നഗരസഭയിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇ - ഗവേര്‍ണന്‍സ് നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ രൂപീകരിച്ച ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം നഗരസഭയുടെ ഭരണ - വികസന - ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഇലക്ട്രോണിക് സംവിധാനത്തിലാക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ച് വരുന്നു. കേരള മുനിസിപ്പാലിറ്റി നിയമങ്ങളും ചട്ടങ്ങളും, അനുബന്ധ അധികാര വികേന്ദ്രീകരണ നിയമങ്ങളും ചട്ടങ്ങളും, പദ്ധതി ആസൂത്രണ നിര്‍വ്വഹണ ഉത്തരവുകള്‍, മാര്‍ഗ്ഗരേഖകള്‍, ഉദ്യോഗസ്ഥര്‍ക്കു ബാധകമായ നിയമങ്ങളും ചട്ടങ്ങളും എന്നിവയ്ക്ക് അനുസൃതമായി 16 പ്രധാന ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയര്‍ സ്യൂട്ടുകള്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചിട്ടുണ്ട്. ഈ ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ തിരുവനന്തപുരം നഗരസഭയില്‍ വിന്യസിക്കുന്നതിനുള്ള നടപടികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചു വരുന്നു.
ജനന - മരണ - വിവാഹ രജിസ്ട്രേഷനുള്ള 'സേവന', അക്കൌണ്ടിംഗ് സംവിധാനത്തിനുള്ള 'സാംഖ്യ', നിയമങ്ങളുടെയും ചട്ടങ്ങളുടെയും വിജ്ഞാന കോശമായ 'സഞ്ചിത', എസ്റ്റാബ്ളിഷ്മെന്റ് കാര്യങ്ങള്‍ക്കായുള്ള 'സ്ഥാപന', പദ്ധതി മോണിറ്ററിംഗിനുള്ള 'സുലേഖ', സാമൂഹ്യ സുരക്ഷാപെന്‍ഷന്‍ വിതരണത്തിനുളള ‘സേവനാപെന്‍ഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് 'സംവേദിത', കഡസ്ട്രല്‍ മാപ്പ്, വാര്‍ഡ് മാപ്പ് എന്നിവയടങ്ങിയ 'സചിത്ര' എന്നീ സോഫ്റ്റ്വെയറുകള്‍ ഇതിനകം വിന്യസിച്ചു കഴിഞ്ഞു. സോഫ്റ്റ്വെയര്‍ ആപ്ളിക്കേഷനുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനോടൊപ്പം കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിനു മുന്നോടിയായി മുന്‍കാല രേഖകള്‍ പരിശോധിക്കുക, വിട്ടുപോയ വിവരങ്ങള്‍ രേഖപ്പെടുത്തുക, ഇവ സമഗ്രമായി പരിശോധിച്ച് കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന് സജ്ജമാക്കുക, ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുക, പരിശീലനത്തിന് ആവശ്യമായ കൈപ്പുസ്തകങ്ങള്‍ തയ്യാറാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി.
ഇ-ഗവേണന്‍സ് പ്രവര്‍ത്തന പുരോഗതി
തിരുവനന്തപുരം നഗരസഭയുടെ കമ്പ്യൂട്ടര്‍വല്‍ക്കരണവുമായി ബന്ധപ്പെട്ട് 2004 നവംബര്‍ മാസം നഗരസഭയുടെ മെയിന്‍ ഓഫീസില്‍ ജനസേവനകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. തുടര്‍ന്ന് സോണല്‍ ഓഫീസുകളായ തിരുവല്ലം, ആറ്റിപ്ര, നേമം, കടകംപള്ളി, ഉള്ളൂര്‍, ഫോര്‍ട്ട് എന്നീ സോണല്‍ ഓഫീസുകളിലും ജനസേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കയുണ്ടായി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്ത 10 ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ നഗരസഭയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനകം വിന്യസിച്ചു കഴിഞ്ഞു. 16 കൌണ്ടറുകള്‍ വഴി രണ്ടു ഷിഫ്റ്റുകളിലായി രാവിലെ 8മണി മുതല്‍ വൈകിട്ട് 7.30 വരെ തുടര്‍ച്ചയായ സേവനം ലഭ്യമാക്കുന്ന കേരളത്തിലെ ഏകജനസേവനകേന്ദ്രം തിരുവനന്തപുരം നഗരസഭയുടേതാണ്. റവന്യൂ കളക്ഷനുമായി ബന്ധപ്പെട്ട് സാംഖ്യ-സഞ്ചയ ആപ്ളിക്കേഷനുകള്‍, ഫയല്‍ ട്രാക്കിംഗിനായുള്ള സൂചിക, ജനന-മരണ, വിവാഹ രജിസ്ട്രേഷനുള്ള സേവന എന്നീ സോഫ്റ്റ്വെയറുകള്‍ കൌണ്ടര്‍ വഴിയുള്ള സേവനത്തിനായി ഉപയോഗിക്കുന്നു.
ഹോസ്പ്പിറ്റല്‍ കിയോസ്ക്ക് സംവിധാനത്തിലൂടെ ജനന മരണ രജിസ്ട്രേഷനുകള്‍ ഓണ്‍ലൈനായി ഹോസ്പ്പിറ്റലുകളില്‍ നിന്ന് നഗരസഭയിലേക്കു റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സംവിധാനം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഒരുക്കിയിട്ടുണ്ട്.