ഇവിടം വേദിയാകാറുണ്ട്. സര്‍ സി.പി യെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന്റെ ഓര്‍മ്മയ്ക്കായി സംഗീത കോളേജിനു മുന്‍പില്‍ സ്ഥാപിച്ചിട്ടുള്ളതാണ് കെ സി എസ് മണി സ്മാരകം