Electricity

വൈദ്യുതി എത്തിയ ചരിത്രം
തിരുവിതാംകൂറിലെ സാധാരണ ജനങ്ങള്‍ക്ക് ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ വൈദ്യുതിയെന്തെന്നറിയില്ലായിരുന്നു. 1900-ത്തില്‍ കണ്ണന്‍ദേവന്‍ തേയിലത്തോട്ടത്തില്‍ വൈദ്യുതി ഉല്‍പാദനത്തിന് പ്രാരംഭം കുറിച്ചെങ്കിലും മൂന്നാറിനപ്പുറം അതിന്റെ പ്രയോജനം ലഭിച്ചില്ല. പിന്നെയും രണ്ടു പതിറ്റാണ്ടുകള്‍ക്കുശേഷമാണ് വൈദ്യുതി ഉല്‍പ്പാദനത്തിനു സര്‍ക്കാര്‍ ഭാഗത്ത് നിന്നു ശ്രമങ്ങളാരംഭിച്ചത്. 1933 ഏപ്രില്‍ 12-ാം തീയതി പളളിവാസല്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. 1940 മാര്‍ച്ച് 19-ാം തീയതി രാവിലെ 7.30 ന് സര്‍ സി.പി. പളളിവാസല്‍ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു. ആരംഭഘട്ടത്തില്‍ 5 മെഗാവാട്ട് വീതം ശേഷിയുളള മൂന്നു ജനറേറ്ററും രണ്ടാം ഘട്ടത്തില്‍ 7.5 മെഗാവാട്ട് വീതം ശേഷിയുളള മൂന്നു ജനറേറ്ററുകളും കൂടി സ്ഥാപിച്ചു. പളളിവാസലിന്റെ ആകെ സ്ഥാപിതശേഷി 284 ദശലക്ഷം യൂണിറ്റാണ്.

1925 ല്‍ പളളിവാസല്‍ പദ്ധതിക്ക് രൂപം കൊടുക്കുമ്പോള്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ ആവശ്യത്തിനായി ലൈറ്റ്, ഫാന്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിനു വേണ്ടി തിരുവനന്തപുരത്ത്  വൈദ്യുതിവിതരണം നടപ്പാക്കുന്നതിനുളള പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇത് സംബന്ധിച്ച് 1925 ല്‍ രണ്ടു നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റ് അംഗീകരിച്ചു. ഒന്ന്, അരുവിക്കര വെളളച്ചാട്ടത്തില്‍ നിന്നു വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക, രണ്ട് ഓയില്‍ യന്ത്രം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക. ഇതില്‍ ഓയില്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് ലാഭകരമാണെന്നു ബോധ്യമായതിനാല്‍ അത്തരത്തിലുളള ഉല്‍പാദനം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത് ഇപ്പോഴത്തെ പവര്‍ഹൌസിന്റെ പണിക്ക് 1928 മാര്‍ച്ച് 17-ന് തുടക്കം കുറിച്ചു. 1929 ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയാക്കി. മൂന്നു എന്‍ജിനുകള്‍ പവര്‍ഹൌസിനു വേണ്ടി തൂത്തുക്കുടി വഴി തിരുവനന്തപുരത്തെത്തിച്ചു. 1929 മാര്‍ച്ച് 8 മുതല്‍ സ്ഥിരമായി വൈദ്യുതി വിതരണം ആരംഭിച്ചു. 541 തെരുവുവിളക്കുകളും രണ്ടു ഉപഭോക്താക്കളുമാണ് ആദ്യകാലത്തുണ്ടായിരുന്നത്. ക്രമേണ തെരുവു വിളക്കുകളുടെ എണ്ണം വര്‍ദ്ധിച്ചു. 1929 മെയ് 29 മുതല്‍ രാത്രി മുഴുവന്‍ വൈദ്യുതി ലഭിക്കുന്ന സംവിധാനം നിലവില്‍ വന്നു. അതേവര്‍ഷം ആഗസ്റ്റ് 17 മുതല്‍ ദിവസം മുഴുവന്‍ വൈദ്യുതി ലഭിക്കുന്ന സംവിധാനം നിലവില്‍ വന്നു. പവര്‍ഹൌസില്‍ സ്ഥാപിച്ചിരുന്ന ജനറേറ്ററിന്റെ ഭീതിദമായ ശബ്ദം കഴിഞ്ഞ തലമുറയില്‍പ്പെട്ടവരെ അത്ഭുതപ്പെടുത്തിയിരുന്നു. ജനറേറ്ററുകള്‍ പില്‍ക്കാലത്ത്  വില്‍പന നടത്തി ഖജനാവിന് മുതല്‍ കൂട്ടിയെങ്കിലും നഗരപുരോഗതിയില്‍ അതൊരു നാഴികക്കല്ലായിരുന്നു. 1956 വരെ വൈദ്യുതിമേഖല കൈകാര്യം ചെയ്തിരുന്നത് ഗവണ്‍മെന്റിന്റെ ഇലക്ട്രിസിറ്റി വകുപ്പായിരുന്നു.  1956 ല്‍ ഭാരതത്തിലെ ഇതരസംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തിലും സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള സ്വയംഭരണസ്ഥാപനമായ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് നിലവില്‍ വന്നു.

വൈദ്യുതി ഇന്ന്
ഇന്നു നഗരത്തിലെ എല്ലാ വാര്‍ഡിന്റെയും ഓരോ മുക്കിലും മൂലയിലും വൈദ്യുതിയെത്തിയിട്ടുണ്ട്. കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ജില്ലയെ ഭരണസൌകര്യത്തിന് മൂന്നു സര്‍ക്കിളുകളായി തിരിച്ചിരിക്കുന്നു. ട്രാന്‍സ്മിഷന്‍ സര്‍ക്കിള്‍, തിരുവനന്തപുരം സിറ്റി, കാട്ടാക്കട എന്നിവ. ഇന്നു ജില്ലയില്‍ 6,52000 ഭവനങ്ങള്‍ ഉപഭോക്താക്കളായുണ്ട്. ആകെ ഉല്‍പാദനത്തിന്റെ 43% (90 മില്യണ്‍ മാസത്തില്‍) ഈ ഇനത്തില്‍ ഉപയോഗപ്പെടുന്നു. ഭവനേതര ഉപഭോഗത്തിന്റെ അളവ് 57% ത്തോളമാണ്. തിരുവനന്തപുരം ജില്ലയില്‍ ഒരു 220 കെ.വി, ഒമ്പത് 110 കെ.വി, ആറ് 66 കെ.വി എന്നിവയുടെ ഇലക്ട്രിക്കല്‍ സബ് സ്റ്റേഷനുകളുണ്ട്. ജലവൈദ്യുത പദ്ധതി എന്ന നിലയില്‍ ഒന്നു പോലും ജില്ലയില്‍ ഇല്ല.

ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്
ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ നിയന്ത്രണത്തിന്‍ കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ തലത്തിലുളള ഒരു നിയമാനുസൃത ഡിപ്പാര്‍ട്ടുമെന്റാണ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ഷന്‍ ഡിപ്പാര്‍ട്ടുമെന്റ്. 1968- ലെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ഷന്‍ ആക്ട് നിലവില്‍ വരും വരെ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയറുടെ ചുമതലയിന്‍ കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ 1968-ല്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് രൂപീകൃതമായതോടെ ഈ വകുപ്പിന്റെ നിയമാനുസൃത പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ജലവിഭവശേഷി വകുപ്പിന്റെ നിയന്ത്രണത്തിന്‍ കീഴിലുളള ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ അധികാരപരിധിലേക്ക് മാറ്റി. സഹായത്തിനായി ജില്ലാതലത്തില്‍ ഓരോ ജില്ലാ ഇന്‍സ്പെക്ടറേറ്റും നിലവിലുണ്ട്. ഇതിന്റെ സാങ്കേതിക പ്രവര്‍ത്തനങ്ങളെ 1983 മുതല്‍ രണ്ടായി വിഭജിച്ചിട്ടുണ്ട്. ഇവയുടെ പരമാധികാരി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറാണ്. കെ.എസ്.ഇ.ബി ലൈസന്‍സികള്‍, ഉപഭോക്താക്കള്‍ എന്നിവരില്‍ നിന്നുളള വൈദ്യുതി ഡ്യൂട്ടി ഈടാക്കുന്ന ചുമതല തുടങ്ങിയവയുടെ നിയന്ത്രണം ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറില്‍ നിക്ഷിപ്തമായിരിക്കുന്നു.

കെ.എസ്.ഇ.ബി യുമായി ബന്ധപ്പെട്ട പ്രധാന ഫോണ്‍ നമ്പരുകള്‍

ചെയര്‍മാന്‍ 

0471- 2448128
ഇലക്ട്രിസിറ്റി പ്രോബ്ലം 1912
കെ.എസ്.ഇ.ബി കണ്‍ട്രോള്‍ റൂം 0471- 2461399
ഇലക്ട്രിസിറ്റി ഓഫീസുകള്‍
വൈദ്യുതി ഭവന്‍ 0471- 2448989
ബീച്ച് 0471- 2502562
കന്റോണ്‍മെന്റ് 0471- 2314280
ഫോര്‍ട്ട് 0471- 2461040
കഴക്കൂട്ടം 0471- 2418236
കേശവദാസപുരം 0471- 2446705
മണക്കാട്  0471- 2461076
നാലാഞ്ചിറ 0471- 2531686
പേരൂര്‍ക്കട 0471- 2433142
പേട്ട 0471- 2743319
തൈക്കാട് 0471- 2321346
ഉളളൂര്‍ 0471- 2446090
വട്ടിയൂര്‍ക്കാവ് 0471- 2360854
വെളളയമ്പലം 0471- 2322233