1863-ല്‍ സര് ടി.മാധവറാവു ദിവാനായിരുന്ന കാലത്ത്, ബാര്‍ട്ടണ്‍ സായിപ്പ് ചീഫ് എഞ്ചിനീയറായി ചുമതലയേറ്റെടുത്തതോടെയാണ് സര്‍ക്കാര്‍ മന്ദിരങ്ങളുടെ നിര്‍മ്മാണ പ്രക്രിയകളുമായി ബന്ധപ്പെടുന്ന ശാസ്ത്രീയജ്ഞാനം ആവശ്യമുളള പ്രവര്‍ത്തനങ്ങള്‍ ഈ വകുപ്പ് ഏറ്റെടുത്തത്. ഒരു സൂപ്രണ്ടിന്റെ നിയന്ത്രണത്തില്‍ തെക്കന്‍ തിരുവിതാംകൂറില്‍ ജലസേചന പ്രവര്‍ത്തനങ്ങള്‍ക്കായി സ്വാതി തിരുനാള്‍ ഒരു വകുപ്പിനു രൂപം കൊടുത്തു. യൂറോപ്യന്‍ രീതിയിലുളള ഒരു എഞ്ചിനീയറിംഗ് മേഖല ഏര്‍പ്പെടുത്താനും അതിന്റെ മേല്‍നോട്ടത്തിനായി ലഫ്റ്റനന്റ് കോഴ്സിലിയെ എഞ്ചിനീയറായി നിയമിക്കുകയും ചെയ്തു. അന്നു നിര്‍മ്മിച്ച പ്രധാനപ്പെട്ട ഒരു പാലമാണ് കരമനപ്പാലം. ഉത്രം തിരുനാള്‍ മഹാരാജാവിന്റെ കാലത്തും കൊ. വ. (1022-1036) മരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ വമ്പിച്ച പുരോഗതി ഉണ്ടായി. മിസ്റ്റര്‍ കോളിന്‍സ് ആദ്യത്തെ സിവില്‍ എഞ്ചിനീയറായി. കോളിന്‍സിന്റെ നിയന്ത്രണത്തില്‍ സര്‍വ്വേയറും ഡ്രാഫ്റ്റ്മാനുമുള്പ്പെടുന്ന “മരാമത്ത് വകുപ്പ് രൂപമെടുത്തു. 1082 ല്‍ തിരുവനന്തപുരത്തെ ഓടകളുടെ സംരക്ഷണം പി.ഡബ്ല്യൂ.ഡി യില്‍ നിന്ന് പട്ടണ പരിഷ്കാര കമ്മറ്റിക്ക് കൈമാറി. അതിനായി നിയമം കൊണ്ടുവന്നു.
തിരുവിതാംകൂറില്‍ ആദ്യമായി എഞ്ചിനീയറിംഗ് മരാമത്ത് വകുപ്പുകള്‍ക്ക് രൂപം കൊടുത്തത് 1835 ല്‍ സ്വാതി തിരുനാളിന്റെ കാലത്താണ്. ഹജൂര്‍ കച്ചേരിയുടെ നിയന്ത്രണത്തില്‍ കോട്ടയ്ക്കകത്ത് പ്രവര്‍ത്തിച്ചിരുന്ന പണിവക മരാമത്ത് വകുപ്പാണ് അക്കാലത്ത് കൊട്ടാരം ജോലികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ക്ഷേത്രം, ഊട്ടുപുര, വില്ലേജ് റോഡ്, ജലസേചനത്തിനുളള കുളങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്.