നഗരസഭാ ചരിത്രം
ആയില്യം തിരുനാള്‍ മഹാരാജാവ് 1877-ല്‍ കണ്‍സര്‍വന്‍സി (ശുചിത്വപാലനം) വകുപ്പ് ആരംഭിച്ചു. കോട്ടയ്ക്കകം, ചാല, ശ്രീവരാഹം, മണക്കാട്, പേട്ട എന്നീ അഞ്ചു ഡിവിഷനുകളിലായി തിരുവനന്തപുരം ടൌണിനെ വിഭജിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ടൌണ്‍ ഇംപ്രൂവ്മെന്റ് കമ്മിറ്റി രൂപം കൊണ്ടു. അതിന്റെ ആദ്യ പ്രസിഡന്റ് ദിവാന് പേഷ്ക്കാര്‍ ഇരവിപേരൂര്‍ പിള്ളയായിരുന്നു. 19 പേര് കമ്മിറ്റിയിലുണ്ടായിരുന്നു.
1920-ല്‍ മുനിസിപ്പാലിറ്റി നിലവില്‍ വന്നു. രണ്ടു പതിറ്റാണ്ടുകാലം കഴിഞ്ഞ് ശ്രീ ചിത്തിര തിരുനാളിന്റെ ഭരണകാലത്ത് തിരുവനന്തപുരം കോര്‍പ്പറേഷനായി. 1940 ഒക്ടോബര്‍ 30 വരെ മുനിസിപ്പാലിറ്റിയായിരുന്ന നഗരസഭ കോര്‍പ്പറേഷനായപ്പോള്‍ അതിന്റെ ആസ്ഥാനം മെയിന്‍ റോഡില്‍ എസ്.എം.വി ഹൈസ്കൂളിനു എതിര്‍വശമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. കോര്പ്പറേഷന് രൂപമെടുത്തതോടെ നഗരത്തിന്റെ ആസൂത്രിതമായ വികസനത്തിനു സഹായകാമാംവണ്ണം ബഹുമുഖ പരിപാടികള്‍ക്ക് രൂപം കൊടുത്തു.
ഇന്നു കാണുന്ന നഗരസഭാ കാര്യാലയം രൂപഭംഗിയിലും ഭാവ ചാതുര്യത്തിലും ആരേയും ആകര്‍ഷിക്കുന്നതാണ്. പ്രൌഢ ഗംഭീരമായ ഈ മൂന്നു നില കെട്ടിടത്തിന് 1962 മാര്‍ച്ച് മാസം 19-ാം തീയതി തിങ്കളാഴ്ച അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള തറക്കല്ലിട്ടു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 1966-ല്‍ പൂര്‍ത്തിയായി. പുതിയ ഈ നഗരസഭാമന്ദിരം 1966 ജൂണ്‍ 3-ാം തീയതി അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്തു. ഐക്യ കേരളം രൂപം കൊണ്ടതോടെ 1956 മുതല്‍ തിരുവനന്തപുരം കേരളത്തിന്റെ ആകെ തലസ്ഥാനമായി. ഭാരതത്തിലെ ഏറ്റവും അധികം ശുചിത്വമേറിയ നഗരമെന്ന വിഖ്യാതിയാര്ജ്ജിച്ച, വിദേശ സഞ്ചാരികളെപ്പോലും ഹഠാദാകര്‍ഷിച്ച തിരുവനന്തപുരത്ത് പില്ക്കാലത്ത് ജനസംഖ്യയിലും വാഹനങ്ങളുടെ എണ്ണത്തിലും ഉന്നത സൌധങ്ങളുടെ നിര്‍മ്മാണത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടായി. അനന്തപുരിയ്ക്ക് അഴകിന്റെയും ശാലീനതയുടെയും മുഖശ്രീ നിലനിര്‍ത്താന്‍ കഴിയണമെന്നതാണ് മുഖ്യപ്രശ്നം. നഗരത്തിന്റെ വികസനത്തിന് നഗര വികസന അതോറിറ്റി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. റിലേ റോഡുകളും, ഫോര്‍ ലൈന്‍ ട്രാഫിക്കും, ബൈപ്പാസും, ഫ്ലൈ ഓവറുകളുമുള്പ്പെടെയുള്ള ബഹുമുഖ പരിപാടികള്‍ നടപ്പിലാക്കുമ്പോള്‍ അനന്തപുരിയുടെ പ്രകൃതിസൌന്ദര്യത്തെ കാത്തു സൂക്ഷിക്കേണ്ടതുണ്ട്.
ട്രിവാന്‍ഡ്രം തിരുവനന്തപുരമായി മാറിയത് ഈ നഗരത്തിന് സിദ്ധിച്ച മഹാഭാഗ്യമാണെന്നു ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ അഭിപ്രായപ്പെടുകയുണ്ടായി. സ്വന്തം ഇഷ്ടം മറ്റുള്ളവരുടെ മേലും അടിച്ചേല്‍പ്പിക്കുകയായിരുന്നു സായ്വിന്റെ സ്വഭാവം. അതിനാല്‍ ബോധപൂര്‍വ്വം തന്നെ നമ്മുടെ പേരുകള്‍ അവര്‍ വികൃതമാക്കി. ഇതവസാനിപ്പിച്ച് നമ്മുടെ മനോഹരമായ തിരുവനന്തപുരം വീണ്ടും തിരുവനന്തപുരമായത് 1990-ലെ ഒരു ഗവണ്മെന്റ് ഗസറ്റ് വിജ്ഞാപനത്തോടെയാണ്. ഈ തിരുവനന്തപുരം നഗരത്തില്‍ 17-ല്‍ പരം കുന്നുകളുണ്ട്.
ഓവര്‍ ബ്രിഡ്ജിനു സമീപം എസ്.എം.വി സ്കൂളിനെതിരെ രാജവീഥിക്കരികിലായി പ്രവര്‍ത്തിച്ചിരുന്ന നഗരസഭാ കാര്യാലയം പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇപ്പോഴത്തെ എല്‍.എം.എസ് ജംഗ്ഷന് സമീപം പുതുതായി പണിത മന്ദിരത്തിലേയ്ക്ക് മാറ്റിയത്. യൂണിവേഴ്സിറ്റി യൂണിയന്റെ ആസ്ഥാനം പൊളിച്ചുമാറ്റിയാണ് ഇപ്പോഴത്തെ നഗരസഭാ കാര്യാലയം പണിതത്. ചീഫ് സെക്രട്ടറിയായിരുന്ന സി.ഒ.മാധവനായിരുന്നു ആദ്യ നോമിനേറ്റഡ് മേയര്‍. രണ്ടാമത്തെ തെരഞ്ഞെടുക്കപ്പെട്ട മേയര്‍ കരിമ്പുവിളാകം ഗോവിന്ദപിള്ളയായിരുന്നു. സി.ഒ.മാധവന് മുതല്‍ സി.ജയന്‍ബാബു വരെ 41 മേയര്‍മാര്‍ തിരുവനന്തപുരം നഗരസഭയുടെ സാരഥ്യം വഹിച്ചിട്ടുണ്ട്. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരമാണ് തിരുവനന്തപുരം.
അനന്തപുരിയിലെത്തിയ പ്രശസ്ത സന്ദര്‍ശകര്‍
മഹാഭാരതയുദ്ധം നയിച്ച സവ്യസാചിയായ അര്ജ്ജുനന് പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച വേളയില്‍ കന്യാകുമാരി വഴി തിരുവനന്തപുരത്ത് പാല്‍ക്കുളങ്ങരയില്‍ എത്തുകയും അവിടെ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തതായി ഐതിഹ്യമുണ്ട്. ഭാരതത്തിന്റെ ഭാവിഭദ്രതയ്ക്കു അടിസ്ഥാനശിലകളിട്ട, രൂപഭാവങ്ങള്‍ തിരുത്തി കുറിച്ച ഒട്ടേറെ മഹാപുരുഷന്മാരുടെ പാദസ്പര്‍ശമേറ്റ പുണ്യഭൂമി എന്ന നിലയിലും അനന്തപുരി പ്രാധാന്യമര്‍ഹിക്കുന്നു. സ്വാമി വിവേകാനന്ദന്, മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, ജവഹര്‍ലാല്‍ നെഹ്റു, പോള്‍ മാര്‍പാപ്പ തുടങ്ങിയവരുടെയും ഡോ.രാജേന്ദ്രപ്രസാദ്, ഡോ.എസ്.രാധാകൃഷ്ണന് തുടങ്ങിയ പ്രസിഡന്റുമാരുടെയും ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി തുടങ്ങിയ ഭാരത പ്രധാനമന്ത്രിമാരുടെയും സന്ദര്‍ശനം കൊണ്ടും തിരുവനന്തപുരത്തിന് ചരിത്ര പ്രാധാന്യം കൈവന്നിട്ടുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ വന്ന മാര്‍ക്കോ പോളോയും തിരുവനന്തപുരത്തെ ഒരു വിശിഷ്ട സന്ദര്‍ശകനായിരുന്നു. “ഇബിന്‍ബത്തൂത്ത” മറ്റൊരു വിശ്രുത സന്ദര്‍ശകനാണ്. സ്വാമി വിവേകാനന്ദന് 1892 ഡിസംബറില്‍ തിരുവനന്തപുരം സന്ദര്‍ശിച്ചു. പ്രൊഫ: സുന്ദര രാമയ്യയുടെ അതിഥിയായിട്ടാണ് അദ്ദേഹം 9 ദിവസം ഇവിടെ താമസിച്ചത്. വഴുതയ്ക്കാട്ടു ജംഗ്ഷനിലുള്ള ഇപ്പോഴത്തെ ശ്രീമൂലം ക്ലബ്ബിലെ സമ്മേളനത്തിലും സ്വാമി പ്രസംഗിച്ചിരുന്നു. ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്ത് 1901-ല്‍ കഴ്സണ് പ്രഭുവും ഭാര്യയും അനന്തപുരിയിലെത്തി. ഗംഭീരമായ സ്വീകരണമാണ് നഗരജനാവലി പ്രഭുവിന് നല്‍കിയത്. ഈ നാടിന്റെ പ്രകൃതി സൌന്ദര്യം വളരെ മുമ്പേ കേട്ടു പരിചയിച്ചിരുന്നു എന്ന ആമുഖത്തോടെയാണ് പ്രഭു പ്രസംഗമാരംഭിച്ചത്. പ്രഭുവിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി കഴ്സണ് പ്രൈസ് എന്ന പേരില്‍ പ്രതിവര്‍ഷം 500 രൂപ പാരിതോഷികം കൊടുക്കുന്നതിന് മദ്രാസ് സര്‍വ്വകലാശാലയുമായി മഹാരാജാവ് ഒരു സന്ധിയിലേര്‍പ്പെട്ടു. സ്വാതന്ത്ര്യ പ്രാപ്തിയ്ക്കു ശേഷം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അഖിലേന്ത്യാ നേതാക്കളായ ഒട്ടുവളരെപ്പേര്‍ എത്തി ജനങ്ങളെ അഭിസംബോധന ചെയ്തിട്ടുണ്ട്. മഹാത്മജി 1925-ല്‍ ആദ്യമായി ഇവിടം സന്ദര്‍ശിച്ചു. 1927-ലും 1934-ലും 1937-ലും ഗാന്ധിജി തിരുവനന്തപുരം സന്ദര്‍ശിച്ചതായിട്ടാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 1925-ലെ ആദ്യ സന്ദര്‍ശനത്തിനിടയില്‍ ഗാന്ധിജി ഇപ്രകാരം പ്രസ്താവിച്ചു. തിരുവിതാംകൂര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പു വരെ ആശ്ചര്യമായ ഒരു കടങ്കഥയായിരുന്നു. ഇവിടത്തെ ഭരണാധികാരികളും ദിവാനും എത്രത്തോളം സംസ്കൃത ചിത്തരായിരിക്കുന്നുവെന്ന് ഞാന്‍ നേരിട്ട് മനസ്സിലാക്കിയപ്പോള്‍ അവിടെ ഇപ്പോഴും തീണ്ടല് ആചരിച്ചു പോരുന്നത് എന്നെ അമ്പരപ്പിക്കുകയും ദു:ഖത്തിലാഴ്ത്തുകയും ചെയ്തു. 1937-ല്‍ ഗാന്ധിജി വീണ്ടും തിരുവനന്തപുരത്തെത്തി. തിരുവിതാംകൂറില്‍ 10 തീര്‍ത്ഥയാത്രാ പ്രസംഗങ്ങള്‍ നടത്തുകയുണ്ടായി. 1936 നവംബര്‍ 12-ന് തിരുവിതാംകൂര്‍ മഹാരാജാവ് ക്ഷേത്ര പ്രവേശന വിളംബരം പ്രഖ്യാപിച്ചു. മഹാരാജാവിനെയും മഹാറാണി തിരുമനസ്സിനെയും ഗാന്ധിജി ഹാര്‍ദ്ദവമായി അഭിനന്ദിച്ചു. തിരുവനന്തപുരം നഗരസഭ ഗാന്ധിജിക്ക് മംഗളപത്രം നല്കി ആദരിച്ചു. ഇന്ദിരാഗാന്ധിയും നിരവധി പ്രാവശ്യം ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെന്ന നിലയില്‍ ഔദ്യോഗികമായും തെരഞ്ഞെടുപ്പ് പ്രചരണ വേളകളിലും പിന്നീട് തിരുവനന്തപുരം കോട്ടയം റെയില്‍വേ ലൈന്‍ ബ്രോഡ്ഗേജാക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനും വന്നെത്തി. ചെങ്കോട്ട വഴി മദ്രാസ്സിലേക്കു ഓടിക്കൊണ്ടിരുന്ന തീവണ്ടി’അതോടെ തിരുവിതാംകൂര്‍ - കൊച്ചി വഴി മദ്രാസിലേക്കു ഓടി തുടങ്ങി. കത്തോലിക്കാ സഭയുടെ അഭിവന്ദ്യപിതാവായിരുന്ന ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ 1986 ഫെബ്രുവരി മാസത്തിലെ തന്റെ ഭാരത സന്ദര്‍ശനത്തിനിടയില്‍ കേരളത്തിലുമെത്തി. തിരുവനന്തപുരത്ത് ശംഖുമുഖത്തെ ആറാട്ടുകടവില്‍ നടന്ന മഹാസമ്മേളനത്തില്‍ അഭിവന്ദ്യ പോള്‍ മാര്‍പാപ്പ തിരുമേനി ലക്ഷക്കണക്കിനു ജനങ്ങളെ സംബോധന ചെയ്തു സംസാരിച്ചു. വിദേശീയ ക്രൈസ്തവ മത വിഭാഗത്തില്‍പ്പെട്ട പല പുരോഹിതന്മാരും തിരുവനന്തപുരത്തെത്തി മഹാസമ്മേളനങ്ങളെ അഭിസംബോധന ചെയ്യാറുണ്ട്.
നഗരത്തിന്റെ ചരിത്രമെഴുതിയവര്‍
കുറഞ്ഞത് ആയിരം വര്‍ഷമെങ്കിലും പഴക്കമുള്ള പുണ്യ നഗരമാണ് തിരുവനന്തപുരം. പുരാണകവികളും, ആള്വാരന്മാരും തിരുവനന്തപുരത്തെപ്പറ്റി ഭക്തിപൂര്‍വ്വം പാടിയിട്ടുണ്ട്. 12-ാം നൂറ്റാണ്ടിലെ കൃതിയെന്നു കരുതപ്പെടുന്ന ‘സ്യാനന്ദൂര പുരാണ സമുച്ചയം’ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചരിത്രം പൌരാണികമായ രീതിയില്‍ വിവരിക്കുന്ന ഒരപൂര്‍വ്വ ചരിത്രഗ്രന്ഥമാണ്. പുരാണങ്ങളിലെയും ഐതിഹ്യങ്ങളിലെയും പരാമര്ശമൊഴിവാക്കിയാല് നമ്മാഴ്വാരുടെ “തിരുവായ്മൊഴി യിലാണ് തിരുവനന്തപുരത്തെപ്പറ്റിയുള്ള പ്രഥമ പരാമര്‍ശം. ‘തിരുശാസനത്തില് ‘തിരുവാനന്തപുരം’എന്ന ദീര്‍ഘ രൂപത്തിനാണ് പ്രസക്തി. മധുരയില്‍ നിന്നും അര്ജ്ജുനന് കന്യാകുമാരി വഴി തിരുവനന്തപുരത്ത് വന്ന് താമസിച്ചതായും അവിടുത്തെ പാല്‍കുളങ്ങര ഭഗവതി അര്ജ്ജുനന് നടത്തിയ പ്രതിഷ്ഠയാണെന്നും, ദ്വാരകയ്ക്ക് പോകുന്ന വഴി കേരളത്തില്‍ അനേക സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായും പുരാവൃത്തമുണ്ട്. രണ്ടായിരത്തിലധികം വരുന്ന സംഘകാല ഗാനങ്ങളില്‍ ഇരുപത്തിയാറു ചേരരാജാക്കന്മാരുടെ പേരുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എല്ലാ നഗരത്തിന്റേയുമെന്ന പോലെ തിരുവനന്തപുരത്തിന്റെയും ചരിത്രവും ഭാഗികമായി മാത്രമേ എഴുതപ്പെട്ടിട്ടുള്ളൂ. എഴുതപ്പെട്ടതിനേക്കാളേറെയാണ് എഴുതപ്പെടാത്ത ചരിത്രം. വ്യക്തികളോടും ചരിത്രസംഭവങ്ങളോടും നേരിട്ടു ബന്ധപ്പെടുന്ന സ്ഥല നാമങ്ങളുണ്ട്. ഐതിഹ്യത്തിലും നാടന്‍ പാട്ടുകളിലും ചരിത്രത്തിന്റെ പൊട്ടും പൊടിയും ഉണ്ട്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രസംബന്ധിയായി തന്നെ പതിനാലു ലക്ഷത്തിലധികം ചുരുണകള് മതിലകത്തുണ്ട്.
പ്രിന്‍സസ് ഗൌരി ലക്ഷ്മീഭായിയുടെ “ശ്രീ പത്മനാഭ ടെമ്പിള്‍” എന്ന പ്രശസ്തമായ ഇംഗ്ലീഷ് ഗ്രന്ഥവും വി.നരസിംഹന് തമ്പിയുടെ “തിരുവിതാംകൂര്‍ രാജവംശവും വലിയ കൊട്ടാരവും” എന്ന ഗ്രന്ഥവും ഈ നഗരവുമായി ബന്ധപ്പെട്ട ചില ആധുനിക രചനകളാണെങ്കിലും അനുദിനവികസ്വരമായ ഈ മഹാനഗരത്തിന്റെ ആധുനികചരിത്രത്തിന് പകരമാകയില്ല അവയൊന്നും തന്നെ. തിരുവനന്തപുരം നഗരത്തിന്റെ പൌരാണികവും ആധുനികവുമായ എല്ലാ ചരിത്രങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന ഏറ്റവും ബൃഹത്തായ ആധുനിക ഗ്രന്ഥം പട്ടം ജി.രാമചന്ദ്രന് നായര്‍ എഴുതിയ “തിരുവനന്തപുരത്തിന്റെ ഇതിഹാസം” മാത്രമാണ്. ചരിത്രത്തിന്റെ കാടും പടലും തപ്പി അലഭ്യങ്ങളായ വിവരങ്ങളെല്ലാം ഈ ഗ്രന്ഥത്തിലൂടെ അദ്ദേഹം പുറത്തു കൊണ്ടുവരുന്നുണ്ട്. തിരുവനന്തപുരം നഗരത്തെപ്പറ്റിയുള്ള ഒരു ആധികാരിക ഗ്രന്ഥമാണ് “തിരുവനന്തപുരത്തിന്റെ ഇതിഹാസം” എന്ന് നിസംശയം പറയാം. കൊല്ലവര്‍ഷം അഞ്ചും ആറും നൂറ്റാണ്ടിനിടയ്ക്കു ഏതോ കവി അനുഷ്ടുപ്പു വൃത്തത്തില്‍ രചിച്ച പ്രാചീന കൃതിയും, ചരിത്രപരമായ പ്രധാന്യം നിറഞ്ഞതുമായ ഈ മണിപ്രവാള കാവ്യത്തില്‍ 190 പദങ്ങള്‍ കൊണ്ട് തിരുവനന്തപുരം നഗരത്തെ വര്‍ണ്ണിക്കുന്നുണ്ട്. കുടലൂര്‍ മനയ്ക്കല്‍ നിന്നു ലഭിച്ച ഒരേയൊരു ഹസ്തലിഖിത ഗ്രന്ഥത്തെ അവലംബമാക്കി തിരുവനന്തപുരം ഹസ്തലിഖിത ഗ്രന്ഥാലയത്തില്‍ നിന്ന് ആദ്യം ഭാഷാ ത്രൈമാസികം 3 ഉം 4 ഉം ലക്കങ്ങളിലൂടെയും പിന്നീട് പ്രത്യേക ഗ്രന്ഥമായും ഇതു പ്രസിദ്ധീകരിച്ചു. പാറശ്ശാല സ്വദേശിയായ കെ.ശിവശങ്കരന് നായര്‍ രചിച്ച ‘അനന്തപുരി നൂറ്റാണ്ടുകളിലൂടെ’അനന്തപുരിയുടെ പൌരാണികവും ആധുനികവുമായ ചരിത്രഗതിവിഗതികളെ വിശദമായി പ്രതിപാദിക്കുന്നു. വേണാടിന്റേയും കേരളത്തിന്റേയും ചരിത്രങ്ങളെ ആസ്പദമാക്കി അമ്പതിലേറെ ഗവേഷണ പ്രബന്ധങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. വേണാടിന്റെ പരിണാമം, മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ മണ്‍റോ വരെ, പ്രാചീന കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം, കാശ്മീരിന്റെ കഥ തുടങ്ങിയവയാണ് മറ്റു കൃതികള്‍. പഠനകാലം മുതല്‍ ചരിത്രാഖ്യാനങ്ങളിലും ചരിത്രത്തിലും താല്പര്യം പ്രകടിപ്പിച്ചു പോന്ന ശിവശങ്കരന് നായര്‍ 33 വര്‍ഷം കേരള പൊതുമരാമത്ത് വകുപ്പില്‍ സേവനം അനുഷ്ഠിച്ചിരുന്നു.
ചരിത്ര ശേഷിപ്പുകള്‍
അനന്തന്‍കാട് ഒരു കാലത്ത് ഭീകരമായ വന പ്രദേശമായിരുന്നു. അനന്തമായ കാട് എന്ന നിലയില്‍ ആദ്യം അനന്തര്കാടും പിന്നീട് അനന്തന് കാടുമായതാകാം. ഈ കാട്ടില്‍ പെരുമ്പാമ്പുകള്‍ ഏറിയിരുന്നത് കൊണ്ട് അനന്തന്‍കാട് എന്നറിയപ്പെട്ടതുമാകാം. എണ്‍കോണ്‍ സമചതുരത്തില്‍ ഒരു കോല് കനത്തില്‍ പണിയിച്ചതാണ് ഒറ്റക്കല്‍മണ്ഡപം. തിരുമലയില്‍ പാറക്കോവിലില്‍ ഒരു ശ്രീകൃഷ്ണക്ഷേത്രമുണ്ട്. മലയുടെ മുകളിലാണ് പ്രസ്തുത ക്ഷേത്രം. പടികെട്ടുകള്‍ പിന്നിട്ടാല്‍ വലതുഭാഗത്ത് പാറപൊട്ടിച്ചെടുത്ത ഒരു കിടങ്ങു കാണാം. അവിടെനിന്നാണ്‘ഒറ്റക്കല്‍’വെട്ടിയെടുത്തത്. തിരുമല കല്ലുമലയില്‍ നിന്ന് മതിലകം ക്ഷേത്രപ്പണിക്ക് ‘ആനവണ്ടിയിലാണ് കല്ല് കൊണ്ടുവന്നത്. ആനവണ്ടി കൊട്ടാരം മരാമത്ത് ചുമതലയിലായിരുന്നു. നാല് ഇരുമ്പ് ചക്രം ഘടിപ്പിച്ചതിന് മുകളില്‍ പലക തറച്ച് വണ്ടിയുടെ രൂപത്തിലാക്കി രണ്ടാനകളെചേര്ത്ത് വടം കെട്ടി വലിപ്പിച്ചാണ് ആനവണ്ടി ചലിപ്പിച്ചത്. അക്കാലത്ത് ആനവണ്ടി വരാന്‍ വെട്ടിയ വഴിത്തടമാണ് തിരുമല മുതല്‍ പത്മനാഭസ്വാമി ക്ഷേത്രം വരെയുള്ള ഇന്നത്തെ പ്രധാന ‘രാജവീഥി.’ കിഴക്കേകോട്ട, പടിഞ്ഞാറെകോട്ട, വടക്കേകോട്ട (പില്ക്കാലത്ത് വെട്ടിമുറിച്ച കോട്ട), തെക്കേകോട്ട എന്നിവയെ സംബന്ധിക്കുന്ന തിരുവനന്തപുരത്തെ കോട്ടയ്ക്ക് പുറമെ തിരുവിതാംകൂറിന്റെയും കൊച്ചിയുടെയും അതിര്‍ത്തിയില്‍ മുപ്പത് നാഴികയോളം ദൂരത്തില്‍ കെട്ടിയുയര്‍ത്തിയ നെടുങ്കോട്ടയും ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നു. മേല്‍പ്പറഞ്ഞ കോട്ടകളുടെ വാതിലുകളും കൂടാതെ, ജനങ്ങളുടെ സൌകര്യാര്‍ത്ഥം സഞ്ചരിക്കുന്നതിനും സാധനങ്ങള്‍ കൊണ്ടുപോകുന്നതിനുമായി ശ്രീ വരാഹം കോട്ടവാതില്‍, ആശുപത്രി കോട്ടവാതില്‍, ശ്രീകണ്ഠേശ്വരം കോട്ടവാതില്‍ എന്നീ വാതിലുകളും ഉപയോഗിച്ചിരുന്നു. പഴയ ക്യാപ്പിറ്റോള്‍ തിയേറ്റര്‍ ഇന്നില്ല. മരിക്കാര്‍ മോട്ടോഴ്സ് പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് പ്രസ്തുത സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ആദ്യകാലത്തെ ഇംഗ്ലീഷ് ചലചിത്രങ്ങളും മൂകചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒട്ടേറെ സമ്മേളനങ്ങളുടെ വേദിയുമായിരുന്നു ഇവിടം. സ്പെന്‍സര്‍ ജംഗ്ഷനില്‍ നിന്നും എ.കെ.ജി സെന്ററിലേക്ക് പോകുന്ന വീഥിയില്‍ രാജവീഥിയ്ക്ക് സമാന്തരമായുള്ള ട്യൂട്ടേഴ്സ് ലെയിന്‍ പണ്ടുകാലം മുതല്ക്കേ പ്രസിദ്ധമാണ്. രാജകീയ കലാലയത്തിലെ അധ്യാപകര്‍ (ട്യൂട്ടര്‍മാര്‍) ഇടതിങ്ങി താമസിച്ചിരുന്നതിനാല്‍ ഇതിന് ട്യൂട്ടേഴ്സ് ലെയിന്‍ എന്ന് പേര് സിദ്ധിച്ചു. അനന്തപത്മനാഭന്റെ പേരുമായി ബന്ധപ്പെട്ടതാണ് അനന്തപത്മനാഭന് തുറ.’ സി.വി.രാമന് പിള്ളയുടെ ‘മാര്‍ത്താണ്ഡവര്‍മ്മ’ എന്ന നോവലില്‍ പരാമര്ശിച്ചിട്ടുള്ളതാണീ പ്രദേശം. അനന്തപത്മനാഭന് പടത്തലവന് സര്‍ക്കാര്‍ വസ്തുക്കള്‍ ദാനമായി കൊടുത്തതായി കേരള സര്‍ക്കാറിന്റെ സെന്‍ട്രല്‍ ആര്‍ക്കൈവ്സില്‍ രേഖയുണ്ട്. മാര്‍ത്താണ്ഡവര്‍മ്മയുടെ ഭരണകാലത്ത് തന്നെയാണ് ഈ ദാനം. രാജഭക്തിയ്ക്ക് നല്കിയ സമ്മാനമാകാനേ വഴിയുള്ളൂ. അനന്തപത്മനാഭന്റെ ഭാര്യവീടായി പറയപ്പെടുന്ന ‘ചെമ്പകശ്ശേരി ഭവനം’തേടി പല ചരിത്ര ഗവേഷകരും പോയിട്ടുള്ളതായും അങ്ങനെയൊരു ഭവനമില്ലായിരുന്നു എന്നും പറയുമ്പോള്‍ അനന്തപത്മനാഭന് എന്നൊരു പടത്തലവനും ഇല്ലെന്നു വരുമോ? ചെമ്പകശ്ശേരി ഇല്ലെങ്കില്‍ മറ്റൊരു ശ്ശേരി. അത്തരമൊരു ഭവനം കാലം കൊണ്ട് നശിച്ചിരിക്കാനാണിട. ‘കഞ്ഞിപ്പുര’ഇന്ന് പ്രവര്‍ത്തനക്ഷമമല്ലെങ്കിലും പഴയ ഓട് മേഞ്ഞ കഞ്ഞിപ്പുര ഇന്നും പ്രധാന കവലകളില്‍ കാണാം. അംഗവിഹീനരും, രോഗവും വാര്‍ദ്ധക്യവും നിമിത്തം വേലചെയ്തു കാലക്ഷേമം നടത്താനാവത്തവരുമായ സാധുക്കള്‍ക്ക് ഉള്ളൂരില്‍ നിന്നും മേക്കേപട്ടത്തേക്കുള്ള റോഡിനു സമീപം ശ്രീമൂലം ഷഷ്ടിപൂര്‍ത്തി സ്മാരകമായി ഒരു ധര്‍മ്മാലയം പണിയിച്ചു. നിത്യം അഞ്ചു പറ അരിവച്ച് കഞ്ഞി ഉണ്ടാക്കി കൊടുക്കാനും അതിലേക്ക് പ്രതിമാസം 15 രൂപ, 7 രൂപ, 2 രൂപ ശമ്പളത്തില്‍ വിചാരിപ്പുകാര്‍-1, ശേഖരിപ്പുകാര്-4, നാലു തളിക്കാര്‍ എന്നിങ്ങനെ ജീവനക്കാരെ നിയമിച്ച് ശമ്പളം കൊടുത്തു വന്നു. ഡമ്മാനം അടി:- മഹാരാജാക്കന്മാര് തിരുവനന്തപുരത്തുളളപ്പോള്‍ കിഴക്കേകോട്ടയില്‍ നിന്നും രാവിലെ അഞ്ചു മണി മുതല്‍ ആറു മണി വരെ, ഉച്ചക്ക് പന്ത്രണ്ട് മണി മുതല്‍ ഒരു മണി വരെ, വൈകിട്ട് ആറ് മണി മുതല്‍ ഏഴ് മണി വരെ എന്നീ സമയങ്ങളില്‍ ഡമ്മാനമടി മുഴങ്ങിയിരുന്നു. കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവിന്റെ കാലഘട്ടം (933-973) മുതല്ക്കാണ് ഡമ്മാനമടിക്ക് തുടക്കം കുറിച്ചത്. രണ്ട് ഡമ്മാനം, ഒരു കുറുങ്കുഴല്‍, ഒരു കൈമണി ഇവയാണ് ഡമ്മാനമടിക്കുന്നതിനുളള ഉപകരണങ്ങള്‍. കര്‍ണ്ണാട്ടിക് നവാബ് പാരിതോഷികമായി നല്‍കിയതാണിവ. ലായം കാര്യക്കാരുടെ നിയന്ത്രണത്തിലായിരുന്നു ഇതു നടന്ന് വന്നത്. ഡമ്മാനമടി മുഴങ്ങിയില്ലെങ്കില്‍ മഹാരാജാവ് സ്ഥലത്തില്ലെന്നു നിശ്ചയിക്കാം. ശ്രീ ചിത്തിരതിരുനാളിന്റെ കാലം വരെ മുടങ്ങാതെ ഡമ്മാനമടി നിലനിന്നിരുന്നു. മരവണ്ടി മദ്ദളം "ട്രി-(മരം) വാന്‍-(വണ്ടി) ഡ്രം-(മദ്ദളം)": തിരുവനന്തപുരത്തെ ബ്രിട്ടീഷുകാരാണ് യാതൊരു അര്‍ത്ഥവുമില്ലാത്ത മരവണ്ടി മദ്ദളം (ട്രിവാന്‍ഡ്രം) ആക്കി മാറ്റിയത്. 1990 ലെ ഒരു ഗവണ്മെന്റ് ഗസറ്റ് വിജ്ഞാപനത്തോടെയാണ് വീണ്ടും തിരുവനന്തപുരമായത്. ഇതോടെ ആലപ്പുഴ, കൊല്ലം മുതലായ നഗരങ്ങള്‍ക്ക് തനി മലയാളം പേര് കൈവന്നു.
സ്മാരകങ്ങള്‍
അധികമാരും അറിയാതെപോയ ഒരു നാടുവാഴിഭരണത്തിന്റെ സ്മാരകമാണ് ആര്യങ്കോട് ഗ്രാമപഞ്ചായത്തിലെ കുറ്റിയായണിക്കാട് അഞ്ചുതമ്പുരാന്‍ തെക്കത്. വേണാടിന്റെ ചെങ്കോലേന്തിയ ഉദയമാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് തുടങ്ങുന്നതാണ് തെക്കതിന്റെ ചരിത്രം. മഹാരാജാവ് മുന്‍കൈയെടുത്ത് ‘കോയിക്കല്‍ അഞ്ചു തമ്പുരാന് തെക്കത്’ പുതുക്കിപ്പണിതു. തെക്കത് സംരക്ഷിക്കാനും പൂജചെയ്യാനുമായി തിരുനെല്‍വേലിയില്‍ നിന്ന് ഒരു ബ്രാഹ്മണ കുടുംബത്തെ കൊണ്ടു വന്ന് സംരക്ഷിച്ചു. തകര്‍ന്ന കൊട്ടാരവും അനുബന്ധസ്വത്തുക്കളും മുപ്പത്തെട്ടായി ഭാഗിച്ച് 38 പണിക്കര്‍മാര്‍ക്ക് കരമൊഴിവായി നല്കി. ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് തെക്കതെങ്കിലും ഇന്ന് സ്വത്തുക്കള്‍ അന്യാധീനമായി ഏതുനിമിഷവും മണ്ണോടു ചേരാനായി നില്‍ക്കുകയാണ്. പഴയ കൊട്ടാരത്തിന്റെ കല്‍ത്തൂണുകളും എടുപ്പുകളും പുരയിടത്തില്‍ ചിതറികിടക്കുകയാണ്. കൂട്ടത്തിലെ നാഴിക്കിണര്‍, ഒരു ഭഗവതി ക്ഷേത്രം കൂടി കൊട്ടാരക്കെട്ടിനുള്ളില്‍ ഉണ്ടായിരുന്നതിന്റെ തെളിവാണ്. ചരിത്രത്തിന്റെ നാള്‍വഴികളില്‍ വിസ്മൃതിയിലാണ്ടുപോയ കോയിക്കല്‍ തറവാടിന്റെ അവസാനശേഷിപ്പാണ് അഞ്ചുതമ്പുരാന്‍ തെക്കത്. എം.ജി റോഡിന്റെ വടക്കേ അറ്റത്ത് മ്യൂസിയത്തിനും നഗരസഭാ കാര്യാലയത്തിനും അരികിലായിട്ടാണ് രാമരായര്‍ വിളക്ക് സ്ഥിതി ചെയ്യുന്നത്. പത്മനാഭറാവു വിളക്ക് വെളളയമ്പലം ആല്‍ത്തറ ജംഗ്ഷനില്‍ നിലകൊളളുന്നു. തിരുവിതാംകൂറില്‍ അഞ്ചല്‍ സൂപ്രണ്ട്, എക്സൈസ് കമ്മീഷണര്‍ എന്നീ നിലകളില്‍ ശോഭിച്ചിരുന്ന ടി.പത്മനാഭറാവുവിന്റെ സ്മരണയ്ക്കായിട്ടാണ് പത്മനാഭറാവു വിളക്ക് സ്ഥാപിച്ചിരിക്കുന്നത്. റോഡ് പരിഷ്ക്കരണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിച്ച വിളക്ക് ഇപ്പോള്‍ തെളിയാറില്ല.
നഗരത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍
പ്രശസ്ത സംഗീതജ്ഞനായ നെല്ലൈ ടി.വി.കൃഷ്ണമൂര്‍ത്തി വര്‍ഷങ്ങളായി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആളാണ്. സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ പ്രിന്‍സിപ്പലായി വിരമിച്ച അദ്ദേഹം സ്വാതി തിരുനാള്‍ കൃതികള്‍ സ്വരപ്പെടുത്തുന്നതില് പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. കേരളത്തിലെ തലമുതിര്‍ന്ന സംഗീത വിദുഷികളില്‍ പ്രമുഖയാണ് പാറശാല ബി.പൊന്നമ്മാള്‍. തൃപ്പൂണിത്തുറ ആര്.എല്‍.വി സംഗീത കോളേജില്‍ നിന്ന് വിരമിച്ച ഇവര്‍ ശെമ്മാകുടി ശ്രീനിവാസ അയ്യരുടെ ശിഷ്യയാണ്. കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് നേടിയിട്ടുണ്ട്. കര്‍ണാടക സംഗീതത്തിലെ മഹാ സംഗീതജ്ഞരില്‍ ഒരാളായ നെയ്യാറ്റിന്‍കര വാസുദേവന്‍ തിരുവനന്തപുരത്ത് സംഗീത സേവനം ചെയ്തിട്ടുണ്ട്. മൃദംഗകലയിലെ നിത്യവിസ്മയമായ മാവേലിക്കര വേലുക്കുട്ടി നായര്‍ വര്‍ഷങ്ങളായി തിരുവനന്തപുരത്തു താമസിച്ചിട്ടുണ്ട്. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ തുടങ്ങി അക്കാലത്തെ വലിയ സംഗീതജ്ഞര്‍ക്ക് പക്കവാദ്യം വായിച്ചിട്ടുണ്ട്. മലയാള സിനിമയിലെ സംഗീതാചാര്യന് ദേവരാജന്‍ മാസ്റ്റര്‍ ദിവംഗതനാവും വരെ വര്‍ഷങ്ങളോളം തിരുവനന്തപുരത്ത് കരമനയിലായിരുന്നു താമസം. വയലാര്‍ - ദേവരാജന്‍ കൂട്ടുകെട്ടിന്റെ ഗാനങ്ങള്‍ മലയാള ചലച്ചിത്ര ഗാനശാഖയില്‍ ഒളിമങ്ങാതെ നില്ക്കുന്നു. കെ.പി.ഉദയഭാനു: മുപ്പത്തഞ്ചു വര്‍ഷമായി തിരുവനന്തപുരത്താണ് താമസം. കെ.പി.കേശവമേനോന്റെ അനന്തിരവന്. രമണനിലെയും ലൈലാ മജ്നുവിലെയും അനശ്വരഗാനങ്ങളടക്കം നിരവധി ഗാനങ്ങള്‍ പാടി. ആകാശവാണിയിലെ സംഗീതസംവിധായകനായിരുന്നു. അന്തരിച്ച രവീന്ദ്രന് മാഷ് കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലാണ് ജനിച്ചതെങ്കിലും ഏറെക്കാലം തന്റെ സംഗീത കര്‍മ്മമണ്ഡലം തിരുവനന്തപുരമായിരുന്നു. മലയാള ചലച്ചിത്രഗാനശാഖയ്ക്ക് മികച്ച സംഭാവനകള്‍ നല്കിയ സംഗീത സംവിധായകന്. പുകഴേന്തി വേലായുധന് നായര്‍ എന്നാണ് പൂര്‍ണ്ണമായ പേര്. തിരുവനന്തപുരത്തെ തമ്പാനൂര്‍ സ്വദേശി. “വിത്തുകള്‍” എന്ന സിനിമയിലെ “ഗോപുരമുകളില്‍”എന്ന ഗാനമുള്‍പ്പെടെ നിരവധി മനോഹര ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. പ്രസിദ്ധ കവി, ഗാനരചയിതാവ്, നടന്, പത്രാധിപര്‍, ചലച്ചിത്ര സംവിധായകന്, നിര്‍മ്മാതാവ് എന്നിങ്ങനെ എണ്ണമറ്റ വിശേഷണങ്ങളുള്ള വ്യക്തിത്വമായിരുന്നു പി.ഭാസ്ക്കരന്‍. കമ്മ്യൂണിസ്റ്റായിരിക്കെ ജയില്‍ വാസമനുഭവിച്ചു. നിരവധി പുരസ്കാരങ്ങള്‍. ആകാശവാണിയിലെ ഉദ്യോഗസ്ഥനായിരുന്നു. അന്തരിച്ചു. ജവഹര്‍ നഗറിലായിരുന്നു താമസം. നവകവിതയുടെ ശക്തനായ പ്രചാരകനും ആചാര്യനും, പ്രഗല്ഭനായ ഇംഗ്ലീഷ് അധ്യാപകനും, കലാതത്വചിന്തകനുമായിരുന്നു ഡോ.കെ. അയ്യപ്പ പണിക്കര്‍. വഴുതക്കാട്ടെ സരോവരത്തിലായിരുന്നു താമസം. മലയാള കവിതയില്‍ പ്രസാദ മാധുര്യങ്ങളുടെ വള്ളത്തോള്‍ വഴി പിന്തുടരുന്ന മാനവ സ്നേഹിയാണ് മഹാകവി എം.പി.അപ്പന്. എഴുത്തച്ഛന് പുരസ്കാരം ലഭിച്ചു. വഴുതക്കാട് താമസം. പ്രൊഫ.എം.കൃഷ്ണന് നായര്‍: പ്രമുഖ നിരൂപകന്. മുപ്പതിലധികം വര്‍ഷം സാഹിത്യവാരഫലം എന്ന പംക്തി കൈകാര്യം ചെയ്തു. സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി ബഹുമാനിച്ചു. ലിറ്റററി ജേര്‍ണലിസത്തിന് ഗോയങ്ക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അബു എബ്രഹാം: ലോക പ്രശസ്ത കാര്‍ട്ടൂണിസ്റ്റ്, പത്ര പ്രവര്ത്തകന്. മനുഷ്യാവകാശ പോരാട്ടങ്ങളില്‍ മുന്‍ നിരയില്‍, എന്നും നെഹ്റു കുടുംബത്തിന്റെ ഉറ്റ ചങ്ങാതി. 2002 ഡിസംബര്‍ 1-ാം തീയതി അന്തരിച്ചു. കവടിയാര്‍ ഗോള്ഫ്ലിങ്ക്സിലായിരുന്നു താമസം. ലാറി ബേക്കര്‍: ഗൃഹനിര്‍മ്മാണ കലയില്‍ ചെലവ് കുറഞ്ഞ വീടുകളുടെ ശില്പി എന്ന നിലയില്‍ പ്രശസ്തന്‍. അദ്ദേഹം ആരംഭിച്ച പ്രസ്ഥാനം വ്യാപകമായി വളര്‍ന്നു മുന്നേറി. സമീപകാലത്ത് അന്തരിച്ചു. പി.സുബ്ബയ്യ പിളള: പ്രസിദ്ധനായ ഫലിത സാഹിത്യകാരന്. കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.
അനന്തപുരിയിലെ ചരിത്ര വ്യക്തിത്വങ്ങള്‍
രാജാരവി വര്‍മ്മ: കിളിമാനൂര്‍ കൊട്ടാരത്തില്‍ 1848 ഏപ്രില്‍ 29 ന് ജനിച്ചു. അമ്മാവന് രാജരാജവര്‍മയില്‍ നിന്ന് ചിത്രകലയുടെ ബാലപാഠങ്ങള്‍ പഠിച്ചു. തിയഡോര്‍ ജെന്സര് എന്ന ആംഗലേയ ചിത്രകാരനുമായുളള സമ്പര്‍ക്കം ജീവിതത്തില്‍ വഴിത്തിരിവായി. എണ്ണഛായ സാധ്യതകളും സാങ്കേതിക രീതികളും അദ്ദേഹത്തില്‍ നിന്ന് പഠിച്ചു. 1873-ല്‍ പൂരൂരുട്ടാതി തിരുനാള്‍ തമ്പുരാട്ടിയെ വിവാഹം ചെയ്തു. ആ വര്‍ഷം തന്നെ നായര്‍ സ്ത്രീയുടെ ചിത്രം മദ്രാസില്‍ പ്രദര്‍ശിപ്പിച്ചു. ശാകുന്തളം നാടകത്തിലേയും പുരാണകഥകളിലേയും അനവധി രംഗങ്ങള്‍ ചിത്രത്തിലാക്കി. ചിത്രകലയില്‍ ഒരു ‘ഇന്തോ-യൂറോപ്യന്‍’ശൈലി പരിപോഷിപ്പിച്ചു. 1892-ല്‍ ചിക്കാഗോയില്‍ നടന്ന അന്താരാഷ്ട്ര ചിത്രരചനാ പ്രദര്‍ശനത്തില്‍ രാജാരവിവര്‍മ ഏവരാലും ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളിലധികവും പാരീസിലും മറ്റും സൂക്ഷിക്കപ്പെടുന്നു. തിരുവനന്തപുരത്തെ ശ്രീ ചിത്രാ ആര്‍ട്ട് ഗാലറിയിലും പല ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 1906 ഡിസംബര്‍ 9 ന് അന്തരിച്ചു. ചട്ടമ്പിസ്വാമികള്‍: കേരളത്തിലെ ആധ്യാത്മികാചാര്യനായ ചട്ടമ്പിസ്വാമികള്‍ക്ക് മാതാപിതാക്കള്‍ നല്കിയ പേര് കുഞ്ഞന്‍ പിള്ളയെന്നാണ്. കൊല്ല വര്‍ഷം 1029-ാമാണ്ട് ചിങ്ങം 19 ന് തിരുവനന്തപുരത്ത് കൊല്ലൂരില്‍ (കണ്ണമ്മൂല) വാസുദേവശര്മയുടേയും നങ്ങാദേവിയുടേയും മകനായി ജനിച്ചു. കുറച്ചു നാള് പേട്ടയില്‍ രാമന് പിളള ആശാന് നടത്തിപ്പോന്ന വിദ്യാലയത്തില്‍ ചേര്‍ന്ന് പഠനം നടത്തി. അവിടുത്തെ മോണിട്ടര്‍ എന്ന നിലയില്‍ ‘ചട്ടമ്പി’ എന്ന പേര് ലഭിച്ചു. പിന്നീടത് മാറാപ്പേരായി. സാഹിത്യം, സംഗീതം, ജ്യോതിശാസ്ത്രം, ചിത്രമെഴുത്ത്, വീണാവാദനം, വൈദ്യശാസ്ത്രം, മന്ത്രശാസ്ത്രം ഇവയിലെല്ലാം അസാമാന്യമായ അവഗാഹം നേടി. സാഹിത്യപണ്ഡിതനായിരുന്നു. യോഗവിദ്യയിലും വേദാന്തത്തിലും അദ്ദേഹത്തിനുളള പാണ്ഡിത്യം അത്ഭുതമുളവാക്കുന്നതാണ്. 1068-ല്‍ കേരളം സന്ദര്‍ശിച്ച സ്വാമി വിവേകാനന്ദന് ചിന്മുദ്രയുടെ രഹസ്യം ചോദിച്ചപ്പോള്‍ പ്രമാണസഹിത മറുപടി നല്കി സ്വാമികള്‍ തന്റെ പാണ്ഡിത്യം പ്രകടിപ്പിച്ചു. തിമില, ചെണ്ട തുടങ്ങിയ വാദ്യങ്ങളില്‍ സമര്‍ത്ഥനായിരുന്നു. വീടുവിട്ട് തീര്‍ത്ഥയാത്ര നടത്തി. മരുത്വാമലയില്‍ തപസ്സു ചെയ്തു. സന്യാസി എന്ന നിലയ്ക്ക് സ്വാമി ഷണ്മുഖദാസന് എന്ന പേര് സ്വീകരിച്ചു. ജാതിവ്യത്യാസം പരിഗണിക്കാതെ എല്ലാവരേയും സമഭാവനയോടെ കണ്ടു. മലയാളത്തിനു പുറമേ സംസ്കൃതം, തമിഴ് എന്നീ ഭാഷകളില്‍ പാണ്ഡിത്യം നേടിയിരുന്നു.1099 മേടം 23-ന് പന്മന പി സ്മാരക വായനശാലയില്‍ സമാധിയായി. പന്മനയില് വിദ്യാധിരാജാ സ്മാരകം നിലകൊളളുന്നു. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ ആസ്പദമാക്കി രണ്ടു പദ്യങ്ങള്‍ രചിച്ചിട്ടുണ്ട്. സി.വി.രാമന് പിളള: ‘കേരളസ്കോട്ട്’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മലയാളത്തിന്റെ പ്രഥമ നോവലിസ്റ്റ് സി.വി.രാമന്പിളള 1858-ല്‍ (കൊല്ലവര്‍ഷം 1033 ഇടവം ഏഴിന്) ജനിച്ചു. നെയ്യാറ്റിന്‍കര കൊല്ലകുളത്തൂര് പനവിളാകത്ത് നീലകണ്ഠപിളളയുടേയും ആറയൂര്‍ കണ്ണങ്കര പാര്വതിപ്പിളളയുടേയും എട്ടാമത്തെ പുത്രനാണ് സി.വി. നെയ്യാറ്റിന്‍കര താലൂക്കില്‍ ആറയൂരിലെ കണ്ണങ്കര വീടാണ് സി.വി-യുടെ തറവാട്. ഇരയിമ്മന്‍ തമ്പി: കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മയുടെ കനിഷ്ഠസഹോദരനായ രവിവര്‍മ്മയുടെ പുത്രി പാര്വതിപിളള തങ്കച്ചിയുടേയും ചേര്‍ത്തല നടുവിലെ കോവിലകത്ത് കേരള വര്‍മ തിരുമുല്പ്പാടിന്റേയും മകനായി 1783-ല്‍ തിരുവനന്തപുരത്ത് ഇരയിമ്മന്‍ തമ്പി ജനിച്ചു. അച്ഛനില്‍ നിന്നും സാഹിത്യസംഗീത ശിക്ഷണം ലഭിച്ചു. 14-ാം വയസ്സില്‍ കവിതയെഴുത്താരംഭിച്ചു. 1815-ല്‍ ‘ആസ്ഥാന കവിയായി. ‘ഓമനത്തിങ്കള്‍ കിടാവോ’ എന്നാരംഭിക്കുന്ന ചേതോഹരമായ താരാട്ടുപാട്ടാണ് മലയാളികള്‍ക്കിടയില്‍ ഏറ്റവും പ്രസിദ്ധമായി അദ്ദേഹത്തിന്റെ സൃഷ്ടിയെന്ന ഖ്യാതിയുളളത്. സംസ്കൃതത്തിലും മലയാളത്തിലുമുളള എണ്ണമറ്റ ഒരു ശ്ലോകങ്ങളോടൊപ്പം രാസക്രീഡ, രാജസേവാക്രമം എന്നീ രണ്ട് മണിപ്രവാള കൃതികളും രചിച്ചിട്ടുണ്ട്. ദക്ഷയാഗം, കീചകവധം, ഉത്തരാസ്വയംവരം എന്നീ മൂന്ന് ആട്ടക്കഥകള്‍ കോട്ടയം തമ്പുരാന്റെയും ഉണ്ണായി വാര്യരുടേയും പ്രശസ്ത ദൃശ്യകാവ്യങ്ങള്‍ക്ക് സമമായി നിലകൊളളുന്നു. സി.പി.രാമസ്വാമി അയ്യര്‍: 1879 നവംബര്‍ 12 ന് തമിഴ്നാട് വാന്ഡിവാഷില് സി.പി.രാമസ്വാമി അയ്യര്‍ ജനിച്ചു. 1911-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 1917-ല്‍ ജനറല്‍ സെക്രട്ടറിയായി. 1913 ലാണ് മഹാരാജാവിന്റെ ഉപദേശകനായി തിരുവിതാംകൂറില്‍ എത്തുന്നത്. 1936-ല്‍ ദിവാനായി. കടുത്ത ജനമര്‍ദ്ദകനും തൊഴിലാളി സമരങ്ങളോട് അസഹിഷ്ണുതയും കാട്ടുന്ന ഒരുദ്യോഗസ്ഥനെന്ന നിലയ്ക്ക് തിരുവിതാംകുറിലെ എല്ലാ വിഭാഗം ജനങ്ങളുടെയും കടുത്ത എതിര്‍പ്പിനും വെറുപ്പിനും ഇദ്ദേഹം പാത്രമായി. ഒരു ശക്തനായ സ്വേച്ഛാധിപതി ആയിരിക്കുമ്പോള്‍ തന്നെ ആധുനിക തിരുവിതാംകൂറിന്റെ വ്യവസായവല്‍ക്കരണത്തിന് ഗണ്യമായ ശ്രദ്ധ ചെലുത്തി. പള്ളിവാസല്‍ വൈദ്യുതപദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് പിറകില്‍ അദ്ദേഹത്തിന്റെ സ്വാധീനമാണുളളത്. 1936-ലെ ക്ഷേത്രപ്രവേശന വിളംബരത്തിലും ദ്വിമണ്ഡല നിയമസഭാസങ്കല്പത്തിന്റെ പിറകിലും അയ്യരുടെ സ്വാധീനം ശക്തമായിരുന്നു. വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഭാഗമായി 1937-ല്‍ തിരുവിതാംകൂര്‍ സര്‍വകലാശാല സ്ഥാപിച്ചു. 1946-ല്‍ സ്വതന്ത്ര തിരുവിതാംകൂര്‍ വാദമുയര്‍ത്തി പുന്നപ്ര വയലാര്‍ പ്രക്ഷോഭത്തിന് കാരണക്കാരനായി. ആയിരക്കണക്കിനാളുകളെ വെടിവെച്ചുകൊന്ന സര് സി.പി യോട് ജനങ്ങള്‍ വിരോധം ശക്തമായി തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. 1947 ജൂണ്‍ 25 ന് സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ വെച്ച് വെട്ടേറ്റതിനെ തുടര്‍ന്ന് തിരുവിതാംകൂറിലേക്ക് അദ്ദേഹം മടങ്ങി വന്നില്ല.
ലഫ്. കേണല്‍ ഗോദവര്‍മ്മ: 1908 ഒക്ടോബര്‍ 8 പൂഞ്ഞാര്‍ കൊട്ടാരത്തില്‍ അംബത്തമ്പുരാട്ടിയുടേയും നാരായണന് നമ്പൂതിരിപ്പാടിന്റേയും രണ്ടാമത്തെ പുത്രനായി ജനിച്ചു. 1934-ല്‍ മദ്രാസ് മെഡിക്കല്‍ കോളേജില്‍ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കേ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ സഹോദരി കാര്‍ത്തിക തിരുനാള്‍ തമ്പുരാട്ടിയുമായി വിവാഹം. അസംഘടിതമായി കിടന്നിരുന്ന കേരള കായിക വിനോദമല്സര വേദിയെ ഒരു കായിക പ്രേമികൂടിയായ ഗോദവര്‍മ്മ ഉദ്ധരിച്ചു. തിരുവിതാംകൂര്‍ സര്‍വകലാശാല, ലേബര്‍ കോര്‍ കമാന്‍ഡറായും ആദ്യത്തെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറായും സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചു. 1940-ല്‍ വേളിയില്‍ ബോട്ട് ക്ലബ് സ്ഥാപിച്ചു. 1954-ല്‍ സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സിലും (പിന്നീട് കേരള സ്പോര്‍ട്സ് കൌണ്‍സിലായി) 1958-ല്‍ തിരുവനന്തപുരത്ത് ഫ്ലയിങ് ക്ളബ്ബും രൂപീകരിച്ചു. 1967-ല്‍ നാഷണല്‍ എയര്റാലി തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം ടെന്നീസ് ക്ലബ് മന്ദിരം, വാട്ടര്‍ വര്‍ക്സ് നീന്തല്‍ കുളം, യൂണിവേഴ്സിറ്റി സ്റ്റേഡിയം, റോളര്‍ സ്കേറ്റിങ് റോവിങ് സെന്റര്‍ എന്നിവ ഇദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമഫലമാണ്. 1971 ഏപ്രില്‍ 10 ന് ഹിമാലയസാനുക്കളിലെ കുളു താഴ്വരയിലെ ബുണ്ടാര്‍ വിമാനത്താവളത്തില്‍വെച്ചുണ്ടായ വിമാനാപകടത്തില്‍ മരിച്ചു. ഗൌരി പാര്‍വതി ബായി, ഗൌരി ലക്ഷ്മി ബായി, രാമവര്‍മ്മരാജ എന്നിവര്‍ മക്കളാണ്. തിരുവനന്തപുരത്തെ ജി.വി.രാജ സ്പോര്‍ട്സ് സ്കൂളും യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ജി.വി.രാജ പവലിയനും ഇദ്ദേഹത്തിന്റെ സ്മാരകങ്ങളാണ്. അന്നാചാണ്ടി: കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ആദ്യമായി ഹൈക്കോടതി ജഡ്ജിയായി തെരഞ്ഞെടുത്ത ഏഷ്യന്‍ വനിത. 1937-ല്‍ 1 - ാം ഗ്രേഡ് മുന്‍സിഫ്. 1959-ല്‍ ഹൈക്കോടതി ജഡ്ജിയായി. 1932-ല്‍ തിരുവിതാംകൂര്‍ നിയമസഭാംഗം. പി.ഗോവിന്ദപ്പിളള: മലയാളത്തിലെ ആദ്യത്തെ ഭാഷാ ചരിത്രകാരന്. ശ്രീകണ്ഠേശ്വരത്ത് കുളവറവിളാകത്ത് വീട്ടില്‍ പുന്നപുരത്തു കവണാശ്ശേരി വീട്ടില്‍ 1849-ല്‍ ജനിച്ചു. 1873-ല്‍ ബി.എ ബിരുദം നേടി. ചാല സ്കൂളില്‍ പ്രഥമാധ്യാപകനായി ജോലി നോക്കി. ആയില്യം തിരുനാള്‍ മഹാരാജാവ് ഇദ്ദേഹത്തെ 1863-ല്‍ കൊട്ടാരം സമ്പ്രതിയായി നിയമിച്ചു. തുടര്‍ന്ന് സര്വാധിക്കാര്യക്കാരനായി ഉയര്‍ന്നു. 1878-ല്‍ അഗസ്തീശ്വരത്തെ വേമ്പന്നൂര്‍ ഭാഗത്തുളള പുതുവീട്ടിലേക്ക് ദത്തെടുക്കപ്പെട്ടു. അക്കാലത്ത് തന്നെ ഗോവിന്ദപിളള ഉദ്യോഗം രാജിവെച്ച് തിരുവനന്തപുരത്ത് വക്കീലായി. നെയ്യാറ്റിന്‍കര താലൂക്കിലെ വിളപ്പില്‍ മുല്ലൂര്വീട്ടിലെ പാര്‍വതിയമ്മയാണ് ഭാര്യ. ആയില്യം തിരുനാളിന്റെ ജീവ ചരിത്രം, ഗ്രീക്ക് ചരിത്രം തുടങ്ങി നിരവധി കൃതികള്‍ രചിച്ചു. കൂടാതെ തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘വിദ്യവിലാസിനി’ എന്ന മാസികയുടെ പ്രവര്‍ത്തനത്തിലും ഗോവിന്ദപ്പിളള സഹകരിച്ചു. 1897 ഫെബ്രുവരി 13 ന് അന്തരിച്ചു. മളളൂര്‍ ഗോവിന്ദപ്പിളള: പ്രശസ്തനായ അഭിഭാഷകനും നിയമജ്ഞനുമായ മളളൂര്‍ 1878-ല്‍ കോട്ടയത്ത് ജനിച്ചു. അഭിഭാഷകനാകുന്നതിനു മുമ്പ് ഗുമസ്തന്, അദ്ധ്യാപകന് എന്നീ ജോലികള്‍ നോക്കി. 1920-ല്‍ ലോ കോളേജില്‍ പാര്‍ട്ട് ടൈം പ്രൊഫസറായി. 1913-ല്‍ പ്രിന്‍സിപ്പലും. സാഹിത്യകലാദികളില്‍ തല്പരനായിരുന്ന മളളൂര്‍ ക്രിമിനല്‍ വക്കീലെന്ന നിലയില്‍ ഖ്യാതി നേടി. ശ്രീമൂലം പ്രജാസഭയില്‍ പല തവണ പ്രതിനിധിയായി. 1934-ല്‍ പബ്ലിക്ക് ലൈബ്രറി റഗുലേഷന് തയ്യാറാക്കി. മദ്രാസ് സര്‍വകലാശാലാ സെനറ്റംഗം, കേരള സിന്‍ഡിക്കേറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1957-ല്‍ കോട്ടയത്തു നടന്ന സമസ്ത കേരള സാഹിത്യ പരിഷത്ത് വാര്‍ഷികത്തോടനുബന്ധിച്ചുളള ഭാരതീയ സാഹിത്യ സമ്മേളനത്തിന്റെ അദ്ധ്യക്ഷനായിരുന്നു. 69 ജൂണ്‍ 20 ന് തിരുവനന്തപുരത്ത് നിര്യാതനായി. ശ്രീകണ്ഠേശ്വരം ജി.പത്മനാഭ പിളള: ശബ്ദതാരാവലി നിഘണ്ടുവിന്റെ രചയിതാവ്. തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്ത് ജനനം. ഒന്നാമത്തെ മലയാള സാഹിത്യ ചരിത്രകാരനായ സര്‍വാധികാര്യക്കാര്‍ പി.ഗോവിന്ദപിളളയുടെ അനന്തിരവന്. ഇംഗ്ലീഷും, സംസ്കൃതവും, തമിഴും, ആയുര്‍വേദവും പഠിച്ചു. ഓട്ടം തുളളല്‍, കഥകളി എന്നിവയില്‍ ബാല്യത്തില്‍ തന്നെ വലിയ കമ്പമുണ്ടായിരുന്നു. 32-ാം വയസ്സില്‍ ശബ്ദതാരാവലിയുടെ രചന ആരംഭിച്ചു. 20 വര്‍ഷത്തെ പരിശ്രമം കൊണ്ട് പൂര്‍ത്തിയാക്കി. പില്ക്കാലത്ത് അനേകം പതിപ്പുകള്‍ പ്രസിദ്ധീകരിച്ചു. 1600 പേജുകളുള്ള ശബ്ദതാരാവലി പത്മനാഭപിള്ളയെ ചിരസ്മരണീയനാക്കി. പി.സുബ്രഹ്മണ്യം: ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ പി.സുബ്രഹ്മണ്യം 1910 ജനുവരിയില്‍ നാഗര്‍കോവിലില്‍ ജനിച്ചു. 1951-ല്‍ തിരുവനന്തപുരത്ത് ഉദ്യോഗസ്ഥനായി എത്തിയ അദ്ദേഹം പിന്നീട് ജോലി രാജി വച്ച് വ്യവസായിയായി. 1930-ല്‍ ന്യൂ തീയേറ്റര്‍, 38-ല്‍ ശ്രീ പത്മനാഭ, 41-ല്‍ പേട്ട കാര്‍ത്തികേയ, 47-ല്‍ ശ്രീകുമാര്‍ എന്നീ തീയേറ്ററുകള്‍ തിരുവനന്തപുരത്ത് സ്ഥാപിച്ചു. വിവിധ ഭാഷകളിലായി 45 ലധികം ചിത്രങ്ങളും 12 ഹ്രസ്വചിത്രങ്ങളും നിര്‍മ്മിച്ചു. 1969-ല്‍ കളറില്‍ നിര്‍മ്മിച്ച ‘കുമാരസംഭവ ത്തിന് ആദ്യത്തെ സംസ്ഥാന അവാര്‍ഡും 1975-ല്‍ ‘സ്വാമി അയ്യപ്പന്’ചിത്രത്തിന് ജനപ്രീതിക്കും കലാമേന്മയ്ക്കുമുളള അവാര്‍ഡും ലഭിച്ചു. 1978 ഒക്ടോബര്‍ 4 ന് അന്തരിച്ചു. കലാനിലയം കൃഷ്ണന് നായര്‍: പാങ്ങോട് ഭജനമഠത്തില്‍ 1917 ജൂണ്‍ 26 ന് ജനനം. 10-ാം വയസ്സില്‍ പ്രിപ്പറേറ്ററി ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നാടകരംഗത്ത് കാലുകുത്തി. ആദ്യ നാടകം - മാര്‍ത്താണ്ഡവര്‍മ. മകന്റെ നാടക വാസന മനസ്സിലാക്കി അച്ഛന് പാച്ചുപിളള ‘ആനന്ദോദയ സംഗീതനടനസഭ’ എന്ന നാടക സമിതി രൂപീകരിച്ചു. 1933-49 വരെ കലാനിലയം പരീക്ഷണങ്ങളെ നേരിട്ടു. 1951-ല്‍ നാടക വേദിയാക്കാനുമാരംഭിച്ചു. വി.മാധവന് നായര്‍ (മാലി)
1915-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. സദസ്യതിലകന്‍ ടി.കെ.വേലുപ്പിളളയുടെ മകന്. ശ്രദ്ധേയനായ ബാലസാഹിത്യകാരന്‍. മാതൃഭൂമി ആഴ്ചപതിപ്പില്‍ മാവേലി എന്ന തൂലികാനാമത്തില്‍ എഴുതി. 1970-ല്‍ സാഹിത്യ അക്കാദമി എന്‍ഡോവ്മെന്റ് അവാര്‍ഡും 1988-ല്‍ കൈരളി ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ് അവാര്‍ഡും ലഭിച്ചു. അമ്പതിലധികം കൃതികള്‍ രചിച്ചു. മാലിരാമായണം, മാലിഭാരതം, മാലിഭാഗവതം എന്നിവ പ്രശസ്തകൃതികള്‍. പുരാണകഥാമാലിക’കുട്ടികള്‍ക്കായി രചിച്ചു. എന്‍.ചന്ദ്രശേഖരന് നായര്‍: പോലീസ് മേധാവിയും എഴുത്തുകാരനുമായ ഇദ്ദേഹം 1902 ഡിസംബര്‍ 28 ന് നെയ്യാറ്റിന്‍കരയില്‍ ജനിച്ചു. നിയമബിരുദധാരിയായ ശേഷം പോലീസില്‍ സബ് ഇന്‍സ്പെക്ടറായി. 1957-ല്‍ ഐ ജി യായി വിരമിച്ചു. ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം ഇദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ചതാണ്. ‘ഐ ജി സ്മരണകള്‍ ആണ് പ്രധാന കൃതി. ജഗതി എന്‍.കൃഷ്ണനാചാരി മലയാള നാടകകൃത്തും തിരക്കഥാ രചയിതാവുമായ ജഗതി എന്‍.കെ.ആചാരി 1924-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. എറണാകുളം ലോ കോളേജില്‍ നിന്ന് 1950-ല്‍ നിയമബിരുദം നേടി. കൊട്ടാരം സര്‍വ്വീസില്‍ കുറച്ചുകാലം സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ആകാശവാണിയില്‍ ആര്‍ട്ടിസ്റ്റായി. ഹാസ്യനാടകങ്ങള്‍ പ്രത്യേക മേഖല, കറക്കുകമ്പനി, ഏടാകൂടം, പൊടിക്കൈ, ലഹരി എന്നിവ പ്രശസ്ത ഹാസ്യനാടകങ്ങള്‍. കലാനിലയം സ്ഥിരം തീയറ്ററിനു വേണ്ടി രചിച്ച കടമറ്റത്തു കത്തനാര്, കായംകുളം കൊച്ചുണ്ണി തുടങ്ങിയ നാടകങ്ങള്‍ വമ്പിച്ച ശ്രദ്ധ നേടി. സത്യന്: 1912-ല്‍ നെയ്യാറ്റിന്‍കരയില്‍ ജനിച്ചു. സത്യന് നാടാര്‍ എന്നാണ് പൂര്‍ണമായ പേര്. തിരുവിതാംകൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടറായിരിക്കെ പ്രശസ്ത നടന് തിക്കുറിശ്ശിയോടൊപ്പം അമച്വര്‍ നാടകങ്ങളില്‍ സജീവമായി. 1952-ല്‍ റിലീസായ പി.സുബ്രമണ്യത്തിന്റെ ‘ആത്മസഖിയാണ് പുറത്തു വന്ന ആദ്യ ചിത്രം. 1969-ല്‍ ‘കടല്‍പ്പാലത്തിലെ അഭിനയത്തിന് മികച്ച നടനുളള സംസ്ഥാന അവാര്‍ഡ്. 19 വര്‍ഷത്തിനിടയില്‍ 151 ചിത്രങ്ങളില്‍ അഭിനയിച്ച് കരുത്തനായ നടന് എന്ന ഖ്യാതി നേടി. 1971-ല്‍ രക്താര്‍ബുദം ബാധിച്ച് മരിച്ചു. പ്രേംനസീര്‍: മലയാള ചലച്ചിത്ര നടന്. ശരിയായ പേര് അബ്ദുള്‍ ഖാദര്‍. 1929 മാര്‍ച്ച് 24 ന് ചിറയിന്‍കീഴില്‍ ജനനം. 1989 ജനുവരി 16 ന് മദ്രാസില്‍ നിര്യാതനായി. ഷേക്സ്പിയര് കഥാപാത്രങ്ങളെ നാടകരംഗത്ത് അവതരിപ്പിച്ചു കൊണ്ടായിരുന്നു അഭിനയത്തിന്റെ തുടക്കം. ‘മരുമകള്‍’ ആദ്യ ചലച്ചിത്രം. മൂന്നു തലമുറകളിലായി നിരവധി നായികമാരോടൊപ്പം നായകവേഷം കെട്ടി ആഗോള റെക്കാര്‍ഡ് സൃഷ്ടിച്ച നസീര്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡില്‍ സ്ഥാനം പിടിച്ചു. 1951 മുതല്‍ മരിക്കുന്നതു വരെ 600-ല്‍ പരം ചിത്രങ്ങളിലാണ് ഇദ്ദേഹം അഭിനയിച്ചിട്ടുളളത്. മലയാള ചരിത്രത്തിലെ കാല്പനിക നായക സങ്കല്പത്തിന് പൂര്‍ണത നല്കി. 1983-ല്‍ പത്മഭൂഷണ്‍ ബഹുമതി ലഭിച്ചു. ‘എന്റെ ജീവതം’ എന്നൊരു പുസ്തകവും നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. 1985-ല്‍ നാഷണല്‍ അവാര്‍ഡ് കമ്മറ്റി ചെയര്‍മാനായി. 1989-ല്‍ അന്തരിച്ചു. കരമന ജനാര്ദ്ദനന് നായര്‍: മലയാള ചലച്ചിത്ര നടന്. സി.എന്‍.രാമസ്വാമി അയ്യരുടേയും കരമന വീട്ടില്‍ ഭാര്‍ഗവിയമ്മയുടേയും മകനായി 1937-ല്‍ തിരുവനന്തപുരത്ത് ജനനം. ദില്ലി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയം പഠിച്ച ശേഷം ഭദ്രപീഠം എന്ന പേരില്‍ അരീന നാടകം ചെയ്തു. 1965-ല്‍ അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത മിത്ത് എന്ന ലഘു ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് പ്രവേശിച്ചു. 1981-ല്‍ അടൂര്‍ സംവിധാനം ചെയ്ത എലിപ്പത്തായം എന്ന ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച കരമനയുടെ അഭിനയപാടവം ലോകശ്രദ്ധ പിടിച്ചുപറ്റി.